മഹാഗായകന്‍ എസ്പിബി കാലയവനികയില്‍ മറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം

കാല ദേശ അതിരുകള്‍ക്കപ്പുറത്തേയ്ക്കാണ് സംഗീതം മനുഷ്യനില്‍ പെയ്തിറങ്ങുന്നത്. ആ മഴപ്പെയ്ത്തിന്റെ പകരം വയ്ക്കാനില്ലാത്ത ഉദാഹരണമായിരുന്നു എസ്പിബിയെന്ന ശ്രീപതി പണ്ഡിതരാദ്യുള ബാലസുബ്രഹ്മണ്യം.

അമ്പത് വര്‍ഷക്കാലത്തെ സംഗീത ജീവിതത്തിനൊടുവില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 25ന് വിടപറയുമ്പോള്‍ പ്രിയഗായകന്‍ സംഗീതാസ്വാദകര്‍ക്കായി ബാക്കിവെച്ചത് നാല്‍പ്പതിനായിരത്തോളം പാട്ടുകളാണ്.

1969 -ല്‍ എം.ജി.ആര്‍ ചിത്രം അടിമൈ പെണ്ണിനു വേണ്ടി ‘ആയിരം നിലവേ വാ’ എന്ന ഗാനത്തിലൂടെയാണ് എസ്.പി.ബി ചലച്ചിത്ര ഗാനരംഗത്ത് ചുവടുവയ്ക്കുന്നത്. പിന്നീട് പല ഭാഷകളില്‍ പല ജനുസ്സുകളിലുള്ള പാട്ടുകള്‍ പാടി തമിഴ്നാട്ടില്‍ ‘പാടും നിലാ’ എന്നറിയപ്പെട്ടു.

സംഗീതത്തില്‍ ശാസ്ത്രീയജ്ഞാനത്തിന്റെ ഭാരം പേറാതെയാണ് 1980ല്‍ കരിയറിലെ നാഴികക്കല്ലായി മാറിയ ശങ്കരാഭരണം എസ്പിബി പാടിത്തകര്‍ത്തത്.

പാട്ടുകളെ ഇത്രയധികം വൈവിധ്യസ്വരഭാവത്തോടെ, അഭിനിവേശത്തോടെ ആവിഷ്‌കരിച്ച മറ്റൊരു ഗായകനും നമുക്കുണ്ടാകില്ല.

തീവ്ര പ്രണയത്തെ അതിഗാഢവും സ്വകാര്യവുമായി ആവിഷ്‌കരിക്കുന്ന ഗാനങ്ങള്‍, സന്തോഷവും ഉല്‍സാഹവും കലര്‍ന്നഗാനങ്ങള്‍, പ്രകടനപരമായ രീതിയിലുള്ള പാട്ടുകള്‍

എം.എസ്. വിശ്വനാഥനും ഇളയരാജയും എആര്‍ റഹ്മാനും വിദ്യാസാഗറുമുള്‍പ്പെടെ പ്രഗത്ഭമതികളായ സംഗീത സംവീധായകരുടെയൊപ്പം ബാലസുബ്രഹ്മണ്യം പ്രവര്‍ത്തിച്ചു. ഗംഭീരങ്ങളായ ഒട്ടനവധി ഗാനങ്ങളും ആ കൂട്ടുകെട്ടുകളില്‍ പിറന്നു.

കമലഹാസനും ശ്രീദേവിയും മത്സരിച്ച് അഭിനയിച്ച സിനിമകളുടെ വിജയത്തിനു പിന്നില്‍ പിന്നണിയില്‍ എസ്.പി.ബി-എസ്.ജാനകി കൂട്ടുകെട്ടില്‍ പിറന്ന ഭാവസാന്ദ്രമായ ഗാനങ്ങളുമുണ്ടായിരുന്നു.

ദക്ഷിണേന്ത്യയില്‍ ചലച്ചിത്രഗാനങ്ങള്‍ക്ക് പൊതുവേദിയില്‍ തനതായൊരു ‘അവതരണ ശൈലി’ ആദ്യമായി കൊണ്ടുവന്നതും എസ്പിബിയാണ്. അതിമനോഹരങ്ങളായ ചില ‘എസ്. പി. ബി. സ്പര്‍ശങ്ങള്‍’ കൊണ്ട് അത്തരം സംഗീത വേദികളെ അദ്ദേഹം കയ്യിലെടുത്തു.

6 ദേശിയ അവാര്‍ഡുകളും വിവിധ ഭാഷകളിലായി 7 സംസ്ഥാന അവാര്‍ഡുകളും 1 ഫിലിം ഫെയര്‍ അവാര്‍ഡുമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ആ സംഗീത ജീവിതത്തിന്റെ അഗീകാരങ്ങളാണ്. രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മ വിഭൂഷണും നല്‍കി ആദരിച്ചു.

ജനപ്രിയസംഗീതത്തിന്റെ ഒരു വലിയ കാലഘട്ടത്തെ പ്രതിനിധീകരിച്ച ഗായകനും അദ്ദേഹത്തിന്റെ പാട്ടുകളും ജീവിച്ചിരുന്ന കാലത്തിനപ്പുറം തലമുറകളോളം വേരുറച്ചൊരു ശബ്ദവൈകാരികതയായി ഗാനാസ്വാദകര്‍ക്കൊപ്പമുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News