ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ ആന്‍ഡമാന്‍ കടലിലും ഇന്ന് (സെപ്റ്റംബര്‍ 24) മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകരുതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.

മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് മഴ പെയ്യാന്‍ കൂടുതല്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അടിസ്ഥാനമാക്കി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സെപ്തംബര്‍ 25: പത്തനംതിട്ട, ആലപ്പുഴ. സെപ്തംബര്‍ 26: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി. സെപ്തംബര്‍ 27: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here