പറക്കലിനിടെ റഷ്യന്‍ സൈനിക വിമാനം കാണാതായി

പറക്കലിനിടെ റഷ്യന്‍ സൈനിക വിമാനം കാണാതായെന്ന് റിപ്പോര്‍ട്ട്. ആറു പേര്‍ യാത്ര ചെയ്ത ആന്റനോവ്-26 വിമാനമാണ് തെക്ക് കിഴക്ക് ഖബാറോസ്‌ക് പ്രദേശത്ത് വെച്ച് കാണാതായത്. ആശയ വിനിമയ ഉപകരണങ്ങളുടെ പരിശോധനക്കായി പറന്നുയുര്‍ന്ന വിമാനവുമായുള്ള ബന്ധം 38 കിലോമീറ്റര്‍ അകലെ വെച്ച് നഷ്ടപ്പെടുകയായിരുന്നു. യന്ത്ര തകരാറോ മോശം കാലാവസ്ഥയോ ആകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

അപകടവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ഫെഡറല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സിയുടെ എം.ഐ-8 ഹെലികോപ്റ്റര്‍ തിരച്ചില്‍ ആരംഭിച്ചു. മേഖലയില്‍ രക്ഷാദൗത്യത്തിനായി 70 അംഗ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ തിരച്ചില്‍ വൈകിപ്പിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

1970-80 കാലത്ത് സോവിയറ്റ് യൂണിയന്‍ നിര്‍മിച്ചതാണ് ചെറു യാത്രാവിമാനമായ ആന്റനോവ്-26. സിവിലിയന്‍ കാര്‍ഗോ, സൈനികര്‍, സൈനിക ഉപകരണങ്ങള്‍ എന്നിവയുടെ കൈമാറ്റത്തിനായാണ് ഈ വിമാനം പ്രധാനമായും ഉപയോഗിച്ചിരുന്നത്.

കഴിഞ്ഞ ജൂലൈ 16ന് 17 യാത്രക്കാരുമായി പറന്ന ആന്റനോവ്-28 വിമാനം തോംസിലെ സൈബീരിയന്‍ പ്രദേശത്ത് വെച്ച് കാണാതായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ വിമാനം ഇടിച്ചിറക്കിയതായി കണ്ടെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here