ഞങ്ങള്‍ വിജയിക്കാന്‍ പോകുന്നു എന്ന് ഹുങ്കോടെ പ്രഖ്യാപിച്ച വര്‍ഗ്ഗീയ ശക്തികള്‍ക്ക് തിരിച്ചടി നല്‍കിയ നാടാണ് കേരളമെന്ന് മുഖ്യമന്ത്രി

ഞങ്ങള്‍ വിജയിക്കാന്‍ പോകുന്നു എന്ന് ഹുങ്കോടെ പ്രഖ്യാപിച്ച വര്‍ഗ്ഗീയ ശക്തികള്‍ക്ക് തിരിച്ചടി നല്‍കിയ നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊഹാപോഹങ്ങളുടെ പേരില്‍ തെറ്റിദ്ധാരണയുണ്ടായാല്‍ സമൂഹത്തെ ബാധിക്കുന്ന പ്രഖ്യാപനങ്ങളിലേക്ക് കടക്കരുത്. തെറ്റിദ്ധാരണ പരത്താന്‍ ഈ നാടിനെ ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില തെറ്റിദ്ധാരണകള്‍ കൃത്യമായി വിലയിരുത്തുമ്പോഴാണ് ശരിയായ ധാരണയിലെത്തുക. മതമേതായാലും മനുഷ്യര്‍ നന്നായാല്‍ മതി എന്ന ശ്രീനാരായണ ഗുരു സന്ദേശം നെഞ്ചിലേറ്റിയവരാണ് കേരളീയര്‍. നാടിനെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ വര്‍ഗ്ഗീയ ചിന്താഗതിക്കാര്‍ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വര്‍ഗ്ഗീയ സംഘടനകള്‍ കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഗ്ഗീയതയുടെ അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തെ സംഘടിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. അടുത്ത നാളില്‍ ചില തെറ്റായ നീക്കങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. ഈ നീക്കം ആര്‍ക്ക് ഗുണം ചെയ്യുന്നതെന്ന് മത നിരപേക്ഷ ചിന്താഗതിക്കാര്‍ ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നാടിനെ വര്‍ഗ്ഗീയമായി ചേരി തിരിക്കാന്‍ പുറപ്പെടുന്നവരാണ് സംഘ പരിവാര്‍. ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. നാര്‍ക്കോട്ടിക് വ്യാപനത്തിനെതിരെ നടപടി സ്വീകരിക്കുന്നു. എന്നാല്‍ നാര്‍ക്കോട്ടിക് ജിഹാദ് എന്ന പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് പറഞ്ഞിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാര്‍ക്കോട്ടിക് ജിഹാദ് എന്ന പ്രസ്താവന ഉന്നത സ്ഥാനത്തുള്ളവര്‍ നടത്താന്‍ പാടില്ലാത്ത പ്രസ്താവനയാണ്. ഭിന്നിപ്പിനുള്ള ശ്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. താന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്നാണെന്ന് അവതരിപ്പിക്കരുതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കോണ്‍ഗ്രസ് നീക്കത്തിനെതിരെയും പിണറായി വിജയന്‍ ആഞ്ഞടിച്ചു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ചില്ലറ ആളുകളെ കിട്ടുമോയെന്ന് കരുതി ഓടി വരുന്നവരുണ്ട്. അവരെ കണ്ട് ഭ്രമിച്ച് പോവരുത്. അവരുടെ ഉദ്ദേശം വേറെ ചിലതാണ്. അവര്‍ നാടിനെ ഭിന്നിപ്പിയ്ക്കാന്‍ ശ്രമിച്ചവരാണ്. അവര്‍ വരുമ്പോള്‍ തിരിച്ചറിയാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News