സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനെ സ്വാഗതം ചെയ്ത് ഐ എം എ

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനെ സ്വാഗതം ചെയ്ത് ഐ എം എ. കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ നിന്നും സംസ്ഥാനം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കാനുള്ള തീരുമാനത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്വാഗതം ചെയ്യുന്നുവെന്ന് ഐ എം എ പറഞ്ഞു. വളരെ കാര്യക്ഷമമായ മുന്നൊരുക്കങ്ങൾ ഇതിന് ആവശ്യമാണ്.

രണ്ടു വർഷത്തോളമായി വീടുകളിൽ അടച്ചിട്ട രീതിയിൽ ഇരിക്കുന്ന വിദ്യാർത്ഥികൾ വിവിധ മാനസിക പിരിമുറുക്കങ്ങളാൽ ബുദ്ധിമുട്ടുകയാണ്. സാമൂഹ്യമായ ഇടപഴകലുകൾ ഇല്ലാതിരിന്ന ഈ അവസ്ഥ സാമൂഹ്യ ജീവിയായി ഉള്ള അവരുടെ വികാസത്തിന് വിലങ്ങുതടിയാണ്. ഇതുകൂടാതെ ഗാർഹിക അതിക്രമങ്ങളും പീഡനങ്ങളും വർദ്ധിക്കുന്നതായും സൂചനകളുണ്ട്. ഇതിന് ഒരു അറുതി വരുത്താൻ ഘട്ടംഘട്ടമായി സാവകാശം സ്കൂളുകൾ തുറക്കുന്നത് സഹായിക്കും.

സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരുമെല്ലാം നിർബന്ധമായും വാക്സിനേഷൻ ചെയ്തിരിക്കണം. കുട്ടികളുടെ മാതാപിതാക്കളും മുതിർന്ന കുടുംബാംഗങ്ങളും എല്ലാം വാക്സിനേഷൻ കർശനമായും എടുത്തിരിക്കണം എന്ന നിബന്ധന അത്യാവശ്യമാണ്.

ക്ലാസുകൾ ക്രമീകരിക്കുമ്പോൾ ഒരു ബെഞ്ചിൽ ഒന്നോ രണ്ടോ കുട്ടികൾ മാത്രം സാമൂഹ്യ അകലത്തിൽ ഇരിക്കുന്ന സമ്പ്രദായം നടപ്പിലാക്കണം. ക്ലാസുകൾ വിഭജിച്ച് പഠനം നടത്തേണ്ടതാണ്. ഓൺലൈൻ/ഓഫ്‌ലൈൻ ഹൈബ്രിഡ് സംവിധാനം ഇതിനായി ഉപയോഗപ്പെടുത്താം. ഒരു ബാച്ച് കുട്ടികൾ ക്ലാസുകളിൽ ഹാജരായി പഠനം നടത്തുമ്പോൾ അതെ ക്ലാസ്സ് മറ്റൊരു ബാച്ചിന് ഓൺലൈനായും അറ്റൻഡ് ചെയ്യാവുന്നതാണ്.

ഓൺലൈൻ അറ്റൻഡ് ചെയ്യുന്നവരെ അടുത്തദിവസം ക്ലാസ്സുകളിൽ നേരിട്ട് ഹാജരാകുന്ന രീതിയിലും ക്രമീകരിക്കാം. ക്ലാസുകൾക്ക് ഇടയിൽ ഇടവേളകൾ ശാസ്ത്രീയമായി ക്രമീകരിക്കണം. ഒരു കാരണവശാലും സ്കൂളിൽ ഹാജരാകുന്ന കുട്ടികൾ എല്ലാം ഒരുമിച്ചു കൂടുന്ന അവസ്ഥ ഉണ്ടാകാൻ അനുവദിക്കരുത്. വിവിധ ഡിവിഷനുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ഇടവേളകൾ നൽകുകയായിരിക്കും ഉത്തമം.

സ്കൂളുകളിൽ വെച്ച് ഭക്ഷണം കഴിക്കുന്ന ഇടവേളകൾ ഉണ്ടാകാതിരിക്കുതാണ് നല്ലത്. ഷിഫ്റ്റ് സമ്പ്രദായത്തിൽ ഇത്തരം ക്രമീകരണം സാധ്യമാണുതാനും. അടച്ചിട്ട മുറികളിലും കൂട്ടം ചേരലുകളിലും ആണ് കൊവിഡ് വൈറസ് ഏറ്റവും കൂടുതൽ വ്യാപിക്കുന്നത് എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അത്തരം സാഹചര്യങ്ങൾ സ്കൂളുകളിൽ ഒഴിവാക്കിയേ മതിയാവൂ.

മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നീ കോവിഡ് മാനദണ്ഡങ്ങളുടെ പ്രാധാന്യം സിലബസ്സിൻ്റെ ഭാഗമായിത്തന്നെ കുട്ടികളെ പഠിപ്പിക്കണം. സ്വന്തം വീടുകളിലും പരിസരത്തും പൊതുസ്ഥലങ്ങളിലും ഈ മാനദണ്ഡങ്ങൾ പാലിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കണം.

ഈ സന്ദേശം മറ്റുള്ളവരിലേക്ക് പകർന്നു നൽകാനും വിദ്യാർഥികളെ ബോധവൽക്കരിക്കണം. ഈയൊരു ഘട്ടത്തിൽ ഇതിൽ ശാസ്ത്രീയമായ ബോധവത്കരണത്തിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പൂർണ സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്യുന്നു. ജില്ലാടിസ്ഥാനത്തിൽ തന്നെ ഐഎംഎ ബ്രാഞ്ചുകൾ വഴി ക്ലാസുകൾ നടത്താൻ ഞങ്ങൾ സജ്ജമാണ്. അധ്യാപകർക്കും പഠിതാക്കൾക്കും രക്ഷാകർത്താക്കൾക്കും ഒരുപോലെ പരിശീലനം ആവശ്യമാണ്.

കൊവിഡ് മഹാമാരി നമ്മുടെ ജീവിതരീതികൾ എല്ലാം മാറ്റി മറിച്ചു. സ്കൂൾ പഠന രീതികളിലും കാതലായ മാറ്റം അനിവാര്യമായിരിക്കുകയാണ്. ഏറ്റവും പ്രധാനപ്പെട്ട പാഠഭാഗങ്ങൾക്ക് ഊന്നൽ കൊടുത്ത് സ്കൂൾ ക്ലാസുകളിൽ പഠിപ്പിക്കുന്ന രീതിയിലേക്ക് നാം മാറേണ്ടിവരും. സ്കൂളിലെ പഠന മണിക്കൂറുകൾ കുറയ്ക്കുന്ന രീതിയിൽ സിലബസ് പുനരാവിഷ്കരിക്കണം. അടുത്ത കുറച്ചു വർഷത്തേക്കെങ്കിലും ഇത്തരത്തിൽ കൂട്ടം ചേരലുകൾ ഒഴിവാക്കുന്ന സാഹചര്യം സ്കൂളുകളിൽ ഉണ്ടാകണം.

കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനുള്ള ട്രാൻസ്പോർട്ട് സംവിധാനം കുറ്റമറ്റതായിരിക്കണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വാഹനങ്ങൾ പലയാവർത്തി ഓടിക്കേണ്ടതായി വരും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അധികസാമ്പത്തികബാധ്യത ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ട് ഈ ഘട്ടത്തിൽ സർക്കാരിൻ്റെ ഇടപെടൽ ഉണ്ടാകണമെന്നും, സർക്കാർ ട്രാൻസ്പോർട്ട് സംവിധാനങ്ങൾ ഇതിലേക്കായി പുനർവിന്യസിക്കണമെന്നുമാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ അഭിപ്രായം.

കുട്ടികൾക്ക് വാക്സിനേഷൻ നൽകാൻ അനുവാദം ലഭിക്കുന്ന മാത്രയിൽ വാക്സിനേഷൻ ക്യാമ്പുകൾ പഠന കേന്ദ്രങ്ങളിൽ തന്നെ സജ്ജമാക്കുന്നതിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സന്നദ്ധരാണ്. കാലതാമസം കൂടാതെ എല്ലാ വിദ്യാർഥികൾക്കും വാക്സിൻ എത്തിക്കേണ്ടത് രോഗവ്യാപനത്തെ പ്രതിരോധിക്കാൻ അത്യന്താപേക്ഷിതമാണ്.

വാക്സിനേഷൻ എടുക്കാതെ ഈ ഘട്ടത്തിൽ സ്കൂളുകൾ തുറക്കുന്നത് രോഗവ്യാപനം കൂട്ടുമെന്ന ആശങ്ക കുറേ പേർക്കെങ്കിലും ഉണ്ട്. ഇതു വരെ നടന്ന പഠനങ്ങളിൽ ചെറിയ കുട്ടികളിൽ രോഗം വരാൻ സാധ്യത കുറവാണെന്നും അവരിൽ നിന്നും രോഗവ്യാപന സാധ്യത തീരെ കുറവാണെന്നും ആണ് മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ താരതമ്യേന റിസ്ക് ഒഴിവാകുന്നു. ബഹുഭൂരിപക്ഷം പേർക്കും വാക്സിൻ ലഭിച്ചാൽ വൈറസിൻ്റെ വ്യാപനം കുറയുകയും ചെയ്യുമെന്നും ഐ എം എ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News