പ്ലസ് വൺ പരീക്ഷ : പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം, ഒരുക്കങ്ങൾ വിലയിരുത്തി

പ്ലസ് വൺ പരീക്ഷ ഈ മാസം 24ന് ആരംഭിക്കാനിരിക്കെ പൊതു വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. പരീക്ഷയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ യോഗം വിലയിരുത്തി. വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസ്, ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ ഡോ. എസ് എസ് വിവേകാനന്ദൻ, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ഡയറക്ടർ ടി വി അനിൽകുമാർ, വിവിധ മേഖലകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ആർഡിഡിമാരും ഇ ഡിമാരും ഒരോ ജില്ലയിലെയും തയ്യാറെടുപ്പുകൾ വിവരിച്ചു. പരീക്ഷ സംബന്ധിച്ച വിവരങ്ങൾ ഡിഎംഒ, ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ തുടങ്ങിയവർക്ക് നൽകാനും വേണ്ട സഹായങ്ങൾ അഭ്യർത്ഥിക്കാനും തീരുമാനിച്ചു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരീക്ഷ നടത്താനാണ് തീരുമാനം. പരീക്ഷാ ഹാൾ, ഫർണിച്ചർ, സ്കൂൾ പരിസരം തുടങ്ങിയവ ശുചിയാക്കാനും 22ന് മുമ്പ് അണുവിമുക്തമാക്കാനുള്ള നടപടിയെടുക്കാനും തീരുമാനമായി. ഇതിനായി ആരോഗ്യവകുപ്പ്,പിടിഎ, സന്നദ്ധസംഘടനകൾ, ഫയർഫോഴ്സ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹായം പ്രയോജനപ്പെടുത്തും.

വിദ്യാർത്ഥികൾക്ക് ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന കവാടത്തിൽ തന്നെ സാനിറ്റൈസർ നൽകാനും തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനമുണ്ടാകും. അനധ്യാപക ജീവനക്കാർ, പിടിഎ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എസ്എസ്കെ ജീവനക്കാർ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തും. വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമല്ല.

പരീക്ഷാ ദിവസങ്ങളിൽ സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്ക് ധരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. കുട്ടികൾക്ക് പരസഹായം കൂടാതെ പരീക്ഷാഹാളിൽ എത്തിച്ചേരാനായി പ്രവേശന കവാടത്തിൽ തന്നെ എക്സാം ഹാൾ ലേ ഔട്ട് പ്രദർശിപ്പിക്കും. പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാർഥികൾ കൂട്ടം കൂടില്ലെന്നു ഉറപ്പാക്കും.

കൊവിഡ് പോസിറ്റീവ് ആയ വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കിൽ വിവരം മുൻകൂട്ടി ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും വിദ്യാർത്ഥികൾക്കും ബന്ധപ്പെട്ട ഇൻവിജിലേറ്റർമാർക്കും പി പി ഇ കിറ്റ് ലഭ്യമാക്കാനുള്ള നടപടി ചീഫ് സൂപ്രണ്ടുമാർ സ്വീകരിക്കണം. ഈ കുട്ടികൾ പ്രത്യേക ക്ലാസ് മുറിയിൽ ആയിരിക്കും പരീക്ഷ എഴുതേണ്ടത്.

ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാർഥികളും ക്വാറന്റൈനിൽ ഉള്ള വിദ്യാർഥികളും പ്രത്യേകം പ്രത്യേകം ക്ലാസ് മുറികളിൽ പരീക്ഷ എഴുതണം. ക്ലാസ്മുറികളിൽ പേന, കാൽക്കുലേറ്റർ മുതലായവയുടെ കൈമാറ്റം അനുവദിക്കുന്നതല്ല. പരീക്ഷാ കേന്ദ്രത്തിന് അകത്തും പുറത്തും വിദ്യാർത്ഥികൾ അനുവർത്തിക്കേണ്ടതും ചെയ്യാൻ പാടില്ലാത്തതും ആയ കാര്യങ്ങൾ ഉൾപ്പെടുന്ന നോട്ടീസ് പ്രവേശനകവാടത്തിൽ പ്രദർശിപ്പിക്കും.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലേക്കായി എല്ലാ വിദ്യാലയങ്ങളിലും മേഖലാ ഉപമേധാവിമാരുടെ നേതൃത്വത്തിൽ മൈക്രോ പ്ലാൻ തയ്യാറാക്കേണ്ടതാണ്. ശീതീകരിച്ച ക്ലാസ് മുറികൾ പരീക്ഷയ്ക്ക് ഉപയോഗിക്കുന്നതല്ല. വായുസഞ്ചാരം ഉള്ളതും വെളിച്ചം ഉള്ളതുമായ ക്ലാസ് മുറികളാണ് പരീക്ഷയ്ക്ക് ഉപയോഗിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News