പ്രണയത്തിനേയും മയക്കുമരുന്നിനേയും മതത്തിന്റെ കണക്കില്‍ പെടുത്തേണ്ടതില്ല: മുഖ്യമന്ത്രി

പ്രണയത്തിനേയും മയക്കുമരുന്നിനേയുമൊക്കെ ഏതെങ്കിലും ഒരു മതത്തിന്റെ കണക്കില്‍ പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി. നാര്‍ക്കോട്ടിക് വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രശ്‌നം ശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ പറഞ്ഞത് ആവര്‍ത്തിക്കുന്നു. മതത്തിനും മയക്കുമരുന്നിനും മതം ഇല്ല. മതത്തിന്റെ കള്ളിയില്‍ പെടുത്താന്‍ കഴിയുകയുമില്ല. ചിലര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് വസ്തുതയുടെ പിന്‍ബലമില്ല. കേരളത്തിലെ മതപരിവര്‍ത്തനത്തിലും മയക്കുമരുന്നു കേസുകളിലും ന്യൂനപക്ഷ മതങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേക പങ്കാളിത്തമില്ല.

ക്രിസ്തുമതത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് കൂടുതല്‍ പരിവര്‍ത്തനം എന്ന ആശങ്കയും അടിസ്ഥാനരഹിതമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ല.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശി അഖില, ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത് നിര്‍ബന്ധിത മതപരിവര്‍ത്തനം ആണെന്ന് വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നിരുന്നു. ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ഇതര മതസ്ഥരായ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പെടുത്തി മതപരിവര്‍ത്തനം നടത്തി തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്നതിനുള്ള പ്രചാരണത്തിന് നിജസ്ഥിതി പരിശോധിച്ചു.അപ്പോഴും മറ്റൊരു ചിത്രമാണ് തെളിയുന്നത്. മറ്റ് 28പേര്‍ ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്നുതന്നെ പോയവരാണ്. അതില്‍ അഞ്ചു പേര്‍ മാത്രമാണ് മറ്റു മതങ്ങളില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയശേഷം ഐഎസ് ചേര്‍ന്നത്.

തിരുവനന്തപുരം സ്വദേശി നിമിഷ എന്ന യുവതി പാലക്കാട് സ്വദേശിയായ ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തു. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ പെടുത്തി മതപരിവര്‍ത്തനം നടത്തി തീവ്രവാദ സംഘങ്ങളില്‍ എത്തിക്കുന്നു എന്ന പ്രചരണത്തെ സാധൂകരിക്കുന്നതല്ല ഈ കണക്കുകള്‍.

യുവതി യുവാക്കള്‍ തീവ്രവാദ സംഘങ്ങളില്‍ എത്താതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്‍കൈയെടുത്ത് 2018 മുതല്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. മതാടിസ്ഥാനത്തില്‍ അല്ല മയക്കുമരുന്ന് കച്ചവടം.

മതനിരപേക്ഷത ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. വിഭാഗീയതക്ക് ഇടയാക്കുന്ന തരത്തിലുള്ള പ്രചരണം അവസാനിപ്പിക്കുകയാണ് വേണ്ടത്. കലക്കവെളളത്തില്‍ നിന്ന് മീന്‍പിടിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ വേണം. ഇത്തരക്കാരെ തുറന്നുകാട്ടാന്‍ എല്ലാവരും ശ്രമിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here