മുംബെെ ഇന്ത്യൻസിനെ 20 റണ്ണിന് വീഴ്ത്തി ചെന്നെെ സൂപ്പർ കിങ്സ്

ഐപിഎല്ലിലെ ഇടവേള കഴിഞ്ഞുള്ള ആദ്യ കളിയിൽ മുംബെെ ഇന്ത്യൻസിനെ 20 റണ്ണിന് വീഴ്ത്തി ചെന്നെെ സൂപ്പർ കിങ്സ്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി മഹേന്ദ്രസിങ് ധോണിയും കൂട്ടരും.

ചെന്നെെ ഉയർത്തിയ 157 റൺ വിജയലക്ഷ്യം പിന്തുടർന്ന മുംബെെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റണ്ണിൽ അവസാനിപ്പിച്ചു. ഓപ്പണർ ഋതുരാജ് ഗെയ്ക് വാദാണ് (58 പന്തിൽ 88) ചെന്നെെയുടെ ജയത്തിന് അടിത്തറയിട്ടത്. ഓൾറൗണ്ടർ ഡ്വെയ്‌ൻ ബ്രാവോ ബാറ്റിലും പന്തിലും മിന്നി. 8 പന്തിൽ 23 റണ്ണും മൂന്ന് വിക്കറ്റുമാണ് ഈ വെസ്റ്റിൻഡീസുകാരൻ നേടിയത്. സ്കോർ: ചെന്നെെ 6–156 മുംബെെ 8–136.

ക്യാപ്റ്റൻ രോഹിത് ശർമയില്ലാതെയാണ് മുംബെെ എത്തിയത്. കീറൺ പൊള്ളാർഡായിരുന്നു പകരക്കാരൻ. മുൻനിര ബാറ്റ്സ്മാൻമാരെല്ലാം തലകുനിച്ചപ്പോൾ ഗെയ്ക്-വാദ് ചെന്നൈയെ കാത്തു. രവീന്ദ്ര ജഡേജയും (33 പന്തിൽ 26) ബ്രാവോയും മാത്രമാണ് ചെന്നെെ നിരയിൽ രണ്ടക്കം കടന്നുള്ളൂ. ട്രെന്റ് ബോൾട്ടും ആദം മിൽനെയും ചേർന്നുള്ള മുംബെെ പേസ് സഖ്യം ചെന്നൈ ബാറ്റ്സ്മാൻമാരെ നിലയുറപ്പിക്കാനനുവദിച്ചില്ല.

ഓപ്പണർ ഫാഫ് ഡു പ്ലെസിസും മൊയീൻ അലിയും റണ്ണെടുക്കാതെ മടങ്ങി. അമ്പാട്ടി റായുഡു (0) പരിക്കേറ്റ് കളംവിട്ടത് ചെന്നെെയ്ക്ക് വീണ്ടും പ്രഹരമായി. സുരേഷ് റെയ്ന (4), ധോണി (3) എന്നീ പരിചയസമ്പന്നർക്കും പതറി. നാലിന് 24 എന്ന നിലയിൽ വിറച്ച ചെന്നെെയെ ഗെയ്ക്-വാദും ജഡേജയും ഉയർത്തി. നാല് സിക്സറും ഒമ്പത് ബൗണ്ടറിയും ഉൾപ്പെട്ടതായിരുന്നു ഗെയ്ക്–വാദിന്റെ ഇന്നിങ്സ്. തുടക്കം പതറിയെങ്കിലും പതിയെ താളം കണ്ടെത്തി ഈ ഓപ്പണർ. ഇന്നിങ്സിന്റെ അവസാന പന്തിൽ സിക്സർ പറത്തിയാണ് കളി അവസാനിപ്പിച്ചത്.

മറുപടിയിൽ അരസെഞ്ചുറിയുമായി പുറത്താകാതെ നിന്ന സൗരഭ് തിവാരി (50) മാത്രമാണ് മുംബെെ നിരയിൽ മിന്നിയത്. ക്വിന്റൺ ഡി കോക്ക് (17), അൻമോൽപ്രീത് സിങ് (16), സൂര്യകുമാർ യാദവ് (3), ഇഷാൻ കിഷാൻ (11), പൊള്ളാർഡ് (15) എന്നീ മുൻനിര ബാറ്റ്സ്മാൻമാർക്കൊന്നും പിടിച്ചുനിൽക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here