അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട. വ്യവസായി അദാനിയുടെ ഉടമസ്ഥതയിലുള്ള തുറമുഖത്ത് നിന്നും പിടിച്ചെടുത്ത മൂന്ന് ടൺ ഹെറോയിന് ഇരുപത്തി ഒന്നായിരം കോടി രൂപ വിലവരും. കേസിൽ രണ്ട് അഫ്ഗാൻ സ്വദേശികൾ ഉൾപ്പടെ നാല് പേരെ ഡിആർഐ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിൽ ഒന്നാണ് ഗുജറാത്തിൽ നടന്നത്. രാജ്യത്തേക്ക് ഏറ്റവും കൂടുതൽ അനധികൃത കടത്ത് നടക്കുന്നത് ഗുജറാത്ത് തുറമുഖങ്ങൾ വഴിയാണ് എന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നതാണ്. നാൽപ്പത് ടൺ വീതം ഭാരം വരുന്ന രണ്ട് കണ്ടെയ്നറുകളിലായി വന്ന ലഹരി മരുന്നാണ് രഹസ്യ വിവരത്തെ തുടർന്ന് മുന്ദ്ര തുറമുഖത്ത് നിന്നും റവന്യൂ ഇൻ്റലിജൻസ് പിടിച്ചെടുത്തത്.

മൂവായിരം കിലോയോളം വരുന്ന ഹെറോയിന് ഇരുപത്തി ഒന്നായിരം കോടി രൂപ വില വരും. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഷി ട്രേഡിംഗ് എന്ന കമ്പനിയുടെ പേരിലാണ് കണ്ടൈനറുകൾ എത്തിയിരിക്കുന്നത്. ചെന്നൈ സ്വദേശികളായ വൈശാലി, ഭർത്താവ് ഗോവിന്ദ രാജു എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനമാണ് വിജയവാഡയിലുള്ള ആഷി ട്രേഡിംഗ്.

സൗന്ദര്യ വർധക വസ്തുക്കളുടെ പേരിൽ മയക്ക് മരുന്ന് അയച്ചിരിക്കുന്നത് അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാഖിലെ ബന്ദാർ അബ്ബാസ് തുറമുഖം വഴിയാണ്. കാണ്ഡഹാറിലെ ഹസ്സൻ ഹുസൈ ലിമിറ്റഡ് എന്ന കമ്പനി മേൽവിലാസത്തിൽ ആണ് കണ്ടെയ്നർ അയച്ചിരിക്കുന്നത്. രണ്ട് അഫ്ഗാൻ സ്വദേശികൾ ഉൾപ്പടെ നാല് പേരെ ഡിആർഐ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബാക്കി രണ്ട് പേര് ആന്ധ്ര സ്വദേശികൾ ആണ്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡൽഹി, ചെന്നൈ, ഗുജറാത്തിലെ മറ്റ് തുറമുഖങ്ങൾ എന്നിവിടങ്ങളിലും ഡിആർഐ പരിശോധന നടത്തിയിരുന്നു. ഗുജറാത്തിലെ ബുജ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ പത്ത് ദിവസത്തേക്ക് ഡിആർഐ കസ്റ്റഡിയിൽ വിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News