കണ്ണൂരിൽ ലീഗ് ഓഫീസിൽ സംഘർഷം; നേതാക്കളെ ബന്ദിയാക്കി ഒരു സംഘം ലീഗ് പ്രവർത്തകർ

മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘർഷം.ജില്ലാ നേതാക്കളെ ഒരു സംഘം ലീഗ് പ്രവർത്തകർ ബന്ദികളാക്കി.വിജിലൻസ് കേസിൽപെട്ട നേതാക്കൾ ഭാരവാഹി സ്ഥാനങ്ങൾ ഒഴിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധിച്ചത്.

ജില്ലാ ഭാരവാഹികളുടെയും മണ്ഡലം കമ്മറ്റി ഭാരവാഹികളുടെയും യോഗം നടക്കുന്ന ഹാളിലേക്ക് ഇരച്ചു കയറിയാണ് അൻപതോളം യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചത്.ഇരു വിഭാഗങ്ങൾ തമ്മിലുള്ള വാക്പോര് സംഘർഷത്തിൽ കലാശിച്ചു. ഹാൾ അകത്ത് നിന്നും പൂട്ടി ജില്ലാ നേതാക്കളെ  ബന്ദികളാക്കി.വിജിലൻസ് കേസിൽപ്പെട്ട ജില്ലാ നേതാക്കൾ ഭാരവാഹിത്വം ഒഴിയണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

കമ്പിൽ എൻ ആർ ഐ റിലീഫ് കോ  ഓപ്പറേറ്റീവ് സൊസെറ്റി ക്രമക്കേടിൽ വിജിലൻസ് കേസെടുത്ത ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി രാജിവയ്ക്കണം എന്നായിരുന്നു പ്രധാന ആവശ്യം.ഗ്രൂപ്പ് പോരിനെ തുടർന്ന് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി മരവിപ്പിച്ചത് റദ്ദാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.ആവശ്യങ്ങൾ അംഗീകരിക്കാതെ നേതാക്കളെ പുറത്ത് വിടില്ലെന്ന് ഇവർ വ്യക്തമാക്കി. സംഘർഷത്തിൽ യോഗം അലങ്കോലപ്പെട്ടു.

മലപ്പുറത്ത് നിന്നും എത്തിയ സംസ്ഥാന നേതാവ് എം ഉമ്മർ യോഗത്തിൽ പങ്കെടുക്കാതെ മടങ്ങി.ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ജില്ലാ പ്രസിഡന്റ് എഴുതി നൽകിയതിന് ശേഷമാണ് തടഞ്ഞു വച്ച നേതാക്കളെ മോചിപ്പിച്ചത്.ഏറെ നാളായി കണ്ണൂർ ജില്ലയിലെ മുസ്ലിം ലീഗിൽ നിലനിൽക്കുന്ന ആഭ്യന്തര കലഹമാണ് പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News