വിജയ് മക്കള്‍ ഇയക്കം രഷ്ട്രീയത്തിലേക്ക്; തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര്യരായി മത്സരിക്കും

തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ച് തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ ഫാന്‍സ് അസോസിയേഷന്‍. അടുത്തമാസം തമിഴ്‌നാട്ടില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ നീക്കം. പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താരത്തിന്റെ അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ ആറ്, ഒമ്പത് തീയതികളില്‍ നടക്കാനിരിക്കുന്ന ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലായിരിക്കും ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ടവര്‍ രംഗത്തിറങ്ങുക.

വിജയ് മക്കള്‍ ഇയക്കത്തിന്റെ പേര് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ ആനുമതി നല്‍കിയിട്ടില്ലെങ്കിലും തന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കാന്‍ വിജയ് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. സ്വതന്ത്ര്യരായിട്ടാണ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക. വ്യക്തിപരമായ താത്പര്യത്തിന്റെ പേരില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മത്സരിക്കാനാണ് അനുമതിയെന്നാണ് വിശദീകരണം. വിജയ് മക്കള്‍ മന്‍ട്രം ജില്ലാ ഭാരവാഹികളുമായി സംഘടനാ ജനറല്‍ സെക്രട്ടറി ആനന്ദ് നടത്തിയ ചര്‍ച്ചയിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പങ്കാളികളാവുന്നത് സംബന്ധിച്ച ധാരണയിലെത്തിയത്. 128 പേര്‍ മത്സര രംഗത്ത് ഉണ്ടാവുമെന്നാണ് സൂചന.

അതേസമയം, വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായാണ് ഫാന്‍സ് അസോസിയേഷന്റെ നീക്കം എന്ന വാദങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ തള്ളുകയാണ് ഫാന്‍സ് അസോസിയേഷന്‍. നേരത്തെ വിജയ്‌യുടെ പേരില്‍ അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിക്കാന്‍ ശ്രമിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു നീക്കം. എന്നാല്‍ നിലപാട് തള്ളി വിജയ് തന്നെ രംഗത്ത് എത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here