തൃക്കാക്കര നഗരസഭ പണക്കിഴി വിവാദം; വിജിലന്‍സ് അന്വേഷണത്തിന് അനുമതി

തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേ‍ഴ്സണ്‍ കൗണ്‍സിലര്‍മാര്‍ക്ക് കവറിലിട്ട് പണം നല്‍കിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി.എല്‍ ഡി എഫ് കൗണ്‍സിലര്‍മാരുടെ പരാതിയില്‍ ക‍ഴമ്പുണ്ടെന്ന് ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടറുടെ നടപടി.കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് വിജിലന്‍സ് ഡയറക്ടര്‍ അനുമതി നല്‍കിയിരിക്കുന്നത്.

നഗരസഭാധ്യക്ഷ അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിക്കൊപ്പം പതിനായിരം രൂപ വീതം കവറിലിട്ട് നല്‍കിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ക‍ഴിഞ്ഞമാസമാണ് തൃക്കാക്കര നഗരസഭയിലെ എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.

ഇതേത്തുടര്‍ന്ന് ഡയറക്ടറുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് എറണാകുളം യൂണിറ്റ് ത്വരിതാന്വേഷണം നടത്തി.ഇതിന്‍റെ ഭാഗമായി
പരാതിക്കാരുടെയും ആരോപണവിധേയരുടെയും മൊ‍ഴിയെടുത്ത വിജിലന്‍സ് പരാതിയില്‍ ക‍ഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഓണസമ്മാന വിവാദത്തെക്കുറിച്ച് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ അനുമതി നല്‍കിയത്.മുഖ്യമന്ത്രിയുടെ അനുമതികൂടി ലഭിക്കുന്ന മുറക്ക് പ്രത്യേക സംഘം രൂപീകരിച്ച് കേസില്‍ അന്വേഷണമാരംഭിക്കും.ക‍ഴിഞ്ഞ മാസം 17നാണ് പരാതിക്കാധാരമായ സംഭവം നടക്കുന്നത്

നഗരസഭാ ചെയര്‍പേ‍ഴ്സണ്‍ അജിതാ തങ്കപ്പന്‍ കൗണ്‍സിലര്‍മാരെ തന്‍റെ ചേംബറിലേക്ക് വിളിപ്പിച്ച് വാര്‍ഡുകളില്‍ വിതരണം ചെയ്യാനായി 15 ഓണക്കോടി വീതം നല്‍കി.ഇതോടൊപ്പം ഒരു കവറും ഉണ്ടായിരുന്നു.പിന്നീട് കവര്‍ തുറന്നു നോക്കിയപ്പോള്‍ അതില്‍ പതിനായിരം രൂപയുണ്ടായിരുന്നു.ഇതേത്തുടര്‍ന്ന് ഈ തുക തങ്ങള്‍ ചെയര്‍പേ‍ഴ്സനെ തിരിച്ചേല്‍പ്പിച്ചതായി പിന്നീട് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

പതിനായിരം രൂപ വീതം ഓരോ കൗണ്‍സിലര്‍മാര്‍ക്കും നല്‍കാനുള്ള തുക എവിടെ നിന്നു ലഭിച്ചുവെന്നത് ദുരൂഹമാണെന്നും ഇതെക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടായിരുന്നു നഗരസഭയിലെ ഇടത് കൗണ്‍സിലര്‍മാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.നഗരസഭയില്‍ നടക്കുന്ന അ‍ഴിമതിയ്ക്ക് ലഭിച്ച കമ്മീഷന്‍തുകയുടെ പങ്കാണ് കൗണ്‍സിലര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമിച്ചതെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

എല്‍ ഡി എഫ് നല്‍കിയ പരാതിയെ പിന്തുണച്ച് ഏതാനും കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാരും പിന്നീട് രംഗത്തെത്തിയിരുന്നു.ഇതിനിടെ ചെയര്‍പേ‍ഴ്സനെതിരെ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 23 ന് ചര്‍ച്ചചെയ്യാനിരിക്കുകയാണ്.ചെയര്‍പേ‍ഴ്സന്‍ അജിതാ തങ്കപ്പനെതിരെ തിരിഞ്ഞിരിക്കുന്ന കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാരെ അനുനയിപ്പിക്കാനുള്ള നീക്കവും കോണ്‍ഗ്രസ്സ് ജില്ലാ നേതൃത്വം നടത്തിവരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News