പിരിച്ചുവിട്ട ഹരിതാ നേതാക്കളെ അനുനയിപ്പിയ്ക്കാൻ പതിനെട്ട് അടവും പയറ്റി മുസ്ലിം ലീഗ്

പിരിച്ചുവിട്ട ഹരിതാ നേതാക്കളെ അനുനയിപ്പിയ്ക്കാൻ മുസ്ലിം ലീഗ്. ഇവരെ യൂത്ത് ലീഗ് ഉൾപ്പെടെ മറ്റു പോഷക സംഘടനകളുടെ ഭാരവാഹിത്വങ്ങളിലേക്ക് പരിഗണിച്ചേക്കും. 26 – ന് ചേരുന്ന സംസ്ഥാന പ്രവർത്തക സമിതി ഹരിതാ വിഷയം ചർച്ച ചെയ്യും.

ഹരിത മുൻ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട തീരുമാനം പുനപ്പരിശോധിക്കേണ്ടതില്ലെന്നാണ് പൊതുവിൽ ധാരണ. അച്ചടക്ക നടപടി പിൻവലിക്കുന്നത് സംഘടനാപരമായ ദൗർബല്യമാവുമെന്ന വിലയിരുത്തലിലാണ് നേതൃത്വം. അതേസമയം ഇവരുയർത്തിയ ലിംഗ വിവേചനം സംബന്ധിച്ച പ്രശ്നങ്ങളും ലൈംഗിക അധിക്ഷേപ പരാതിയും ഗൗരവത്തിൽ ചർച്ച ചെയ്യാനാണ് മുസ്ലിം ലീഗ് ഒരുങ്ങുന്നത്.

യൂത്ത് ലീഗ് ഉൾപ്പെടെയുള്ള പോഷക സംഘടനകളിലും മുസ്ലിം ലീഗിലും സ്ത്രീ പ്രാതിനിധ്യം ഉയർത്തും. പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പോഷക സംഘടനകളുടെ ഭാരവാഹിത്വങ്ങളിലേക്ക് പരിഗണിച്ചേക്കും. ഹരിത നേതാക്കൾക്കും അവരുയർത്തിയ വിഷയങ്ങൾക്കും പൊതു സമൂഹത്തിൽ നിന്ന് ലഭിച്ച സ്വീകാര്യതയാണ് നേതാക്കളുടെ കണ്ണു തുറപ്പിച്ചത്.

അതേസമയം പരാതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചയ്ക്കില്ലെന്ന് പിരിച്ചുവിട്ടവർ വ്യക്തമാക്കിയിരുന്നു. എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസുൾപ്പെടെയുള്ളവർക്കെതിരേ പരാതിക്കാർക്കുകൂടി സ്വീകാര്യമായ നടപടിയുണ്ടായില്ലെങ്കിൽ പ്രശ്നപരിഹാരം വിദൂരത്താവും. 26 ന് ചേരുന്ന സംസ്ഥാന പ്രവർത്തക സമിതി ഇക്കാര്യം ചർച്ച ചെയ്യും. ഡോ. എം കെ മുനീർ, ഇ ടി മുഹമ്മദ് ബഷീർ തുടങ്ങി മുതിർന്ന നേതാക്കളിൽ ഒരു വിഭാഗം ഹരിതാ വിഷയം കൈകാര്യം ചെയ്തതിൽ തെറ്റുപറ്റിയെന്ന് കരുതുന്നവരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News