അസമിലെ നരനായാട്ട് ബിജെപി സര്‍ക്കാരിന്റെ ന്യൂനപക്ഷവേട്ട; സിപിഐഎം

അസമിലെ പൊലീസ് നരനായാട്ട് സംസ്ഥാനത്തെ ബിജെപി സർക്കാർ തയ്യാറാക്കിയ ന്യൂനപക്ഷവേട്ടയെന്ന് സിപിഐഎം. ദരങ് ജില്ലയിലെ ധോൽപുരിലെ ഗ്രാമീണ മേഖലയിൽ, ഭൂമികൈയ്യേറ്റം ആരോപിച്ചാണ് പതിറ്റാണ്ടുകളായി മണ്ണിൽ പണിയെടുക്കുന്ന കർഷകർക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. പൊലീസ് അക്രമത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തു.

പ്രദേശത്തെ മുസ്ലിം വിഭാഗത്തെ ലക്ഷ്യംവെച്ച് വർഗീയമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് അക്രമം നടന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും തുല്യതയും സുരക്ഷയും നൽകുന്ന ഭരണഘടനയുടെ ഉറപ്പിന് നേരെയുള്ള കടന്നാക്രമണമാണിത്.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പിബി ആവശ്യപ്പെട്ടു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണം. പ്രദേശത്തെ കുടിയൊഴിപ്പിക്കൽ ഉടൻ നിർത്തിവെക്കണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിക്കണമെന്നും പിബി ആവശ്യപ്പെട്ടു.

ബിജെപി സർക്കാരിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പോരാടുന്ന മതനിരപേക്ഷ-ജനാധിപത്യ ശക്തികൾക്ക് ഐക്യദാർഢ്യം നൽകുന്നുവെന്നും പിബി അറിയിച്ചു.

ധോൽപുരിൽ കുടിയൊഴിപ്പിക്കൽ എതിർത്ത ഗ്രാമവാസികൾക്കുനേരെയാണ് പ്രകോപനമില്ലാതെ പൊലീസ് വെടിയുതിർത്തത്. ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളാണ് ഇവിടത്തെ താമസക്കാരിൽ അധികവും. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ മഴയിൽനിന്ന് രക്ഷനേടാൻ താൽക്കാലിക കൂരകളിൽ അഭയംതേടിയ വീഡിയോ പുറത്തുവന്നു. എണ്ണൂറോളം കുടുംബത്തിലായി രണ്ടായിരത്തോളം പേരെയാണ് കുടിയൊഴിപ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ധോൽപുരിൽ വർഷങ്ങളായി താമസിച്ചിരുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാൻ വ്യാഴാഴ്ച പൊലീസ് എത്തിയപ്പോൾ ഗ്രാമവാസികൾ പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാരെ പൊലീസ് തല്ലിച്ചതച്ചു. കല്ലേറിൽ ഒമ്പത് പൊലീസുകാർക്കും പരിക്കേറ്റു. കൊവിഡ്കാലത്ത് നടക്കുന്ന ഒഴിപ്പിക്കലിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.

മൂന്നു മാസത്തിനിടെ ബിജെപി സർക്കാർ നടത്തുന്ന രണ്ടാമത്തെ ഒഴിപ്പിക്കലാണിത്. തിങ്കളാഴ്ച ധോൽപുർ ബസാർ, വെസ്റ്റ് ചുബ എന്നിവിടങ്ങളിലെ എണ്ണൂറോളം കുടുംബത്തെ പൊലീസ് ഒഴിപ്പിച്ചു. ജൂണിൽ 49 മുസ്ലിം കുടുംബത്തെയും ഒരു ഹിന്ദു കുടുംബത്തെയും ഒഴിപ്പിച്ചു. ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ അസം മുഖ്യമന്ത്രി ഹിമന്ദ ബിസ്വ സർമ അഭിനന്ദിച്ചതും വിവാദമായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News