250 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് രൂപീകരിക്കും, ലക്ഷ്യം സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക : മുഖ്യമന്ത്രി

സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 250 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കളമശ്ശേരിയിൽ ആരംഭിച്ച ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഡിജിറ്റൽ ഹബ്ബിൻ്റെ ഉദ്ഘാടനം  നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. അടുത്ത 5 വർഷം കൊണ്ട് പതിനയ്യായിരം സ്റ്റാർട്ടപ്പുകൾ ആരംഭിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ഫലപ്രാപ്തിയിലേക്ക് എത്തുന്നതിന്‍റെ ചില സൂചനകള്‍ നമുക്കു കാണാമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അഞ്ചുവര്‍ഷം മുമ്പ് 300 സ്റ്റാര്‍ട്ട് അപ്പുകളാണ് കേരളത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അവയുടെ എണ്ണം 3,900 ആണ്. 35,000 പേര്‍ക്ക് എങ്കിലും ഇതുവഴി അധികമായി തൊഴില്‍ ലഭ്യമായിട്ടുണ്ട്.

 അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 15,000 സ്റ്റാര്‍ട്ട് അപ്പുകള്‍ എന്ന ലക്ഷ്യത്തിലേക്കാണ് കേരളം നീങ്ങുന്നത്. ഇതിനായി കേന്ദ്രീകൃതമായ ഒരു സ്റ്റാര്‍ട്ട് അപ്പ് പാര്‍ക്ക് സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. എന്നുമാത്രമല്ല, സംസ്ഥാനത്തെമ്പാടും ഇന്നോവേഷന്‍ ടെക്നോളജി ലാബുകളും ഇങ്കുബേറ്ററുകളും സ്ഥാപിക്കുകയും ചെയ്യും.

സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള ബാങ്ക്, കെ എസ് ഐ ഡി സി, കെ എഫ് സി, കെ എഫ് എസ് ഇ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി 250 കോടി രൂപയുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് രൂപീകരിക്കുന്ന ആശയം മുന്നോട്ടുവെച്ചിട്ടുണ്ട്. ഏതെങ്കിലും സ്റ്റാര്‍ട്ട് അപ്പുകള്‍ പുറത്തുനിന്ന് നിക്ഷേപം ആകര്‍ഷിക്കുകയാണെങ്കില്‍ ഈ ഫണ്ടില്‍ നിന്ന് മാച്ചിംഗ് നിക്ഷേപം നടത്തും.

 അതുപോലെ തന്നെ, മറ്റു മേഖലകളില്‍ സര്‍ക്കാരിന്‍റെ വികസന ലക്ഷ്യങ്ങള്‍ക്ക് സഹായമാകുന്ന സ്റ്റാര്‍ട്ട് അപ്പുകളുടെ വിപുലീകരണത്തിനായി ഒരു കോടി രൂപവരെ ഈടില്ലാത്ത വായ്പ ലഭ്യമാക്കുകയും ചെയ്യും. സ്റ്റാര്‍ട്ട് അപ്പുകളെ അന്തര്‍ദേശീയ വ്യവസായ വാണിജ്യ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കുകയും അതിനായി സ്റ്റാര്‍ട്ട് അപ്പ് മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ അന്തര്‍ദേശീയതലത്തിലേക്ക് വിപുലപ്പെടുത്തുകയും ചെയ്യും.

 കേരള ടെക്നോളജി ഇന്നവേഷൻ സോണിലെ ഡിജിറ്റൽ ഹബ്ബിൻ്റെ ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി  നിർവഹിച്ചു. ചടങ്ങിൽ വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ് സംരംഭത്തിനാണ് കളമശ്ശേരിയിൽ തുടക്കം കുറിച്ചിരിക്കുന്നതെന്ന് പി. രാജീവ് പറഞ്ഞു. കോവിഡ് ഘട്ടത്തിൽ സർക്കാർ ഈ മേഖലയ്ക്ക് നൽകിയ പിന്തുണ ഏറെ ശ്രദ്ധേയമായിരുന്നു. നിരവധി സംരംഭങ്ങളുമായി പുതിയ സർക്കാർ ധാരണാപത്രം ഒപ്പിട്ടു. സെമി കണ്ടക്ടർ രംഗത്തും വൻ മുന്നേറ്റമാണുണ്ടാകാൻ പോകുന്നതെന്ന് മന്ത്രി പറഞ്ഞു

ഹൈബി ഈഡൻ എം.പി, ചീഫ് സെക്രട്ടറി വി.പി. ജോയ്,  ഇലക്ട്രോണിക്സ് ആൻഡ് ഐ ടി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ , ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാല കൃഷ്ണൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ജോൺ എം  തോമസ്  തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News