‘ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കോഴവാങ്ങി’; വെളിപ്പെടുത്തലുമായി കെ പി സി സി എക്സിക്യൂട്ടീവ് അംഗം പി വി ബാലചന്ദ്രന്‍ കൈരളി ന്യൂസിനോട്‌

എം എല്‍ എ ഐ സി ബാലകൃഷ്ണനെതിരെ ഞെട്ടിപ്പിക്കുന്ന അഴിമതിയാരോപണം. ബത്തേരി സഹകരണ ബാങ്ക് നിയമനങ്ങളില്‍ എം എല്‍ എ പണം വാങ്ങിയെന്ന് കെ പി സി സി എക്‌സിക്യൂട്ടീവ് അംഗം പി വി ബാലചന്ദ്രന്‍. പണമിടപാടുകളില്‍ താന്‍ ദൃക്‌സാക്ഷിയാണെന്നും അദ്ദേഹം കൈരളിന്യൂസിനോട് വെളിപ്പെടുത്തി. അതേ സമയം ആക്ഷേപം അടിസ്ഥാന രഹിതമെന്ന് ഐ സി ബാലകൃഷ്ണന്‍ പ്രതികരിച്ചു. ആരോപണം നേരിടുന്ന എം എല്‍ എ രാജിവെക്കണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടു.

ബത്തേരിയിലെ യു ഡി എഫ് ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ വന്‍ തട്ടിപ്പ് സംബന്ധിച്ച് കൈരളി ന്യൂസ് നേരത്തേ പുറത്തുകൊണ്ടുവന്ന വാര്‍ത്ത സ്ഥിരീകരിക്കുന്ന പ്രതികരണമാണ് കെ പി സി സി എക്‌സിക്യൂട്ടീവ് അംഗവും മുന്‍ ഡി സി സി പ്രസിഡന്റുമായ പി വി ബാലചന്ദ്രന്റേത്. അഴിമതിയില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അത് ഐ സി ബാലകൃഷന് മാത്രമാണെന്ന് അദ്ദേഹം കൈരളി ന്യൂസിനോട് വെളിപ്പെടുത്തി. പല സാമ്പത്തിക ഇടപാടുകള്‍ക്കും മധ്യസ്ഥത നില്‍ക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് കെ പി സി സിക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. രമേശ് ചെന്നിത്തലയുള്‍പ്പെടെ ആരോപണ വിധേയരെ സംരക്ഷിച്ചുവെന്നും പി വി ബാലചന്ദ്രന്‍ തുറന്നു പറഞ്ഞു.

ആരോപണങ്ങള്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ നിഷേധിച്ചു.തനിക്ക് മധ്യസ്ഥന്മാരില്ലെന്നും പാര്‍ട്ടിക്ക് വേണ്ടിയോ വ്യക്തിപരമായോ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബത്തേരിയിലെ സഹകരണ ബാങ്ക് അഴിമതി സംബന്ധിച്ച് നേരത്തേ ഡി സി സി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രമുഖരെ സംരക്ഷിച്ചാണെന്ന ആക്ഷേപം കോണ്‍ഗ്രസില്‍ വന്‍ ഭിന്നതക്കാണ് വഴിവെച്ചിരിക്കുന്നത്.

അഴിമതിയില്‍ പങ്കുള്ള കെ പി സി സി അംഗംങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ സമിതി പരിഗണിച്ചില്ല. കെ പി സി സി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് പുറത്തുവരുന്നതിനുമുന്‍പ് ഡി സി സി റിപോര്‍ട്ട് പുറത്തായതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഒരു വിഭാഗം ആരോപിക്കുന്നു. ബത്തേരി സഹകരണ ബാങ്ക് അഴിമതിയില്‍ ജില്ലാ കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് പരസ്യപ്രതികരണങ്ങള്‍. അതേ സമയം സംഭവത്തില്‍ എം എല്‍ എ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടിട്ടുണ്ട്. രാജിയാവശ്യപ്പെട്ട് സമരപരിപാടികള്‍ക്കും രൂപം നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News