ബത്തേരി സഹകരണ ബാങ്ക് അഴിമതി; ഡി സി സി പ്രസിഡന്റിനെതിരെ ഗുരുതര ആരോപണം

വയനാട്‌ ബത്തേരി സഹകരണ ബാങ്കുകളിലെ അഴിമതിയിൽ ഡി സി സി പ്രസിഡന്റിനെതിരെ ഗുരുതര ആരോപണം. ഡി സി സി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലാണ്‌ എൻ ഡി അപ്പച്ചനെതിരെയും പരാതി ലഭിച്ചുവെന്ന് പരാമർശമുള്ളത്‌.ഗുരുതര അഴിമതിയാരോപണങ്ങളുയർന്നതോടെയായിരുന്നു ഡി സി സി മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്‌.

ആഗസ്റ്റിൽ സമർപ്പിച്ച അന്വേഷണ സമിതി റിപ്പോർട്ട്‌ യു ഡി എഫ്‌ ഭരിക്കുന്ന ബാങ്കുകളിലെ വൻ തട്ടിപ്പ്‌ സ്ഥിരീകരിക്കുന്നതാണ്‌. നിയമനങ്ങളിൽ അടിമുടി അഴിമതി നടന്നുവെന്ന് റിപ്പോർട്ട്‌ പറയുന്നു. കെ പി സി സി അംഗങ്ങളുൾപ്പെടെ അഴിമതിയിൽ പങ്കാളികളായെന്ന് റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു.

ഡി സി സി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചന്റെ പേരു പരാമർശിച്ച്‌ സമിതിക്ക്‌ പരാതി ലഭിച്ചുവെന്ന് റിപ്പോർട്ടിലുണ്ട്‌. ഡി സി സി സെക്രട്ടറി കെ ഇ വിനയൻ ചെയർമാനായ മൂന്നംഗ സമിതിയാണ്‌ ഗുരുതര ആരോപണങ്ങൾ ശരിവെക്കുന്ന റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. എന്നാൽ ആരോപണ വിധേയരായ മറ്റ്‌ പ്രമുഖ നേതാക്കളുടെ പേരുകൾ ഒഴിവാക്കിയതായും ആക്ഷേപമുണ്ട്‌.

ബത്തേരി അർബൻ ബാങ്കിൽ മാത്രം ആറ്‌ ഒഴിവുകളിൽ, ഇരുപത്‌ പേരിൽ നിന്ന് പണം പിരിച്ചതായി സമിതി കണ്ടെത്തി. 22 പേരുടെ പരാതികളാണ്‌ സമിതിക്ക്‌ മുൻപാകെ എത്തിയത്‌. 20 ലക്ഷം രൂപ എൻ ഡി അപ്പച്ചനുവേണ്ടി ഐസക്ക്‌ എന്നയാൾ ആവശ്യപ്പെട്ടുവെന്നുള്ള പരാതിയും സമിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

സീനിയർ നേതാക്കന്മാരെക്കുറിച്ചുള്ള പരാമർശങ്ങളിൽ സമിതി അഭിപ്രായം പറയുന്നില്ലെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടിൽ പാർട്ടിയുടെ പ്രതിശ്ചായ മെച്ചപ്പെടുത്താൻ സത്വരനടപടികൾ ആവശ്യപ്പെടുകയും ചെയ്യുന്നു.

കെപിസിസിക്കും വയനാട്‌ ജില്ലാകോൺഗ്രസ്‌ കമ്മറ്റിക്കും റിപ്പോർട്ട്‌ കൈമാറിയിട്ടുണ്ട്‌. അതേ സമയം അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്ന എൻ ഡി അപ്പച്ചൻ നിലവിൽ ഡി സി സി പ്രസിഡന്റാണ്‌.സമിതി റിപ്പോർട്ടിൽ കർശന നടപടി ആവശ്യപ്പെട്ട്‌ ഒരുവിഭാഗം രംഗത്തെത്തിയിട്ടുമുണ്ട്‌. സഹകരണ അഴിമതിയിൽ വൻ ഭിന്നതയുണ്ടായ കോൺഗ്രസിൽ റിപ്പോർട്ട്‌ പുറത്തുവന്നതോടെ കലാപം പുകയുകയാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News