കണ്ണൂരിലെ പരാജയത്തിന് കാരണം കെ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ; ലീഗ് മണ്ഡലം കമ്മറ്റികളുടെ റിപ്പോർട്ട്

കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലെ പരാജയത്തിൽ കോൺഗ്രസ്സ് ലീഗ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ലീഗ് മണ്ഡലം കമ്മറ്റികളുടെ റിപ്പോർട്ട്. കെ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളാണ് കണ്ണൂരിലെ പരാജയത്തിന് ഉത്തരവാദികളെന്നാണ് റിപ്പോർട്ടിലെ വിമർശനം. അഴീക്കോട് മണ്ഡലത്തിലെ പരാജയത്തിന് കാരണം ലീഗ് നേതൃത്വത്തിന്റെ പിടിപ്പുകേടെന്നാണ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നത്.

മുസ്ലിം ലീഗ് കണ്ണൂർ,അഴീക്കോട് നിയോജകമണ്ഡലം കമ്മറ്റികളുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് കോൺഗ്രസ് ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉള്ളത്.കണ്ണൂരിലെ തോൽവിക്ക് കെ സുധാകരനും മേയർ ടി ഒ മോഹനനും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയുമാണ് ഉത്തരവാദികൾ എന്നാണ് വിമർശനം. റിജിൽ മാക്കുറ്റി സതീശൻ പാച്ചേനിയെ തോല്പിക്കാനായി പ്രവർത്തിച്ചു എന്ന ഗുരുതര ആരോപണവും കണ്ണൂർ മണ്ഡലം കമ്മറ്റിയുടെ റിപ്പോർട്ടിലുണ്ട്.

പ്രചാരണത്തിൽ കെ സുധാകരൻ സജീവമായില്ലെന്ന് മാത്രമല്ല ഗ്രൂപ്പ് പ്രശ്നം പരിഹരിക്കാനും ഇടപെട്ടില്ല.മേയർ ടി ഒ മോഹനനും പ്രചാരണത്തിൽ നിന്നും വിട്ടു നിന്നു. അഴീക്കോട് മണ്ഡലം കമ്മറ്റിയുടെ റിപ്പോർട്ടിൽ ലീഗ് നേതൃത്വത്തിന് എതിരെയും വിമർശനമുണ്ട്. കെ എം ഷാജി മറ്റ്‌ മണ്ഡലങ്ങളിൽ മത്സരിക്കും എന്ന വാർത്തയും ജില്ലയിൽ നിന്നു തന്നെയുള്ള സ്ഥാനാർഥി വേണമെന്ന ജില്ലാ കമ്മറ്റിയുടെ തീരുമാനവും പ്രവർത്തകർക്ക് ആശയക്കുഴപ്പമുണ്ടാക്കി.

ഇത് പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. മേൽ ഘടകങ്ങളിൽ നിന്നും സാമ്പത്തിക പിന്തുണ ലഭിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മറ്റി സമ്പൂർണ പരാജമായിരുന്നുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. മുസ്ലിം ലീഗിലും യു ഡി എഫിലും വലിയ പൊട്ടിത്തെറിക്ക് കാരണമായിരിക്കുകയാണ് മണ്ഡലം കമ്മറ്റികളുടെ റിപ്പോർട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News