രോഹിണി കോടതിയിലെ വെടിവെയ്പ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നു; കേസന്വേഷണം ക്രൈം ബ്രാഞ്ചിന്

ദില്ലി രോഹിണി കോടതിയിലെ വെടിവെയ്പ് കേസന്വേഷണം ദില്ലി ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ദില്ലി പൊലീസ് കമ്മീഷണർ രാകേഷ് അസ്താന അറിയിച്ചു. അതേസമയം, കോടതിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച വരുത്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ദില്ലി ബാർ കൗൺസിൽ ആവശ്യപ്പെട്ടു.

ഇന്നലെയാണ് ഗുണ്ടാ സംഘത്തലവൻ ജിതേന്ദർ ഗോഗിയെ കോടതി മുറിയിൽ ഒരു സംഘം കൊലപ്പെടുത്തിയത്. എതിർ സംഘത്തിൽപ്പെട്ടവർ അഭിഭാഷകരുടെ വേഷത്തിലെത്തി ആക്രമിക്കുകയായിരുന്നു. രോഹിണി കോടതിയിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഗുണ്ട നേതാവ് ജിതേന്ദർ ഗോഗിയെ കോടതിയിൽ ഹാജരാക്കുമ്പോഴായിരുന്നു സംഭവം. ഗോഗിയെ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തിയപ്പോൾ ആക്രമണം നടത്തിയവരെ പൊലീസ് വധിക്കുകയായിരുന്നു.

ഗോഗി – ടില്ലു എന്നീ 2 ഗുണ്ട തലവൻമാർ തമ്മിലുള്ള കുടിപ്പകയാണ് കോടതി മുറിയിലെ വെടിവെപ്പിൽ കലാശിച്ചത്. കസ്റ്റഡിയിലായിരുന്ന ജിതേന്ദർ ഗോഗിയെ പൊലീസ് ഉച്ചയോടെ രോഹിണി കോടതിയിൽ ഹാജരാക്കി. ഈ സമയം 207 ആം നമ്പർ കോടതി മുറിയിൽ എത്തിയ ടില്ലുവിന്റെ അനുയായികൾ ഗോഗിയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തിരിച്ചടിച്ച പൊലീസ് രണ്ട് അക്രമികളെയും വധിച്ചു.
സുരക്ഷാ ക്രമീകരണങ്ങൾ മറി കടന്ന് അഭിഭാഷക വേഷത്തിലാണ് തോക്കുമായി ഗുണ്ടകളായ രാഹുലും മോറിസും കോടതി മുറിക്കുള്ളിൽ കയറിയത്.

വെടിവെപ്പ് നടത്തിയ 2 പ്രതികളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഗോഗിയേയും രക്ഷിക്കാനായില്ല. ആറ് തവണ ഗോഗിക്ക് വെടിയേറ്റിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതി മുറിക്കുള്ളിലെ വെടിവെപ്പിനെ കുറിച്ച് ഉത്തര മേഖല ജോയിന്റ് കമ്മീഷറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. മുൻപും പലതവണ രണ്ട് ഗുണ്ടാസംഘങ്ങളും തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇരു സംഘങ്ങളും പെട്ട 25 പേർ ആക്രമണങ്ങളിൽ ഇതിൽ മരിച്ചിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News