അഭിമാന നേട്ടത്തില്‍ എറണാകുളം ജില്ല; ആദ്യ ഡോസ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച് മാതൃകയാകുന്നു

സമ്പൂർണ ആദ്യ ഡോസ് കൊവിഡ് വാക്‌സിനേഷൻ പൂർത്തീകരണത്തിലേക്ക് എറണാകുളം ജില്ല. തിങ്കളാ‍ഴ്ചയോടെ ജില്ലയിലെ ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തിയ യജ്ഞത്തിലൂടെയാണ് ജില്ല അഭിമാന നേട്ടം കൈവരിക്കുന്നത്.

സമ്പൂർണ വാക്സിനേഷൻ എന്ന ഉദ്യമത്തിലേക്ക് സംസ്ഥാനം ചുവടുവയ്ക്കുമ്പോൾ എറണാകുളം ജില്ല ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ചുകൊണ്ട് മാതൃകയാകുന്നു. ജില്ലയിൽ ഇതുവരെ 39,34,735 ഡോസ് വാക്സിനാണ് നൽകിയത്. ഇതിൽ 27,66,227 ആദ്യ ഡോസ് വാക്സിനും, 11,68,508 രണ്ടാം ഡോസ് വാക്സിനും നൽകി. ഇതുവരെ ഒറ്റ ഡോസ് വാക്‌സിൻ പോലും ലഭിച്ചിട്ടില്ലാത്തവർ 3.28 ലക്ഷം പേരാണ്. അതിൽ, 1 .22 ലക്ഷം ആളുകൾ കൊവിഡ് പോസിറ്റിവായി 3 മാസം പൂർത്തിയാകാത്തവരാണ്.

ബാക്കിയുള്ള എല്ലാവർക്കും ആദ്യ ഡോസ് ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണെന്ന് കളക്ടർ പറഞ്ഞു. ജില്ലയിൽ നിലവിൽ 1.16 ലക്ഷം ഡോസ് കോവിഷിൽഡ് കൂടി സ്റ്റോക്കുണ്ട്. കൂടാതെ, 1.76 ലക്ഷം ഡോസ് കോവിഷിൽഡും, 9000 ഡോസ് കോവാക്സിനും തിങ്കളാഴ്ച ലഭ്യമാകും. ഇവ കൂടി പൂർണമായി നൽകി അഭിമാന നേട്ടം കൈവരിക്കാനുളള ശ്രമത്തിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും.

സമ്പൂർണ വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സർക്കാർ ആശുപത്രികളും ഔട്ട് റീച് കേന്ദ്രങ്ങളും ഒരുങ്ങി കഴിഞ്ഞു. വാക്‌സിൻ ലഭിക്കുവാൻ ഓൺലൈൻ ബുക്കിംഗ് കൂടാതെ, സ്‌പോട്ട് മൊബിലൈസേഷൻ സൗകര്യവുമുണ്ട് . ആദ്യ ഡോസ് ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ ആശ വർക്കർ, ജെ പി എച്ഛ് എൻ , വാർഡ് മെമ്പർ , തൊട്ടടുത്തുള്ള സർക്കാർ ആശുപത്രി എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവ പൂർത്തീകരിച്ചാൽ രണ്ടാം ഡോസ് വാക്സിനും എല്ലാവരിലേക്കും എത്തിച്ച് സമ്പൂർണ്ണ വാക്സിനേഷൻ ജില്ലയാക്കി മാറ്റാനുളള ശ്രമവും ജില്ലാ ഭരണകൂടം ആരംഭിച്ചു ക‍ഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News