പെണ്‍വാണിഭ കേസ്; കെഎസ്‌യു നേതാവ് ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

പെൺവാണിഭ കേസിൽ കെഎസ്‌യു നേതാവ് ഉൾപ്പെടെ ആറുപേരെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്‌യു പെരുമ്പാവൂർ ബ്ളോക്ക് വൈസ് പ്രസിഡന്റും യൂത്ത് കോൺഗ്രസ് നേതാവുമായ ഇളമ്പകപ്പിള്ളി കല്ലുമലേക്കുടി നോയൽ (21), ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂർ അകവൂർ മഠത്തിൽ ജഗൻ (24), നടത്തിപ്പുകാരായ മൂക്കന്നൂർ കോട്ടയ്ക്കൽ എബിൻ (33), പയ്യന്നൂർ തൈനേരി ഗോകുലത്തിൽ ധനേഷ് (29), രായമംഗലം പറമ്പത്താൻ സുധീഷ് (36), മധ്യപ്രദേശ് സ്വദേശിനി(22) എന്നിവരെയാണ് പിടികൂടിയത്.

കാലടി മറ്റൂർ ജങ്ഷൻ എയർപോർട്ട് റോഡിലെ ഗ്രാന്റ് റസിഡൻസി ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ ഇടപാടുകൾ. യൂത്ത് കോൺഗ്രസിന്റെ മുടക്കുഴ പഞ്ചായത്തിലെ നേതാവാണ് നോയൽ. സുധീഷും ധനേഷുമാണ് ലോഡ്ജ് നടത്തിപ്പുകാർ. 12,000 രൂപയാണ് ഇടപാടുകാരിൽനിന്ന് വാങ്ങിയിരുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളെ ഉൾപ്പെടെ ലോഡ്ജിൽ എത്തിച്ച് പെൺവാണിഭം നടത്തുന്നുണ്ടെന്ന വിവരത്തെതുടർന്ന് നാളുകളായി പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.

ഇൻസ്‌പെക്ടർ ബി സന്തോഷ്, എസ്‌ഐമാരായ ജയിംസ് മാത്യു, എൻ വി ബാബു, എഎസ്‌ഐ അബ്ദുൾ സത്താർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് റൂറൽ എസ്പി കെ കാർത്തിക് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here