ജി.എസ്.ടി നഷ്ടപരിഹാരം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്

ജി.എസ്.ടി നഷ്ടപരിഹാരം നിയമം ദീർഘിപ്പിക്കണം എന്ന ആവശ്യത്തോട് കേന്ദ്രസർക്കാർ മുഖംതിരിച്ചിരിക്കുകയാണെന്ന് മുൻ ധനമന്ത്രി ഡോ ടി എം തോമസ് ഐസക്. ജി.എസ്.ടി കൗൺസിലിൽ പുതിയ തീരുമാനമെടുക്കാൻ 75 ശതമാനം വോട്ടിന്റെ പിന്തുണ വേണം.

33 ശതമാനം വോട്ട് കേന്ദ്രസർക്കാരിന്റേതാണ്. അതുകൊണ്ട് എന്തു തീരുമാനമെടുക്കണമെങ്കിലും കേന്ദ്രസർക്കാരിന്റെ സമ്മതവുംകൂടി വേണം. പ്രതിപക്ഷത്തിനു ചെയ്യാൻ കഴിയുന്നത് യോജിച്ചു നിന്നാൽ കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾക്കു തടയിടാം. പക്ഷെ, ഇത്തരമൊരു പൂർണ്ണയോജിപ്പ് ഇന്നേവരെ ഉണ്ടായിട്ടില്ല. ചുരുക്കത്തിൽ നഷ്ടപരിഹാര നിയമം 5 വർഷവുംകൂടി നീട്ടണമെന്ന ആവശ്യം കേന്ദ്രസർക്കാർ വീറ്റോ ചെയ്തിരിക്കുകയാണെന്ന് ഡോ ടി എം തോമസ് ഐസക് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഡോ ടി എം തോമസ് ഐസക്കിൻറെ ഫെയ്സ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം;

ജി.എസ്.ടി നഷ്ടപരിഹാരം നിയമം ദീർഘിപ്പിക്കണം എന്ന ആവശ്യത്തോട് കേന്ദ്രസർക്കാർ മുഖംതിരിച്ചിരിക്കുകയാണ്. ജി.എസ്.ടി കൗൺസിലിൽ പുതിയ തീരുമാനമെടുക്കാൻ 75 ശതമാനം വോട്ടിന്റെ പിന്തുണ വേണം. 33 ശതമാനം വോട്ട് കേന്ദ്രസർക്കാരിന്റേതാണ്. അതുകൊണ്ട് എന്തു തീരുമാനമെടുക്കണമെങ്കിലും കേന്ദ്രസർക്കാരിന്റെ സമ്മതവുംകൂടി വേണം. പ്രതിപക്ഷത്തിനു ചെയ്യാൻ കഴിയുന്നത് യോജിച്ചു നിന്നാൽ കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾക്കു തടയിടാം. പക്ഷെ, ഇത്തരമൊരു പൂർണ്ണയോജിപ്പ് ഇന്നേവരെ ഉണ്ടായിട്ടില്ല. ചുരുക്കത്തിൽ നഷ്ടപരിഹാര നിയമം 5 വർഷവുംകൂടി നീട്ടണമെന്ന ആവശ്യം കേന്ദ്രസർക്കാർ വീറ്റോ ചെയ്തിരിക്കുകയാണ്.

സാമ്പത്തിക യുക്തിവച്ച് ഈ നിലപാട് ശുദ്ധ അസംബന്ധമാണ്. നിലവിലുള്ള നിയമപ്രകാരം സംസ്ഥാനങ്ങൾക്കു 14 ശതമാനമെങ്കിലും ജി.എസ്.ടി പ്രതിവർഷം വർദ്ധിക്കുമെന്ന് ഉറപ്പുനൽകുന്നു. ഇത്തരത്തിൽ വർദ്ധിച്ചില്ലെങ്കിൽ എത്രയാണോ കുറവ് അതു നഷ്ടപരിഹാരമായി ഓരോ സംസ്ഥാനത്തിനും നൽകണം. ഇങ്ങനെ നഷ്ടപരിഹാരം നൽകാൻവേണ്ടി പ്രത്യേക കോമ്പൻസേഷൻ സെസ് എന്ന പേരിൽ പ്രത്യേക നികുതി ഈടാക്കുന്നുണ്ട്. കോവിഡ് വന്നപ്പോൾ നികുതി വരുമാനം കുത്തനെ കുറഞ്ഞു. നഷ്ടപരിഹാരം നൽകേണ്ട തുക വളരെ കൂടി. ഇതിനു സെസ്സ് ഫണ്ടിൽ പണമില്ലായെന്നു പറഞ്ഞു നഷ്ടപരിഹാരം കുടിശികയാക്കിയതാണ് വിവാദങ്ങൾക്ക് ഇടനൽകിയത്.

ശ്രദ്ധിക്കേണ്ടുന്ന കാര്യം നഷ്ടപരിഹാരം നൽകുന്നതു കേന്ദ്രസർക്കാരിന്റെ ഫണ്ടിൽ നിന്നല്ല. ജി.എസ്.ടി കൗൺസിലിന്റെ തീരുമാന പ്രകാരം പാർലമെന്റ് പാസ്സാക്കിയ പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് നഷ്ടപരിഹാരം 5 വർഷംകൂടി നൽകാൻ തീരുമാനിച്ചാൽ കേന്ദ്രസർക്കാരിന് ഒരു നഷ്ടവുമില്ല. പക്ഷെ, പറ്റില്ലായെന്നാണു കേന്ദ്രധനമന്ത്രിയുടെ നിലപാട്.

ഈ ദുശ്ശാഠ്യത്തിന് എന്തെങ്കിലും സാമ്പത്തിക യുക്തിയുണ്ടോ? ചിലർ ധരിച്ചുവച്ചിരിക്കുന്നതു കോമ്പൻസേഷൻ സെസ്സ് കുറച്ചാൽ വിലയിടിയുമെന്നാണ്. ഇത് വലിയൊരു അബദ്ധധാരണയാണ്. സെസ്സ് വരുമാനത്തിന്റെ 80 ശതമാനവും പുകയില ഉൽപ്പന്നങ്ങളുടെമേലുള്ള അധിക നികുതിയിൽ നിന്നാണ്. ഉത് സംബന്ധിച്ച് കേന്ദ്രം എന്തിനു വേവലാതിപ്പെടണം? ബാക്കി 20 ശതമാനം തുക ആഡംബര കാറുകളുടെമേലും അതുപോലുള്ള മറ്റുചില ഉൽപ്പന്നങ്ങളുടെ മേലുമാണ്. യഥാർത്ഥത്തിൽ ജി.എസ്.ടിക്കു മുമ്പ് ഇവയുടെ മേൽ 40 ശതമാനത്തിനു മുകളിൽ നികുതിയുണ്ടായിരുന്നു. അതു നിലനിർത്തിയിരിക്കുന്നുവെന്നു മാത്രം.

അതേസമയം, കോമ്പൻസേഷൻ നിർത്തലാക്കിയാൽ എന്താണു സംഭവിക്കുക? കേന്ദ്രസർക്കാർ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നികുതി നിരക്കുകൾ വെട്ടിക്കുറച്ചതിന്റെ ഫലമായും നികുതി പിരിക്കുന്നതിന് ആവശ്യമായ ഇലക്ട്രോണിക് സംവിധാനങ്ങൾ ഉറപ്പുവരുത്താത്തതിന്റെ ഫലമായും ശരാശരി 10 ശതമാനത്തിൽ താഴെ മാത്രമാണ് നികുതി വരുമാനം വർദ്ധിച്ചത്. കോവിഡ് വന്നപ്പോൾ നികുതി വരുമാനം കേവലമായിത്തന്നെ കുറഞ്ഞു.

ജി.എസ്.ടി നിരക്കുകൾ പുനക്രമീകരിക്കുകയും, പിരിക്കുന്നതിനുള്ള സൗകര്യങ്ങൾ പൂർണ്ണമാക്കുകയും ചെയ്യാതെ കോമ്പൻസേഷൻ നിർത്തലാക്കിയാൽ സംസ്ഥാനങ്ങളുടെ നികുതി വരുമാനം കുത്തനെ കുറയും. ഇതു വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കും. സാമ്പത്തിക വീണ്ടെടുപ്പിന്റെ കാലത്ത് കേന്ദ്രവും സംസ്ഥാനങ്ങളും ചെലവുകൾ വർദ്ധിപ്പിക്കേണ്ട കാലമാണ്. എന്നാൽ സംസ്ഥാനങ്ങൾ ചെലവു ചുരുക്കുന്നതിനു നിർബന്ധിതരായിതീരും. ഇതും വളരെ തെറ്റായ സാമ്പത്തിക നയമാണ്.

യഥാർത്ഥ ചോദ്യം ഇതാണ് – സംസ്ഥാനങ്ങളുടെ ചുമതലയിലുള്ള വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, കൃഷി, ചെറുകിട വ്യവസായം ഇവയുടെയൊക്കെ ചുമതല ഫലപ്രദമായി നിർവ്വഹിക്കാൻ ദേശീയവരുമാനത്തിന്റെ എത്ര ശതമാനം തുക വേണം? ഞാൻ പറയുക 14 ശതമാനമെങ്കിലും വേണമെന്നാണ്. ഇന്നു സംസ്ഥാനങ്ങളുടെ തനതു റവന്യു വരുമാനം 7 ശതമാനമേ വരൂ. കേന്ദ്രത്തിൽ നിന്നും കിട്ടുന്ന റവന്യൂ വരുമാനംകൂടി ചേർത്താൽപ്പോരും 10-11 ശതമാനത്തിന് അപ്പുറം വരില്ല. കേന്ദ്രസർക്കാർ പാസ്സാക്കിയിട്ടുള്ള നിയമംമൂലം റവന്യു ചെലവ് റവന്യു വരുമാനത്തെ അധികരിക്കാൻ പാടില്ല. അപ്പോൾ പിന്നെ സംസ്ഥാനങ്ങൾ എന്താണു ചെയ്യുക?

സംസ്ഥാനം ദേശീയ വരുമാനത്തിന്റെ 14 ശതമാനമെങ്കിലും റവന്യു വരുമാനം ഉറപ്പുവരുത്തത്തക്ക രീതിയിൽ ജി.എസ്.ടിയെ പുനക്രമീകരിക്കേണ്ടിയിരിക്കുന്നു. ഇത് ഉണ്ടാകുമെന്നാണു ജി.എസ്.ടി ചർച്ച ചെയ്യുന്ന വേളയിൽ ഉറപ്പു നൽകിയത്. ഈ ഉറപ്പു പാലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. അതുവരെ ജി.എസ്.ടി നഷ്ടപരിഹാരം തുടർന്നും നൽകണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here