ഡോംബിവിലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ നാല് പേരെ കൂടി കണ്ടെത്തി. ഇതോടെ അറസ്റ്റിലായ മൊത്തം പ്രതികളുടെ എണ്ണം 29 ആയി. സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടവരുടെ എണ്ണം 33 ആണ്. ഇവരിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ ഭീവണ്ടിയിലെ റിമാൻഡ് ഹോമിലേക്ക് അയച്ചു.
മറ്റു 4 പേർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പ്രതികളിൽ പ്രധാനിയായി കരുതുന്ന വിജയ് ഫ്യൂക്ക് എന്ന യുവാവുമായി ഇക്കഴിഞ്ഞ ജനുവരിയിലാണ് പെൺകുട്ടി പരിചയത്തിലാകുന്നത്. തുടർന്ന് ജനുവരി 29 ന് പെൺകുട്ടിയെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് വിജയ് ക്ഷണിക്കുകയായിരുന്നു.
ഇവിടെ വച്ചാണ് പെൺകുട്ടിയുമായി ആദ്യമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്നത്. പെൺകുട്ടിക്ക് ജ്യൂസിൽ മയക്കമരുന്ന് നൽകിയാണ് ദൃശ്യങ്ങൾ വീഡിയോയിൽ റെക്കോർഡ് ചെയ്തത്. പിന്നീട് ഈ വിഡിയോയാണ് പല അവസരങ്ങളിലായി ബ്ലാക്ക്മെയിൽ ചെയ്യാൻ ഉപയോഗിച്ചത്.
കാമുകനും കൂട്ടുകാരും ചേർന്ന് കഴിഞ്ഞ ഒമ്പതു മാസമായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെൺകുട്ടിയും പീഡിപ്പിച്ചവരിൽ ചിലരും അംഗങ്ങളായുള്ള വാട്സാപ്പ് ഗ്രൂപ്പ് പരിശോധിച്ചായിരുന്നു പോലീസ് നടപടി.
പതിനാറിനും ഇരുപത്തി മൂന്നിനും ഇടയ്ക്കു പ്രായമുള്ള പ്രതികൾ സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ചിലർ കരാർ തൊഴിലാളികളും മറ്റു ചിലർ തൊഴിൽരഹിതരും വിദ്യാർഥികളുമാണ്. ഇവരെ കല്യാൺ സെഷൻസ് കോടതി 29 വരെ റിമാൻഡ് ചെയ്തു.
15 വയസ്സുള്ള ഡോംബിവ്‌ലി നിവാസിയായ പെൺകുട്ടിയുടെ മൊഴി സൂചിപ്പിക്കുന്നത്, മയക്കുമരുന്ന് കലർത്തിയ ഫ്രൂട്ട് ജ്യൂസ് നൽകിയ ശേഷം പ്രതികൾ പലതവണ ബലാത്സംഗം ചെയ്തുവെന്നാണ്. ഒരു തവണ 15 പുരുഷന്മാർ വരെ തന്നെ പീഡിപ്പിച്ചതായും പെൺകുട്ടി പൊലീസിന് മൊഴി നൽകി.
അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡാറ്റ വീണ്ടെടുക്കാൻ എല്ലാ ഫോണുകളും ഫോറൻസിക് സംഘത്തിന് അയയ്ക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. മുഖ്യപ്രതി വിജയ് ഫ്യൂക്ക് പെൺകുട്ടിയുമായി ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റഫോം വഴിയാണ് പരിചയപ്പെടുന്നത്.
ഇയാളാണ് കാമുകൻ ചമഞ്ഞു പെൺകുട്ടിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുകയും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ബ്ലാക്ക്മെയിൽ ചെയ്യാനും സുഹൃത്തുക്കൾക്ക് പങ്ക് വച്ച് ലൈംഗിക ചൂഷണത്തിനായി ഉപയോഗിച്ചതും.
വിജയ് ഫുക്കിനെ ഒഴിവാക്കാൻ ശ്രമിക്കുമ്പോഴെല്ലാം ഇയാൾ പെൺകുട്ടിയുടെ ഫോൺ നമ്പർ മറ്റുള്ളവർക്ക് കൈമാറുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇവർ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി വൈറൽ ആകുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു പെൺകുട്ടിയെ ബ്ലാക്‌മെയ്ൽ ചെയ്തിരുന്നതെന്നും താനെ ജില്ലയിലെ ഡോംബിവിലി മാൻപാഡ പൊലീസിന് നൽകിയ മൊഴിയിൽ പെൺകുട്ടി വെളിപ്പെടുത്തി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോണിൽ തുടർച്ചയായി വരുന്ന കോളുകളുടെ എണ്ണത്തിൽ സംശയം തോന്നിയപ്പോഴാണ് വീട്ടുകാർക്ക് അവസ്ഥ മനസിലായത്. രണ്ടുദിവസം മുമ്പ് പെൺകുട്ടിയുടെ പിറന്നാളാഘോഷം നടക്കുന്നതിനിടയിൽ നിരന്തരമായി എത്തിയ ചില ഫോൺകോളുകളും വാട്സാപ്പ് സന്ദേശങ്ങളും കാരണം പെൺകുട്ടി വല്ലാതെ അസ്വസ്ഥയായിരുന്നു.
ഫോണിലൂടെ ചിലർ പെൺകുട്ടിയെ അടുത്തുള്ള ഗ്രാമത്തിലെ കൂട്ടുകാരന്റെ വീട്ടിലെത്താൻ നിർബന്ധിക്കുകയായിരുന്നു. അത് ശ്രദ്ധയിൽപെട്ട പെൺകുട്ടിയുടെ അമ്മായി നിർബന്ധിച്ചപ്പോഴാണ് കഴിഞ്ഞ ഒമ്പതു മാസമായി അനുഭവിക്കേണ്ടി വന്ന പീഡനങ്ങളുടെ ചുരുളഴിഞ്ഞത്. തുടർന്ന് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.
പ്രതികളിൽ ഭൂരിഭാഗവും ഡോംബിവിലിയിൽ നിന്നുള്ളവരാണ്; മൂന്ന് പേർ നവി മുംബൈയിലെ റബാലേ സ്വദേശികളാണ്. അറസ്റ്റിലായ പ്രതികൾ പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.