പ്രണയം..പ്രകൃതി…വിപ്ലവം…പാബ്ലോ നെരൂദ വിടവാങ്ങിയിട്ട് ഇന്നേക്ക് 48 വര്‍ഷം

പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും മാനവികതയുടെയും അങ്ങനെ എല്ലാത്തിന്റെയും കവിയായ പാബ്ലോ നെരൂദ വിടവാങ്ങിയിട്ട് ഇന്നേക്ക് 48 വര്‍ഷം. സ്വദേശമായ ചിലിയിലും ലാറ്റിന്‍ അമേരിക്കയിലും മാത്രമല്ല നിരവധി ദേശങ്ങളും ഭാഷകളും നേരൂദയുടെ കവിതകളെ ഹൃദയത്തോട് ചേര്‍ത്തു വെച്ചു. ജനിച്ച് ഒരു നൂറ്റാണ്ട് ആയിട്ടും, മരിക്കുകയോ രക്തസാക്ഷിയോ ആയിട്ട് അരനൂറ്റാണ്ടായിട്ടും നെരൂദയുടെ ആകാശശബ്ദം ഇന്നും ജനതകളോട് പ്രഘോഷിക്കുന്നു.

നെരൂദയുടെ വാക്കുകളില്‍ വിയര്‍പ്പും പുകയുംകൊണ്ട് അര്‍ത്ഥഗര്‍ഭമായ കവിതകളാണ് അദ്ദേഹത്തിന്റേത്…ലില്ലിപ്പൂവിന്റെ മാത്രമല്ല മൂത്രത്തിന്റെയും ഗന്ധമുണ്ടതിന്….ദന്തഗോപുരങ്ങള്‍ക്ക് നേരെ പണിയെടുത്ത് പൊട്ടിയ കൈകള്‍ മുറുകി ഉയര്‍ന്നപ്പോള്‍ അവര്‍ക്കിടയിലേക്ക് തന്റെ കവിതകളുമായി നെരൂദ നടന്ന് ചെന്നു…ചേരികളിലും ചാളകളിലും പട്ടിണി കാര്‍ന്ന് തിന്നുന്ന നിസ്സാര മനുഷ്യ ജീവിതങ്ങളുടെ വിശപ്പുപുരകളിലേക്ക് ആ കവിതകളെത്തി……മുതലാളിത്തത്തിന്റെ രക്തദാഹം സ്വന്തം അധ്വാന ശേഷി ഊറ്റിക്കുടിക്കുന്നത് നിസ്സാഹയതയോടെ നോക്കി നില്‍ക്കുന്ന ചൂഷിതരായ തൊഴിലാളികള്‍ക്കൊപ്പം നിന്ന് ആത്മാവിന്റെ തൂമ്പകൊണ്ട് മഞ്ഞും ചോരയും കയറ്റുകയും ഇറക്കുകയുമാണ് തന്റെ ദൗത്യമെന്ന് നെരൂദ ഉദ്‌ഘോഷിച്ചു..

ജനങ്ങള്‍ ആ കവിതകള്‍ ഏറ്റെടുത്തു….പിനോഷയുടെ പട്ടാള ഭരണത്തിനെതിരായ ആദ്യത്തെയും അവസാനത്തെയും പ്രതിഷേധമെന്ന് വിശേഷിപ്പിക്കുന്ന നെരൂദയുടെ ശവമടക്ക് യാത്ര തന്നെ അതിന് സാക്ഷി…മരണം കാവല്‍ നിന്ന തെരുവിലേക്കാണ് നെരൂദയ്ക്കായി ജനം ഒഴുകി പരന്നത്….ഒരു കവിക്ക് വേണ്ടിയും ഭൂമുഖത്തെവിടെയും ഒരു ജനതയും അങ്ങനൊരു വിലാപ യാത്ര ചരിത്രത്തിലൊരിടത്തും നടത്തിയിട്ടുണ്ടാകില്ല…..’COME AND SEE THE BLOOD IN THE STREETS’ എന്നതാണ് …നെരൂദയുടെ ഏറ്റവും പ്രശസ്ഥമായ ഈരടികള്‍..സ്വന്തം കാലത്തെ തെരുവുകളിലെ ചോരയിലേക്ക് വലിച്ചിറക്കിയ കവി എന്ന വിശേഷണം അദ്ദേഹത്തിന് ചാര്‍ത്തി കൊടുത്തു ഈ വരികള്‍…അതിനാല്‍ തന്നെ തെരുവുകളില്‍ ചോര പൊടിയുമ്പോഴൊക്കെ ലോകം ആ വരികള്‍ ഓര്‍ക്കാതിരിക്കില്ല…..

മരിക്കുമ്പോള്‍ ഇവന്‍ കൊതിപ്പൂ നിന്‍ കരം നിറയുമെന്‍ മിഴി തിരുമ്മി മൂടണം എന്ന് മരണത്തെ പ്രണയവത്കരിക്കുന്ന….നിങ്ങള്‍ക്ക് എല്ലാ പൂക്കളും അറുത്തുമാറ്റാം…പക്ഷെ പൂക്കാലം വരുന്നത് തടയാനാവില്ല എന്ന് പ്രണയത്തെ പ്രകൃതിവല്‍ക്കരിക്കുന്ന..നിനക്ക് ഞാന്‍ നേദിക്കും മലയോരങ്ങള്‍ താണ്ടി പൂവുകള്‍ നീലക്കൊടുവേലികള്‍ കല്‍ഹാരങ്ങള്‍…ഒരു ചൂരല്‍ക്കുടയില്‍ നിറയെ പൊന്നുമ്മകള്‍ എന്ന് പ്രകൃതിയെ മനുഷ്യവത്കരിക്കുന്ന…ഞാനിതാ വരുന്നു എന്റെ സിരകളിലേക്ക് വരൂ..എന്റെ ചുണ്ടുകളിലേക്ക് വരൂ..എന്റെ വാക്കുകളിലൂടെ സംസാരിക്കൂ…സംസാരിക്കൂ എന്റെ രക്തത്തിലൂടെ എന്ന് ചരിത്രത്തെ കവനവത്കരിക്കുന്ന….ഞാന്‍ ഇവിടെത്തന്നെ നില്‍ക്കും തൊഴിലാളിളോടൊത്തു പാടാന്‍ ഈ ചരിത്രത്തില്‍ ഈ ഭൂമിശാസ്ത്രത്തില്‍ എന്ന് കവനത്തെ ചരിത്ര വത്കരിക്കുന്ന കവി…

അംഗീകരിക്കപ്പെട്ട കവികള്‍ സാഹിത്യ ചരിത്രത്തില്‍ ഏറെയുണ്ടാകുമെങ്കിലും സ്നേഹിക്കപ്പെട്ട കവികള്‍ അത്രയേറെ ഉണ്ടാകില്ല…അതിനാല്‍ തന്നെയാണ് നെരൂദ കവിതകള്‍ അതിര്‍ത്തികളെ അപ്രത്യക്ഷമാക്കുന്ന..ഭൂപടങ്ങളെ ഭേദിക്കുന്ന സാംസാകാരിക അത്ഭുതമാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News