‘ഞങ്ങള്‍ രണ്ടുപേരും രണ്ട് ഗര്‍ഭപാത്രത്തില്‍ നിന്ന് വന്നതാണെങ്കിലും ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ ഞങ്ങള്‍ ഒന്നാണ്’; എസ്പിബിയോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് യേശുദാസ്

ഇന്ത്യന്‍ ചലച്ചിത്ര പിന്നണിഗാനരംഗത്തെ രണ്ടു ഇതിഹാസങ്ങളാണ് കെ.ജെ യേശുദാസും എസ്.പി ബാലസുബ്രഹ്മണ്യവും. ഒരേ കാലഘട്ടത്തില്‍ സിനിമയിലെത്തിയ ഇരുവരും തമ്മില്‍ ഊഷ്മളമായ സൗഹൃദമുണ്ട്. കൈരളി ടിവിയുടെ ദേവരാഗ സന്ധ്യ പരിപാടിയില്‍ ഇരുവരും ഒരുമിച്ചെത്തിയപ്പോള്‍ ആ സൗഹൃദത്തിന്റെ നേര്‍ക്കാഴ്ച സംഗീതപ്രേമികള്‍ക്കു മുന്‍പില്‍ അനാവൃതമായി. യേശുദാസ് എസ് പി ബിയ്ക്കു പുരസ്‌കാരം നല്‍കിയതിനു ശേഷം യേശുദാസിന്റെ കാല്‍തൊട്ട് വണങ്ങുകയായിരുന്നു എസ്പിബി.

വേദിയില്‍ വെച്ച് എസ്പിബിയ്‌ക്കൊപ്പമുള്ള മറക്കാനാവാത്ത ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയായിരുന്നു യേശുദാസ്. താനും എസ്പിബിയും തമ്മിലുള്ള ബന്ധം സംഗീതം കൊണ്ടു മാത്രമുള്ളതല്ല അതിനപ്പുറമുള്ളതാണെന്ന് യേശുദാസ് പറഞ്ഞു. അതിനുള്ള ഉദാഹരണമെന്ന നിലയില്‍ പാരീസില്‍ ഒരുമിച്ച് കച്ചേരിക്ക് പോയ ഒരു അനുഭവം പങ്കുവെക്കുകയായിരുന്നു ‘ കച്ചേരിക്ക് ശേഷം കഴിക്കാന്‍ ഭക്ഷണം കിട്ടിയില്ല ഞാനും ബാലുവും വിശപ്പ് സഹിച്ച് റൂമില്‍ വന്നു കിടന്നു പക്ഷെ കുറച്ചു സമയത്തിനു ശേഷം ബാലു തന്റെ കൈയ് വശം എപ്പോഴും വെയ്ക്കാറുള്ള ചെറിയൊരു കുക്കറില്‍ പാകം ചെയ്ത ചോറും കൂടെ കുറച്ചു ചട്‌നിയും തൈരും കഴിക്കാന്‍ തന്റെ റൂമിലേക്ക് കൊണ്ടു വന്നു, ആ ഒരു സംഭവം എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല, ബാലുവിന് തന്നോടുള്ള കരുതല്‍ എന്തു മാത്രം ഉണ്ടെന്നും അന്ന് തനിക്ക് മനസിലായെന്നും യേശുദാസ് പറഞ്ഞു, ഞങ്ങള്‍ രണ്ടു പേരും രണ്ടു ഗര്‍ഭപാത്രത്തിലാണ് ഉണ്ടായതെങ്കിലും ഈ ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ ഞങ്ങള്‍ ഒന്നാണെന്നും യേശുദാസ് കൂട്ടിച്ചേര്‍ത്തു.

യേശുദാസ് എന്നും തന്റെ ജേഷ്ഠ സ്ഥാനത്താണെന്ന് യേശുദാസിന്റെ വാക്കുകള്‍ക്ക് മറുപടിയായി എസ്പിബി പറഞ്ഞു. ‘ഞങ്ങള്‍ തമ്മില്‍ പല കാര്യങ്ങളിലും സാമ്യതയുണ്ട്, രണ്ടു പേരുടെയും പിതാക്കന്മാര്‍ സംഗീതജ്ഞരാണ്, രണ്ടു പേരും ദരിദ്ര കുടുംബത്തില്‍ നിന്ന് വളര്‍ന്നു വന്നവരാണ് പക്ഷെ അദ്ദേഹം മഹാഗായകനും ഞാന്‍ നല്ലൊരു ഗായകനും മാത്രമാണെന്ന്’ എസ്പിബി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here