” പിറന്നാൾ ദിനം പ്രതിഷേധ ദിനം” .. മോദിയുടെ പിറന്നാൾ ദിനത്തിൽ രാജ്യവ്യാപക പ്രതിഷേധം, ദേശീയ തൊഴിലില്ലായ്മ ദിനം ആചരിച്ച് പ്രതിപക്ഷം

നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമായി. മോദിയുടെ ജന്മദിനം സേവാ സമർപ്പൺ അഭിയാനായി ബി.ജെ.പി ആചരിക്കുമ്പോൾ ദേശീയ തൊഴിലില്ലായ്മ ദിനമായാണ് പ്രതിപക്ഷം ആചരിച്ചത്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും ഇന്ത്യയുടെ ഭാവി മോദി സർക്കാർ തുലച്ചുവെന്നും സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

കൊവിഡ് പ്രതിരോധ വീഴ്ചയിലും പെഗാസസ് വിവാദത്തിലും ഇന്ധന വിലക്കയറ്റത്തിലും താറുമാറായ മുഖച്ഛായ തിരിച്ചു പിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷം ബിജെപി വിപുലമാക്കുമ്പോഴും മോദിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുകയാണ്. മോദിയുടെ ജന്മദിനം സേവ സമർപ്പൺ അഭിയാനായി ബി.ജെ.പി ആചരിക്കുമ്പോൾ പ്രതിഷേധം നടത്തുന്നവർ ദേശീയ തൊഴിലില്ലായ്​മ ദിനമായാണ് ഇന്നത്തെ ദിവസം ആചരിക്കുന്നത്.

ദേശീയ തൊഴിലില്ലായ്​മ ദിനം എന്ന ഹാഷ്​ടാഗ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ലക്ഷകണക്കിന്​ ട്വീറ്റുകളാണ്​ ദേശീയ തൊഴിലില്ലായ്​മ ദിനം എന്ന ഹാഷ്ടാഗിൽ നിറഞ്ഞത്​. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണം ഇന്ത്യയുടെ ഭാവി തുലച്ചെന്നും രാജ്യത്തെ തൊഴിലില്ലായ്മ നിലവിൽ 32%ത്തിന് മുകളിൽ ആണെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. ദേശീയ തൊഴിലില്ലായ്മ ദിനമെന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ് ചെയ്തത്.

അതേ സമയം പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ദേശീയ തൊഴിലില്ലായ്​മ ദിനമായി യൂത്ത്​ കോൺഗ്രസും പ്രതിഷേധം സംഘടിപ്പിച്ചു.തൊഴിലില്ലായ്​മ, കുറഞ്ഞ വളർച്ചാ നിരക്ക്​, ഇന്ധന വില വർധന തുടങ്ങിയവ ഉയർത്തിക്കാട്ടിയാണ്​ പ്രതിഷേധം സംഘടിപ്പിച്ചത്.

മൂന്ന് കാർഷിക നിയമങ്ങൾ ലോക്സഭാ പാസാക്കിയതിൻ്റെ ഒന്നാം വാർഷിക ദിനവുമായ ഇന്ന് ശിരോമണി അകാലിദൾ പ്രവർത്തകർ പാർലമെൻറിലേക്ക് മാർച്ച് നടത്തി. നിരവധി നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. രാജ്യവ്യാപകമായി നരേന്ദ്ര മോദിക്കെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് അരങ്ങേറുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News