നൂറ് ദിന കര്‍മ പരിപാടി; ആവിഷ്‌കരിച്ച ഒമ്പത് പദ്ധതികളും പൂര്‍ണമായി നടപ്പിലാക്കി ആരോഗ്യവകുപ്പ്

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയുടെ ഭാഗമായി ആവിഷ്‌കരിച്ച ഒമ്പത് പദ്ധതികളും പൂര്‍ണമായി നടപ്പാക്കി ആരോഗ്യവകുപ്പ്. 213 ആരോഗ്യ സ്ഥാപനങ്ങളില്‍ 56.59 കോടി രൂപയുടെ പദ്ധതികള്‍ കൂടി യാഥാര്‍ത്ഥ്യമായതോടെയാണ് നൂറ് ശതമാനം പദ്ധതി പൂര്‍ത്തീകരണമെന്ന നാഴികക്കല്ല് ആരോഗ്യ വകുപ്പ് പിന്നിട്ടത്.

മഹാമാരി കാലത്ത് ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിട്ടത് ആരോഗ്യവകുപ്പാണ്. എന്നാല്‍ കൃത്യമായി ജനങ്ങളിലെക്ക് ഇറങ്ങിചെന്ന് അവരുടെ ആവശ്യങ്ങളില്‍ ഇടപെട്ട് മുന്നോട്ട് പോകാന്‍ സാധിച്ചു എന്നതാണ് ഈ 100 ദിനങ്ങള്‍ കാട്ടി തരുന്നത്. ജൂണ്‍ 11ന് ആരംഭിച്ച് സെപ്തംബര്‍ 19ന് അവസാനിക്കുന്നതാണ് നൂറുദിന കര്‍മ പരിപാടി.

158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമായത് ആരോഗ്യമേഖലയ്ക്ക് വലിയ നേട്ടമായി. ഒപ്പം 5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികളും യാഥാര്‍ത്ഥ്യമായി. ജൂലൈ മാസത്തില്‍ സബ് സെന്റര്‍ മുതലുള്ള 50 ആരോഗ്യ സ്ഥാപനങ്ങളുടെ 25 കോടി രൂപയുടെ പദ്ധതികളും പൂര്‍ത്തിയാക്കി.

പൂര്‍ത്തിയായ മറ്റ് പദ്ധതികള്‍ ഇവയാണ്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കോട്ടയം, കോഴിക്കോട്, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ എച്ച്‌ഐവി/എയ്ഡ്‌സ് ബാധിതര്‍ക്കായി കെയര്‍ സപ്പോര്‍ട്ട് സെന്റര്‍ ആരംഭിച്ചു. ആഗസ്ത് ഒന്നിന് പൂര്‍ത്തിയായി. എറണാകുളം, ഇടുക്കി, മഞ്ചേരി, പരിയാരം മെഡിക്കല്‍ കോളേജുകളിലും മാനന്തവാടി ജില്ലാ ആശുപത്രിയിലും കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആന്റി റിട്രോവൈറല്‍ തെറാപ്പി കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. അതും ആഗസ്ത് ഒന്നിന് പൂര്‍ത്തിയായി.

ഔഷധസസ്യങ്ങള്‍ക്കായി രണ്ട് വിത്ത് കേന്ദ്രങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഫോറസ്ട്രി കോളേജ് തൃശൂരിലും കേരള സര്‍വകലാശാലയുടെ ബോട്ടണി വിഭാഗത്തിലും ആരംഭിച്ചു. ഇതുവഴി സൃഷ്ടിച്ചത് 1000 തൊഴിലവസരങ്ങള്‍. ജൂലൈ 22ന് പൂര്‍ത്തിയായി.
ഔഷധസസ്യങ്ങള്‍ക്കായി മൂന്ന് മോഡല്‍ നഴ്‌സറികള്‍ കണ്ണൂര്‍, പീച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ആരംഭിച്ചു. സൃഷിടിച്ചത് 1500 തൊഴിലവസരങ്ങള്‍… പൂര്‍ത്തിയായത് ജൂലൈ 17ന്.

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റ് സ്ഥാപിച്ചു. ആഗസ്ത് 23ന് പൂര്‍ത്തിയായി. കോട്ടയം ജില്ലയിലെ പൈകയില്‍ 19.93 കോടി രൂപയുടെ ചെലവില്‍ നിര്‍മ്മിച്ച കമ്മ്യൂണിറ്റി ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം സെപ്തംബര്‍ ഒമ്പതിന് ആരംഭിച്ചു. കോന്നിയില്‍ ഡ്രഗ്ഗ് ടെസ്റ്റിങ് ലബോറട്ടിറി. സെപ്തംബര്‍ ഒമ്പതിന് പദ്ധതി പൂര്‍ത്തിയായി. ഗുണമേന്‍മയുള്ള ഔഷധ സസ്യ തൈകളുടെ ഉല്‍പാദനവും വിതരണവും സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചു.

ഇതുവഴി 1000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇത് ജൂലൈ 15ന് പൂര്‍ത്തിയായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 110 കിടക്കകളോട് കൂടിയ ഐസിയു സംവിധാനം സജ്ജമാക്കി. പൂര്‍ത്തിയായത് സെപ്തംബര്‍ ഒമ്പതിനാണ്. നൂറു ശതമാനം മികവില്‍ നൂറു ദിനം പൂര്‍ത്തിയാക്കി കൂടുതല്‍ തുടര്‍ പദ്ധതികളിലേക്ക് കൂടി കടന്ന് ജനസ്പന്ദനം അറിഞ്ഞ് മുന്നേറുകയാണ് ആരോഗ്യവകുപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News