മാദകസൗന്ദര്യം മണ്‍മറഞ്ഞിട്ട് ഇന്ന് 25 വര്‍ഷം; ഓര്‍മ്മകളില്‍ സില്‍ക്ക് സ്മിത

വശ്യതയേറിയ തന്റെ കണ്ണുകള്‍ കൊണ്ട് ഒരു കാലത്തെ ആരാധകരുടെ ഉറക്കം കെടുത്തിയ മാദക നടി സില്‍ക്ക് സ്മിത കാലം തീര്‍ത്ത വെള്ളിത്തിരയില്‍ നിന്നും അരങ്ങൊഴിഞ്ഞിട്ട് ഇന്ന് 25 വര്‍ഷം തികയുകയാണ്.

ആന്ധ്രയിലെ എളൂരു എന്ന ഗ്രാമത്തില്‍ നിന്ന്, തികച്ചും ദരിദ്രമായ കുടുംബപശ്ചാത്തലത്തില്‍ നിന്നെത്തിയ വിജയലക്ഷ്മി എന്ന സെല്ലുലോയ്ഡിലെ സില്‍ക്ക് സ്മിത, കൊത്തിവലിക്കുന്ന നോട്ടങ്ങളും എത്തിനോക്കാന്‍ പ്രേരിപ്പിക്കുന്ന ചലനങ്ങളും കൊണ്ട് പ്രേക്ഷകനെ മോഹിപ്പിച്ച് കീഴടക്കുന്ന തലത്തിലേക്ക് വളര്‍ന്നത് കേവലമായ വളര്‍ച്ചയുടെ സിനിമാ പരിണാമമായി മാത്രം കാണാനാവില്ല.

എണ്‍പതുകളിലൂടെയാണ് സ്മിതയുടെ സിനിമാകാലം സജീവമാകുന്നത്. വണ്ടിചക്രവും മൂന്നാംപിറയും സിലുക്ക് സിലുക്ക് എന്ന ചിത്രവും തുടങ്ങി അവര്‍ തമിഴിലും തെലുങ്കിലും സജീവമായി. ഹിന്ദിയിലടക്കം വിവിധ ഭാഷകളില്‍ അഭിനയിച്ച് നിറഞ്ഞുനിന്നു. പ്രത്യേകിച്ച് മുന്നാംപിറയിലെ കഥാപാത്രം ഏറെ ശ്രദ്ധേയമായി. പിന്നീട് എത്രയോ സിനിമകളിലൂടെ അവര്‍ പ്രേക്ഷകരില്‍ കാമവും ഹൃദയമിടിപ്പും സൃഷ്ടിച്ചു.

ഇണയെത്തേടി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും മലയാളീ പ്രേക്ഷകന്റെ നെഞ്ചിലേക്കും സ്മിത വശ്യമായ ചിരിയോടെ കാലുകള്‍ ഉയര്‍ത്തിവെച്ചു. തുമ്പോളി കടപ്പുറം, അഥര്‍വം, സ്ഫടികം, നാടോടി, തുടങ്ങിയ ജനപ്രിയചിത്രങ്ങളില്‍ അവര്‍ ചെറിയതും ശ്രദ്ധേയവുമായി വേഷങ്ങള്‍ ചെയ്തു. ലയനം പോലുള്ള ലൈംഗികാതിപ്രസരമുള്ള ചിത്രങ്ങളിലും അവര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. തെന്നിന്ത്യന്‍ സിനിമാലോകത്തെ കീഴടക്കിയ സില്‍ക്ക് ഇന്നൊരു ദുരന്തസമാനമായ ഓര്‍മ്മയാണ്.

ദിവസവും മൂന്ന് ഷിഫ്റ്റിലായി ജോലി ചെയ്തിരുന്ന സ്മിത ഒരു പാട്ടുസീന്‍ ചെയ്തിരുന്നതിന് വാങ്ങിയിരുന്നത് 50,000 രൂപയായിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകളായിരുന്നു ശിവാജി ഗണേശന്‍, രജനികാന്ത്, കമല്‍ഹാസന്‍, ചിരഞ്ജീവി തുടങ്ങിയവര്‍ അവുടെ ചിത്രങ്ങളില്‍ സ്മിതയുടെ ഒരു പാട്ടെങ്കിലും ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. 3 സിനിമകളാണ് സ്മിത നിര്‍മിച്ചത്. ആദ്യത്തെ 2 ചിത്രങ്ങള്‍ സമ്മാനിച്ചത് 2 കോടിയുടെ നഷ്ടം. മൂന്നാമത്തെ സിനിമ പുറത്തിറങ്ങിയില്ല. ഇതെല്ലാം സ്മിതയെ തളര്‍ത്തിയിരുന്നു. ചെന്നൈയിലെ അപാര്‍ട്‌മെന്റില്‍ സ്മിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്മിതയുടെ മരണം യുവഹൃദയങ്ങളെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു.

എത്രയോ പേരെ പോലെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ എരിഞ്ഞടങ്ങിപ്പോയവരില്‍ ഒരാള്‍. സ്‌ക്രീനില്‍ ആളിക്കത്തിച്ച ആസക്തിയുടെ കൊള്ളിയാന്‍ മിന്നലുകള്‍ അവസാനിച്ചുവീണപ്പോള്‍ ആരും അത്ഭുതപ്പെട്ടില്ല. കാരണം സിനിമയുടെ വ്യാകരണങ്ങളില്‍ ഇത്തരം ദുരൂഹമായ പിന്‍വാങ്ങലുകളുടെ കണ്ണീര്‍ പുരണ്ട ചരിത്രവുമുണ്ട്.

ആരൊക്കെയോ ജീവിതം മുതലെടുത്തിട്ടും ആരുടെയും പേരുകള്‍ പറയാതെ ആരോടും പരിഭവമില്ലാതെ അവള്‍ തിരിഞ്ഞു നടന്നു മരണത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News