ഭംഗിയുള്ള നഖങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ നഖങ്ങളെ ഇങ്ങനെ പരിപാലിക്കൂ

ആരു കണ്ടാലും രണ്ടാമതൊന്നു നോക്കണം. സുന്ദരിയാകാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടെയും മനസിലുള്ള സ്വകാര്യമാണത്. മുഖം സുന്ദരമാകണമെന്ന് ആഗ്രഹിക്കുമ്പോഴും പലരും കൈവിരലുകളിലും നഖങ്ങളിലും അത്ര ശ്രദ്ധ നല്‍കാറില്ല. നല്ല ഭംഗിയുള്ള വിരലുകളും നഖങ്ങളും ആരുടേയും ശ്രദ്ധയാകര്‍ഷിക്കും. സുന്ദരമായ നഖങ്ങള്‍ സ്ത്രീ സൗന്ദര്യത്തിന്റെ ലക്ഷണമൊത്ത കാഴ്ച തന്നെ.

നഖങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയെന്നത് ആരോഗ്യപരിപാലനത്തിലും അത്യാവശ്യമാണ്. നഖങ്ങളില്‍ ചിലപ്പോള്‍ കണ്ടുവരുന്ന വെള്ളപ്പാടുകള്‍ പ്രോട്ടീനിന്റെ അഭാവത്താലുണ്ടാകുന്നതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ ഇത് ഒഴിവാക്കാം.

സണ്‍പ്രൊട്ടക്ഷന്‍ ക്രീം കൈവിരലുകളിലും പുരട്ടുന്നത് നല്ലതാണ്. മാനിക്യൂര്‍ ചെയ്യുന്നത് കൈകള്‍ വൃത്തിയായും സുന്ദരമായും സംരക്ഷിക്കപ്പെടുന്നതിന് വളരെ നല്ലതാണ്. മാനിക്യൂര്‍ ട്രീറ്റ്മെന്റ് വഴി കൈപത്തിയിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യപ്പെടുകയും നഖം വിണ്ടുകീറല്‍, പൊട്ടിപ്പോകല്‍ എന്നിവയെ നിയന്ത്രിക്കുകയും ചെയ്യാം.

ഒരു ബേസിനില്‍ ചൂട് വെള്ളം എടുത്ത് അതില്‍ അല്‍പം ഉപ്പ്, വീര്യം കുറഞ്ഞ ഷാമ്പൂ, ഒരു തുള്ളി ഡെറ്റോള്‍ , ഒരു സ്പൂണ്‍ നാരങ്ങാനീര് എന്നിവ മിക്സ് ചെയ്ത് കൈകള്‍ അതില്‍ മുക്കി വെക്കുക. നഖങ്ങള്‍ നന്നായി കുതിരണം. വരണ്ട ചര്‍മക്കാര്‍ അല്‍പം മോയ്സ്ച്വറൈസിങ് ക്രീം പുരട്ടിയതിനു ശേഷം കൈകള്‍ വെള്ളത്തില്‍ വെക്കുന്നതാണ് നല്ലത്. നഖങ്ങളിലെ പോളീഷ് നീക്കം ചെയ്ത ശേഷം മാത്രമേ കൈകള്‍ വെള്ളത്തില്‍ മുക്കിവെക്കാവൂ. നഖം കുതിര്‍ന്നാല്‍ അതിലെ അഴുക്ക് ഇളക്കി കളഞ്ഞതിനു ശേഷം നഖത്തിനു ചുറ്റുമുള്ള മൃതകോശങ്ങള്‍ നീക്കം ചെയ്യുക. കൈകള്‍ സ്‌ക്രബ് ഉപയോഗിച്ച് രണ്ടോ മൂന്നോ മിനുട്ട് തിരുമ്മുക. പിന്നീട് നന്നായി കഴുകി ക്രീം ഉപയോഗിച്ച് മസാജ് ചെയ്യുക.

നഖത്തില്‍ കറപുരണ്ടത് മാറണമെങ്കില്‍ നാരങ്ങ നീരോ വിനാഗിരിയോ കലര്‍ത്തിയ വെള്ളത്തില്‍ നഖം മുക്കി വെച്ച് കോട്ടണ്‍ ഉപയോഗിച്ച് തുടച്ചാല്‍ മതി. ഇളം ചൂടുള്ള ഒലിവ് എണ്ണയില്‍ നഖങ്ങള്‍ അഞ്ച് മിനിറ്റ് മുക്കി വയ്ക്കുക. നഖങ്ങള്‍ക്ക് കട്ടി കിട്ടുന്നതിനും ഇത് സഹായിക്കും. സ്ഥിരമായി നഖം പോളിഷ് ചെയ്യുന്നവരാണെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പോളീഷ് നീക്കം ചെയ്ത് നഖം വൃത്തിയാക്കണം. സ്വാഭാവിക പരിചരണം നല്‍കാന്‍ നഖത്തില്‍ പെട്രോളിയം ജെല്ലി തേച്ച ശേഷം കോട്ടണ്‍ തുണികൊണ്ട് തുടച്ചാല്‍ മതി.

സോപ്പ് ഉപയോഗിക്കുമ്പോളും പച്ചക്കറികള്‍ അരിയുമ്പോഴും കൈയ്യറുകള്‍ ഉപയോഗിക്കുന്നത് കൈകള്‍ക്കും നഖങ്ങള്‍ക്കും കൂടുതല്‍ സംരക്ഷണം നല്‍കുന്നു. പെട്ടെന്ന് ഉണങ്ങുന്ന തരം നെയില്‍ പോളിഷുകള്‍ ഉപയോഗിക്കുക. നഖം പൊട്ടിപ്പോകുന്നത് തടയാന്‍ വൃത്തിയായും ഈര്‍പ്പം നിലനില്‍ക്കാതെയും വേണം സൂക്ഷിക്കാന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News