റഷ്യന്‍ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വന്‍മുന്നേറ്റം; 57 സീറ്റുമായി പാര്‍ട്ടി രണ്ടാം സ്ഥാനത്ത്

റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യയ്ക്ക് വിജയം. പാര്‍ലമെന്റായ ഡ്യൂമയിലേക്ക് നേരിട്ട് മത്സരിച്ച 225ല്‍ 198 അംഗങ്ങളെ യുണൈറ്റഡ് റഷ്യക്ക് വിജയിപ്പിക്കാനായി. ഇതോടെ ആകെയുള്ള 450ല്‍ 324 സീറ്റുകളും യുണൈറ്റഡ് റഷ്യ നേടി.

തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് രണ്ടാമത്. 57 സീറ്റുകളില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍ (കെപിആര്‍എഫ്) വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 15 സീറ്റുകളാണ് പാര്‍ട്ടി അധികമായി നേടിയത്. 2016ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആകെ വോട്ട് ശതമാനം 13% ആയിരുന്നെങ്കില്‍ ഇത്തവണ 19% ആയി വര്‍ധിക്കുകയും ചെയ്തു. കിഴക്കന്‍ മേഖലയായ യകൂതിയയില്‍ 35.15% വോട്ടുകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേടി.

തെരഞ്ഞെടുപ്പില്‍ വലിയ ക്രമക്കേട് നടന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. 15 ഇലക്ടറല്‍ ഡിസ്ട്രിക്ടുകളില്‍ പകുതിയിലേറെയും ഇടങ്ങളില്‍ യുണൈറ്റഡ് റഷ്യയുടെ എതിരാളികളാണ് മുന്നിട്ട് നിന്നത്. എന്നാല്‍ ഇലക്ട്രോണിക് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യുണൈറ്റഡ് റഷ്യയുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്തു. 49.82% വോട്ടുകളാണ് ഇത്തവണ യുണൈറ്റഡ് റഷ്യ നേടിയത്.

ജനങ്ങള്‍ ചതിക്കപ്പെട്ടുവെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാന്‍ ഗെന്നഡി സ്യുഗനോവ് പറഞ്ഞു. ‘തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേരയുള്ള അക്രമമാണിത്. ക്രമക്കേട് മറച്ചുവെക്കാന്‍ കപടവാദങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ജനങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തിറങ്ങണം’- സ്യുഗനോവ് പറഞ്ഞു.

ഉദ്യോഗസ്ഥര്‍ യുണൈറ്റഡ് റഷ്യക്കനുകൂലമായി ഇടപെട്ടുവെന്ന് ആരോപിച്ച് രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മോസ്‌കോയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ഇരുന്നൂറോളം കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പില്‍ വലതുപക്ഷ പാര്‍ടിയായ എല്‍ഡിപിആറും, മധ്യ ഇടതുപക്ഷ പാര്‍ടിയായ ഫെയര്‍ റഷ്യയും 7.5% വോട്ടുകളാണ് നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News