ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളെ റെസ്റ്റോറൻ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി; ജനുവരി ഒന്നു മുതൽ 5% ജിഎസ്ടി

സർക്കാരിന് കൂടുതൽ നികുതി സമാഹരണത്തിന് നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ച് നാൽപ്പത്തി അഞ്ചാമത് ജിഎസ്ടി കൗൺസിൽ യോഗം അവസാനിച്ചു. പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കം സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. കൊവിഡ് പ്രതിരോധ മരുന്നുകൾക്ക് നൽകുന്ന ഇളവ് ഈ വർഷം അവസാനം വരെ തുടരാൻ തീരുമാനിച്ച കൗൺസിൽ യോഗം, അടുത്ത വർഷം ആദ്യം മുതൽ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികൾക്ക് ജിഎസ്ടി ചുമത്താനും തീരുമാനിച്ചു.

കൊവിഡ് ആരംഭിച്ച ശേഷം മുഴുവൻ അംഗങ്ങളും പങ്കെടുക്കുന്ന ആദ്യ ജിഎസ്ടി കൗൺസിൽ യോഗത്തിനാണ് ഉത്തർപ്രദേശിലെ ലക്നൗ വേദിയായത്. കേന്ദ്ര സർക്കാരിൻ്റെ അനാസ്ഥ കൊണ്ട് കുതിച്ച് ഉയർന്ന ഇന്ധന വിലവർധനവിൻ്റെ ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്ക് മുകളിൽ ചാരാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പടെ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി കേന്ദ്ര സർക്കാരിൻ്റെ ഈ നീക്കത്തെ എതിർത്തു.

ജനഹിതത്തിന് എതിരും സംസ്ഥാനങ്ങളുടെ വരുമാനത്തിൻ്റെ നട്ടെല്ല് ഒടിക്കുന്നതുമായ ഈ നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാര്‍ പിന്മാറണം എന്നാവശ്യപ്പെട്ട സംസ്ഥാനങ്ങൾ ഇക്കാര്യം ചർച്ച ചെയ്യാൻ ഇതല്ല ശരിയായ സമയമെന്നും കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ചു. ഇതോടെ വിഷയം പിന്നീട് ചർച്ച ചെയ്യാമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയായ കൗൺസിൽ യോഗം തീരുമാനിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉൾപ്പടെ വലിയ ചിലവ് വരുന്ന സാഹചര്യത്തിൽ സർക്കാരിലേക്ക് കൂടുതൽ നികുതി സമാഹരിക്കുന്ന തീരുമാനങ്ങൾ ആണ് കേന്ദ്ര സർക്കാര് സ്വീകരിച്ചത്. ഒപ്പം വിദഗ്ധർ വിലയിരുത്തിയത് പോലെ പെട്രോളിയം ഉല്പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉൾപ്പെടുത്താൻ സാധിക്കാത്തത് സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് ആണ് എന്നും കേന്ദ്ര ധനമന്ത്രി ആരോപിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന റെംഡിസീവർ ഉൾപ്പടെയുള്ള മരുന്നുകൾക്ക് നൽകി വരുന്ന ഇളവ് ഡിസംബർ മുപ്പത്തി ഒന്ന് വരെ തുടരാൻ കൗൺസിൽ യോഗത്തിൽ ധാരണയായി. ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ നികുതിയും കുറയും.

അഞ്ച് ശതമാനം ആണ് ഈ മരുന്നുകൾക്ക് നികുതി. അതെ സമയം വെളിച്ചെണ്ണയുടെ നികുതി ഉയർത്താൻ ഉള്ള നീക്കം കേരളത്തിൻ്റെ എതിർപ്പിനെ തുടർന്ന് വിശദമായ പഠനത്തിനായി മാറ്റി വെച്ചു. ഒരു ലിറ്റർ വരെയുള്ള പാക്കറ്റ് വെളിച്ചെണ്ണ ഹെയർ ഓയിൽ ആയി ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഈ അളവിനുള്ളിൽ പുറത്തിറക്കുന്ന പാക്കറ്റ് വെളിച്ചെണ്ണയ്‌ക്ക് 18% ജിഎസ്ടി ചുമത്താൻ ആയിരുന്നു കേന്ദ്ര സർക്കാരിൻ്റെ നീക്കം.

ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളെ അടുത്ത വർഷം ജനുവരി ഒന്നു മുതൽ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനും നാൽപ്പത്തി അഞ്ചാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ ധാരണയായി. ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്ന പല ഹോട്ടലുകളും ജിഎസ്ടി രജിസ്ട്രേഷൻ നടത്താത്തത് മൂലം കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടം സർക്കാരിന് ഉണ്ടാകുന്നുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ആണ് ഈ നീക്കം. ഇരുമ്പ് കോപ്പർ അലൂമിനിയം എന്നീ ലോഹങ്ങൾക്കും നികുതി വർധിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News