‘കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന യു.ഡി.എഫ് നേതാക്കളുടെ മോഹം പൂവണിയാന്‍ പോകുന്നില്ല’; നര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ കാസിം ഇരിക്കൂര്‍

വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ പാല രൂപത ബിഷപ്പിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ആര്‍ജവമുണ്ടോ എന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍. സാമുദായിക സൗഹാര്‍ദത്തിന് ക്ഷതമേല്‍പിക്കും വിധം ബിഷപ്പ് നടത്തിയ ഭാഷാപ്രയോഗത്തെ മുഖ്യമന്ത്രി അസന്ദിഗ്ധമായി തള്ളിപ്പറഞ്ഞത് മതനിരപേക്ഷ കാഴ്ചപ്പാടിലൂടെയാണ്. സ്വാഗതാര്‍ഹമാണതെന്നും കാസിം പറഞ്ഞു.

നാര്‍ക്കോട്ടിക് ജിഹാദ് എന്ന പദം ഒരു നിലക്കും പ്രയോഗിക്കാന്‍ പാടില്ലാത്തതാണെന്ന മുഖ്യമന്ത്രിയുടെ വീക്ഷണം കേരളത്തിലെ മതേതര സമൂഹത്തിേന്റതാണ്. ആദ്യമായി പാല ബിഷപ്പിനെ സന്ദര്‍ശിച്ച കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമൊക്കെ ഇതുവരെ വിവാദപരാമര്‍ശത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ഈ വിഷയത്തില്‍ അവരുടെ മൗനം ബിഷപ്പിനുള്ള അംഗീകാരമാണ്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന യു.ഡി.എഫ് നേതാക്കളുടെ മോഹം പൂവണിയാന്‍ പോകുന്നില്ലെന്നും കാസിം ആഞ്ഞടിച്ചു.

സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടും വിധം ഏതെങ്കിലുമൊരു വിഭാഗം യോഗം വിളിച്ചുകൂട്ടി, അന്തരീക്ഷം വഷളാക്കാന്‍ ശ്രമിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യുള്ളൂ. മതവുമായി ബന്ധപ്പെട്ട് തെറ്റായ ചര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ഒരുമിച്ചിരുന്ന് സംഘര്‍ഷം കുറക്കാനുള്ള നീക്കമാണ് വേണ്ടതെന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി. ഈ ദിശയില്‍, ‘സാമൂഹിക വിഭജനത്തിന് മതം ആയുധമാക്കരുത്’ എന്ന മുദ്രാവാക്യത്തോടെ ഐ.എന്‍.എല്‍ തുടക്കമിട്ട സൗഹാര്‍ദ സംഗമങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News