പഞ്ചാബ് കോൺഗ്രസ്‌ കടുത്ത പ്രതിസന്ധിയിൽ; അമരീന്ദർ സിംഗിന്റെ തുടർന്നുള്ള രാഷ്ട്രിയ നിലപാട് നിർണായകം

പഞ്ചാബ് കോൺഗ്രസിന്റെ നെടുംതൂണായി മാറിയ നേതാവാണ് ക്യാപ്ടൻ അമരീന്ദർ സിംഗ്. പ്രതിസന്ധികളിൽ പാർട്ടിയെ പഞ്ചാബിൽ പിടിച്ചു നിർത്തിയ നേതാവ് ഭരണം അവസാനിക്കാൻ ഏതാനും മാസം ബാക്കി നിൽക്കെ പടിയിറങ്ങി. രാഹുൽ -പ്രിയങ്ക നേതൃത്വം കൈവിട്ടതാണ് അമരീന്ദറിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാക്കിയത്.അമരീന്ദർ സിംഗിന്റെ തുടർന്നുള്ള രാഷ്ട്രിയ നിലപാട് കോൺഗ്രസിന് നിർണായകമാകും.

കോൺഗ്രസ് സംസ്ഥാനങ്ങളെല്ലാം ബിജെപി പിടിച്ചടക്കുമ്പോഴായിരുന്നു നാലരവർഷം മുൻപ് പഞ്ചാബിൽ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് വൻ വിജയം കൈവരിച്ചത്.അടുത്ത തെരഞ്ഞെടുപ്പിന് മുന്നേ അമരീന്ദർ അപമാനിതനായി പടിയിറങ്ങുമ്പോൾ പഞ്ചാബ് കോൺഗ്രസ്‌ കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

2019 ൽ ബിജെപി തരംഗം ആഞ്ഞടിച്ചപ്പോൾ കേരളം കഴിഞ്ഞാൽ കോൺഗ്രസിന്റെ മേൽവിലാസം നഷ്ടപ്പെടാതെ കാത്തത് പഞ്ചാബ് ആയിരുന്നു. ആകെയുള്ള 13 സീറ്റിൽ 8 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. 2014 നെ അപേക്ഷിച്ച് 5 സീറ്റും 7.04 ശതമാനം വോട്ടും കോൺഗ്രസ് പഞ്ചാബിൽ നേടിയതിന് പിന്നിൽ അമരീന്ദർ സിങ്ങിന്റെ പ്രയത്നം ഉണ്ട്. എങ്കിലും ഭരണം അവസാന ഘട്ടങ്ങളിൽ എത്തുമ്പോൾ കാര്യങ്ങൾ കൈവിട്ടു. നവജ്യോത് സിംഗ് സിദ്ധു- അമരീന്ദർ ചേരിയായി പാർട്ടി രണ്ട് തട്ടിൽ ആയി.

പാർട്ടി അധ്യക്ഷനായി സിദ്ധു കരുത്ത് കാട്ടിയയോടെ ക്യാപ്റ്റൻ അപകടം തിരിച്ചറിഞ്ഞിരുന്നു. ആ സമയങ്ങളിൽ ദേശിയ നേതൃത്വം ഒരു പരിധിവരെ ക്യാപ്റ്റന് ഒപ്പം നിന്നു. എന്നാൽ എതിർ ചേരിയിൽ എം എൽ എമാരുടെ എണ്ണവും പരാതിയും കൂടിയതോടെ ഹൈക്കമാൻഡ് പിന്നോട്ട് വലിഞ്ഞു.

രാഹുലും പ്രിയങ്കയും കൈവിട്ടു. ഇതോടെ സോണിയ ഗാന്ധിയുടെ പിന്തുണയിൽ മാത്രം പിടിച്ചു നിന്നു. എന്നാൽ അടുത്തു വന്ന സർവേ ഫലങ്ങൾ ആം ആദ്മി തിരിച്ചു വരവ് പ്രവചിച്ചതോടെ കോൺഗ്രസ് അധ്യക്ഷ കടുത്ത നിലപാട് കൈകൊണ്ടു.

എം എൽ എമാരുടെ എതിർപ്പ് അവഗണിച്ചാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം മുന്നിൽ കണ്ട ദേശിയ നേതൃത്വം രാജിയ്ക്ക് നിർദേശം നൽകി. പഞ്ചാബിൽ തുടരുന്ന കർഷക സമരവും അധികാര മാറ്റത്തിന് കോൺഗ്രസ് ഹൈക്കമാൻഡിനെ പ്രേരിപ്പിച്ചു.

കർഷക സമരത്തെ അവഗണിച്ച അമരീന്ദർ സിംഗ് സമരം ചെയ്യുന്ന കർഷകരെ അവഹേളിക്കുന്ന പരാമർശങ്ങളും നടത്തി. ഇത് ബിജെപി അടക്കം ദേശിയ തലത്തിൽ ഏറ്റെടുത്തിരുന്നു. ഏതായാലും മുഖം മിനുക്കൽ നേട്ടമായോ കോട്ടമായോ എന്നു വൈകാതെ അറിയാം.

മുൻ സംസ്ഥാന അധ്യക്ഷൻ സുനിൽ ഝാക്കാർ,കോൺഗ്രസ് ലോക്സഭ വിപ്പ് രാൻവിത് സിംഗ് ബിട്ടു, രാജ്യസഭാ എംപി പ്രതാപ് സിംഗ് ബജ്‌വാ.കാബിനെറ്റ് മന്ത്രി സുഖ് ജിന്ദർ സിംഗ് രണ്‍ധാവ എന്നിവരാണ് പിൻഗാമി പട്ടികയിൽ ഉള്ളതെങ്കിലും സിദ്ധുവിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.

മുഖ്യമന്ത്രി സ്ഥാനം സിദ്ധുവിന് ലഭിക്കുകയാണെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. അപമാനിക്കപ്പെട്ടു എന്ന് തുറന്ന് പറഞ്ഞ അമരീന്ദർ സിംഗിന്റെ തുടർന്നുള്ള രാഷ്ട്രിയ നിലപാട് കോൺഗ്രസിന് നിർണായകമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News