‘വിജയം നേടുമെന്നുറപ്പുള്ള സൈനികദൗത്യങ്ങളെ ഇനി അമേരിക്ക ഏറ്റെടുക്കൂ’; യു.എന്‍ പൊതുസഭാ പ്രസംഗത്തില്‍ പ്രഖ്യാപനം നടത്തി ജോ ബൈഡന്‍

വിദേശത്തെ സൈനികനടപടികളില്‍ അമേരിക്കയുടെ പുതിയ നിലപാട് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വിജയം നേടുമെന്നുറപ്പുള്ള സൈനികദൗത്യങ്ങളെ ഇനി അമേരിക്ക ഏറ്റെടുക്കൂ. പുതിയൊരു ശീതയുദ്ധത്തിന് അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. യു.എന്‍ പൊതുസഭാ പ്രസംഗത്തിലാണ് ബൈഡന്റ പ്രഖ്യാപനം.

അഫ്ഗാനിലെ യുഎസ് സേനാ പിന്മാറ്റത്തിലും കൊവിഡിന് ശേഷം ലോകക്രമത്തിന് സംഭവിച്ച വ്യതിയാനത്തിലും അമേരിക്കയുടെ കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാട് സൂചിപ്പിക്കുന്നതായിരുന്നു ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയുടെ 76ആം സമ്മേളനത്തില്‍ ജോ ബൈഡന്‍ നടത്തിയ പ്രസംഗം. വ്യക്തമായ വിജയം നേടാവുന്നതായ സൈനിക ദൗത്യങ്ങളേ അമേരിക്ക ഇനി ഏറ്റെടുക്കൂവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ആവശ്യമുണ്ടെങ്കില്‍ മാത്രമേ സൈനിക നടപടിക്ക് തയാറാകൂവെന്നും അവസാന മാര്‍ഗമായി മാത്രമേ അതിനെ കാണൂ എന്നും ബൈഡന്‍ വ്യക്തമാക്കി.

കൊവിഡ് എന്ന രോഗാണു ലോകത്തെ പുതിയ സാഹചര്യത്തിലേക്ക് മാറ്റിയെന്നും ജോ ബൈഡന്‍ പറഞ്ഞു. ശാസ്ത്രവും രാഷ്ട്രീയ ഇച്ഛാശക്തിയുമാണ് ഈ കാലത്തെ മറികടക്കാന്‍ നമുക്ക് ആവശ്യമെന്നും ബൈഡന്‍ വ്യക്തമാക്കി.

യുഎസ് പുതിയ ശീതയുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ചൈനയുമായുള്ള ബന്ധത്തെ സൂചിപ്പിച്ച് ബൈഡന്‍ പറഞ്ഞു. മറ്റ് മേഖലകളില്‍ ഞങ്ങള്‍ക്ക് കടുത്ത വിയോജിപ്പുണ്ടെങ്കില്‍പ്പോലും, വെല്ലുവിളികള്‍ പങ്കുവയ്ക്കാന്‍ സമാധാനപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഏത് രാജ്യത്തോടൊപ്പവും പ്രവര്‍ത്തിക്കാന്‍ യുഎസ് തയാറാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here