കൈരളി ന്യൂസ് ഇംപാക്ട്: കേരളത്തില്‍  വൃക്ക മാഫിയ സംഘം സജീവം; അന്വേഷണം ആരംഭിച്ച് പൊലീസ്

അമ്പലപ്പുഴയില്‍ വ്യാപകമായി വൃക്ക കച്ചവടം നടക്കുന്നുവെന്ന കൈരളിന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അമ്പലപ്പു‍ഴയിലെ രണ്ടു വാര്‍ഡുകളിലെ ഇരുപതോളം പേരുടെ വൃക്കയാണ് സംഘം തട്ടിയത്. വൃക്ക വിറ്റവരില്‍ നിന്നും വില്‍ക്കാന്‍ മുന്‍കൂര്‍ തുക വാങ്ങി നില്‍ക്കുന്നവരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു വരുന്നു. ക്രൈംബ്രാഞ്ചിന്റ പ്രത്യേക വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. കൈരളി ചാനലാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.

കേരളത്തില്‍ വീണ്ടും വൃക്ക മാഫിയ പിടിമുറുക്കുന്നു എന്നും മലപ്പുറം കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിന് പിന്നിലെന്നും കൈരളിചാനല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സാധാരണക്കാരായ ജനങ്ങളെ ചൂഷണം ചെയ്താണ് ഇവര്‍ കോടികള്‍ സമ്പാദിക്കുന്നത്. കൊവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ വരെ തെരഞ്ഞുപിടിച്ചാണ് കച്ചവടം നടത്തുന്നത്.

പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് ഏജന്റുമാര്‍ വൃക്ക കച്ചവടം നടത്തുന്നത്. മലപ്പുറം വളാഞ്ചേരി സ്വദേശിയാണ് ഈ വന്‍ റാക്കറ്റിന് പിന്നില്‍. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇവരുടെ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നു. ഇവരിലൂടെയാണ് ആണ് ഇവര്‍ ഇരകളെ ആശുപത്രിയില്‍ എത്തിക്കുന്നത്.

പത്തും പതിനഞ്ചും ലക്ഷം രൂപ വാഗ്ദാനം നല്‍കി ഇരകള്‍ ആശുപത്രിയിലെത്തി കഴിഞ്ഞാല്‍ തുക നേരെ പകുതിയായി കുറയും. ഇങ്ങനെയാണ് ഇടനിലക്കാരുടെ ചൂഷണം. കിഡ്‌നി വില്‍പ്പന നടത്തിയവരോട് ഇത് പുറത്തുപറയരുതെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട് . വൃക്ക വില്‍പന നടത്തിയവരിലൂടെ കൂടുതല്‍ ആളെ കണ്ടെത്തിയാല്‍ അവര്‍ക്ക് ആവശ്യമായ കമ്മീഷനുകളും ഇവര്‍ നല്‍കുമെന്നും കൈരളി ന്യൂസ് അന്വേഷണത്തില്‍ കണ്ടെത്തി.

2015 ന് ശേഷമാണ് ഇവര്‍ കേരളത്തില്‍ പിടിമുറുക്കിയത്. ഒരു വാര്‍ഡില്‍ നിന്ന് പോലും പതിനഞ്ചിലധികം പേരുടെ കിഡ്‌നി ആണ് ഇവര്‍ വാങ്ങിയിട്ടുള്ളത്. ഇതുപോലെ കേരളത്തിലങ്ങോളമിങ്ങോളം നിരവധി ആളുകളാണ് ഇവരുടെ ചൂഷണത്തിന് ഇരകളായിട്ടുള്ളത്. ആവശ്യക്കാരില്‍ നിന്നും 40 ലക്ഷം മുതല്‍ മുതല്‍ 70 ലക്ഷം രൂപ വരെ വാങ്ങിയാണ് കിഡ്‌നി വില്‍ക്കുന്നത്. എന്നാല്‍ വൃക്ക ദാതാക്കള്‍ക്ക് ആകട്ടെ 10 ലക്ഷം രൂപയില്‍ താഴെ മാത്രമാണ് ലഭിക്കുക.

എറണാകുളത്തെ രണ്ടു വന്‍കിട സ്വകാര്യ ആശുപത്രികള്‍ കൂടാതെ തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഉള്‍പ്പെടെയാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്. വൃക്ക നല്‍കിയ പലരും പണം കിട്ടാത്തതിനെ തുടര്‍ന്ന് പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ ഏജന്റുമാര്‍ ഇപ്പോള്‍ ഒളിവിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News