അമരീന്ദറിനെ മാറ്റിയത് രാഹുലിന്റെ ഇടപെടലോടെയെന്ന് സൂചന; കോൺഗ്രസ് അധ്യക്ഷനാകാനുള്ള അണിയറ നീക്കങ്ങൾ ശക്തം

കോൺഗ്രസ് അധ്യക്ഷനാകാനുള്ള അണിയറ നീക്കങ്ങൾ ശക്തമാക്കി രാഹുൽ ഗാന്ധി. അമരീന്ദർ സിംഗിനെ മാറ്റിയത് രാഹുൽ ഗാന്ധിയുടെ ഇടപെടലോടെയെന്ന് സൂചന. രാജസ്ഥാനിലും, ഛത്തീസ്ഗഡിലും സമാനമായി വെട്ടിനിരതലുകൾ നടത്തി അടുപ്പക്കാരെ നേതൃത്വത്തിലേക്ക് എത്തിക്കാനാണ് നീക്കം. ജി23 നേതാക്കൾക്ക് മുന്നറിയിപ്പ് കൂടിയാണ് രാഹുൽ ഗാന്ധി നടത്തുന്ന വെട്ടിനിരത്തലുകൾ.

നേതൃനിരയിൽ അടുപ്പക്കാരെ എത്തിച്ചുകൊണ്ട് അധ്യക്ഷപദവിയിലേക്കുള്ള കരുനീക്കങ്ങളാണ് രാഹുൽ ഗാന്ധി നടത്തുന്നത്. നവ്ജ്യോത് സിങ് സിദ്ദു ഉയർത്തിയ കലാപക്കൊടിക്കു പിന്നാലെ ക്യാപ്റ്റൻ അമരിന്ദർ സിങ്ങിന് മുഖ്യമന്ത്രിക്കസേര ഒഴിയേണ്ടി വന്നപ്പോൾ, അതിനു പിന്നിൽ രാഹുലിന്റെ നീക്കങ്ങൾ വ്യക്തമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ചെത്തുന്നതിനു മുൻപുള്ള അണിയറ നീക്കങ്ങളാണ് ഇപ്പോഴത്തെ വെട്ടിനിരത്തലുകളെന്നാണ് വിലയിരുത്തൽ.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ ഉൾപ്പെടെയുളളവരെ കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. അമരിന്ദറിനെതിരെ പരാതിയുമായി എത്തിയപ്പോൾ മുതൽ സിദ്ദുവിന് രാഹുൽ ഗാന്ധിയുടെ പൂർണപിന്തുണയുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധിയും രാഹുലിന് ഒപ്പംനിന്നു.

സിദ്ദുവിനെ പിസിസി പ്രസിഡന്റാക്കി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും അമരീന്ദറിന്റെ ജനപ്രീതി ഇടിഞ്ഞെന്ന ആഭ്യന്തര റിപ്പോർട്ട് കിട്ടിയതോടെ രാഹുൽ വീണ്ടും ഇടപെടുകയും ചെയ്തു. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാർ കത്തെഴുതിയത് പോലും ഹൈക്കമാൻഡിന്റെ അറിവോടെയാണെന്നാണു റിപ്പോർട്ടുകൾ. അതേസമയം പുതിയ വെട്ടിനിരത്തലുകളിൽ ജി23 നേതാക്കൾക്ക് വലിയ അതൃപ്തി നിലനിൽക്കുന്നുണ്ട്.

ജി–23 നേതാക്കൾ ഉൾപ്പെടെയുള്ളവർക്കുള്ള മുന്നറിയിപ്പാണ് ഹൈക്കമാൻഡിന്റെ ഇപ്പോഴത്തെ നടപടികൾ എന്നാണ് വിലയിരുത്തൽ. രാജസ്ഥാനിലും ഛത്തീസ്ഗഡിലും സമാനമായ പൊളിച്ചെഴുത്തുണ്ടാകും. അമരീന്ദർ സിംഗിനെ മാറ്റിയതിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും അസ്വസ്ഥനാണ്. ഇതോടെ g23 നേതാക്കളും വിമത നേതാക്കളും എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിർണായകമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here