സംസ്ഥാനത്ത് ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു

ശ്രീനാരായണഗുരു സമാധി ദിനം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്ത് ആചരിച്ചു.ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ പ്രതിബന്ധങ്ങളായി വർഗീയവാദ ചിന്താധാരകളും ജാതിവ്യവസ്ഥയുടെ ശേഷിപ്പുകളും നിലനിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്‍റെ 94ാം സമാധി ദിനത്തിൽ തിരുവനന്തപുരം മ്യൂസിയത്തിനു സമീപത്തെ ഗുരു പ്രതിമയിൽ മന്ത്രി സജി ചെറിയാൻ പുഷ്പാർച്ചന നടത്തി. ജാതിമത വേർതിരിവുകളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തീർത്ത അന്ധകാരത്തിൽ ഗതികിട്ടാതെ ഉഴറിയ കേരള സമൂഹത്തിന് മാനവികതയുടെ വെളിച്ചം വിതറി ആധുനികതയിലേയ്ക്കുള്ള വഴി കാട്ടിയ മഹാത്‌മാവാണ് ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഗുരു വിഭാവനം ചെയ്ത ഒരു സമൂഹമായി മാറാൻ ഇനിയും നാം ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. അതിനു പ്രതിബന്ധങ്ങളായി വർഗീയവാദ ചിന്താധാരകളും ജാതിവ്യവസ്ഥയുടെ ശേഷിപ്പുകളും നമുക്ക് മുന്നിൽ ലജ്ജയുളവാക്കും വിധം ഇന്നും ശക്തമായി നിലനിൽക്കുന്നുണ്ട്. നാം ഇത്രയും കാലം താണ്ടിയ മാനവികതയുടെ പന്ഥാവിൽ നിന്നും ഒരു തിരിഞ്ഞു നടത്തം ഉണ്ടായിക്കൂടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരുവിന്‍റെ ജന്മ സ്ഥലമായ ചെമ്പഴന്തിയിൽ സമാധി ദിനാചരണം സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. യഥാർത്ഥ വിശ്വാസികൾ വർഗീയ വാദിയാകില്ലെന്നും വർഗീയ വൈറസിന് ഫലപ്രദമായ വാക്സിൻ ഗുരുദർശനമാണെന്നും സ്പീക്കർ പറഞ്ഞു. ശിവഗിരി മഹാസമാധിയിൽ പ്രത്യേക പ്രാർത്ഥനകൾ, പൂജ എന്നിവ നടന്നു. എസ്.എൻ.ഡി.പി യോഗം ശാഖകളുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ഗുരുമന്ദിരങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ചടങ്ങുകൾ നടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News