പ്രതിസന്ധിയില്‍ പഞ്ചാബ് കോണ്‍ഗ്രസ്; പുതിയ മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിച്ചേക്കും

അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ പഞ്ചാബിലെ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. അമരീന്ദര്‍ സിംഗിന്റെ ഭാവി രാഷ്ട്രീയ നിലപാടുകള്‍ കോണ്‍ഗ്രസിന് നിര്‍ണായകമാണ്. അമരീന്ദര്‍ സിങ്ങിനെ അനുനയിപ്പിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് ശക്തമാക്കി. രാജിവച്ച ശേഷം സിദ്ദുവിനെ അമരീന്ദര്‍ സിംഗ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അപമാനിക്കപ്പെട്ടു എന്ന് തുറന്ന് പറഞ്ഞ അമരീന്ദര്‍ സിംഗിന്റെ തുടര്‍ന്നുള്ള നിലപാട് കോണ്‍ഗ്രസിന് നിര്‍ണായകമാണ്. കമല്‍നാഥ്, ഭൂപീന്ദര്‍ സിംഗ് ഹൂഡ ഉള്‍പ്പടെയുള്ളവര്‍ അമരീന്ദറിനെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു.

കോണ്‍ഗ്രസ് സംസ്ഥാനങ്ങളെല്ലാം ബിജെപി പിടിച്ചടക്കുമ്പോഴായിരുന്നു നാലരവര്‍ഷം മുന്‍പ് പഞ്ചാബില്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് വന്‍ വിജയം കൈവരിച്ചത്. അടുത്ത തെരഞ്ഞെടുപ്പിന് മുന്നേ അമരീന്ദര്‍ അപമാനിതനായി പടിയിറങ്ങുമ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന സൂചന ദേശീയ നേതൃത്വത്തിന് അമരീന്ദര്‍ നല്‍കിയിരുന്നു. കോണ്‍ഗ്രസ് വിട്ട് ആംആദ്മി അടക്കമുള്ള മറ്റു പാര്‍ട്ടികളില്‍ അമരീന്ദര്‍ സിംഗ് ചേരുമോ എന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.

രാജ്യത്തിനു വേണ്ടി സിദ്ദുവിന്റെ മുഖ്യമന്ത്രി സ്ഥാനത്തെ എതിര്‍ക്കുമെന്നാണ് ഇന്ന് അമരീന്ദര്‍ വ്യക്തമാക്കിയത്. സിദ്ദു ഒരു ദുരന്തമാകാന്‍ പോകുകയാണെന്നും. താന്‍ കൊടുത്ത ഒരു മന്ത്രിസ്ഥാനം തന്നെ മര്യാദയ്ക്ക് കൈകാര്യം ചെയ്യാന്‍ അയാള്‍ക്കായിട്ടില്ലെന്നും അമരീന്ദര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതോടെ, സിദ്ദു-അമരീന്ദര്‍ സിംഗ് പരസ്യപ്പോര് വീണ്ടും രൂക്ഷമാകുകയാണ്.

പുതിയ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് അധ്യക്ഷ തീരുമാനിക്കട്ടെയെന്നാണ് നിയമസഭ കക്ഷി യോഗത്തിലെ തീരുമാനം. ഡിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങളുയര്‍ന്നിരുന്നെങ്കിലും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നേക്കില്ലെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍, അംബിക സോണി തുടങ്ങിയവരുടെ പേരുകള്‍ ക്യാപ്റ്റന് പകരം ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here