സിവിൽ സർവീസിൽ മലയാളിത്തിളക്കം

ഇത്തവണത്തെ സിവിൽ സർവീസ്‌ ഫലം പുറത്തുവന്നപ്പോൾ മലയാളികൾക്ക് അഭിമാനിക്കാൻ ഏറെയുണ്ട് ആറാം റാങ്ക് കരസ്ഥമാക്കി കെ മീര അത്യുജ്ജല വിജയം നേടി. മീര മാത്രമല്ല അഭിമാന നേട്ടം കൊയ്ത ധാരാളം മലയാളികളും ഇത്തവണ ലിസ്റ്റിലുണ്ട്.

761 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. 180 പേർക്ക് ഐഎഎസ്, 36 പേർക്ക് ഐഎഫ്എസ്, 200 പേർക്ക് ഐപിഎസ് എന്നിങ്ങനെയാണ് ലഭിക്കുക. മിഥുൻ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ 14ാം റാങ്കും സ്വന്തമാക്കി. പി ശ്രീജ 20, അപർണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധൻ 57, അപർണ്ണ എം ബി 62 ,പ്രസന്നകുമാർ 100, ആര്യ ആർ നായർ 113, കെഎം പ്രിയങ്ക 121, ദേവി പി 143, അനന്തു ചന്ദ്രശേഖർ 145, എ ബി ശില്പ 147, രാഹുൽ എൽ നായർ 154, രേഷ്മ എഎൽ 256, അർജുൻ കെ 257 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികൾ.

സിവിൽ സർവീസിൽ അഭിമാന നേട്ടം കൊയ്ത് കെ മീര

സിവിൽ സർവീസിൽ അഭിമാന നേട്ടം കൊയ്ത് കെ മീര. തൃശൂർ കോട്ടൂർ സ്വദേശി കെ. മീര സിവിൽ സർവീസ് പരീക്ഷയിൽ നേടിയത് ആറാം റാങ്കാണ് .മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ധാരാളം പ്രമുഖർ മീരയെ ഫോണിലൂടെ വിളിച്ച് അഭിനന്ദിച്ചു.

ഇത്രയും മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മീര പറയുന്നു. തന്റെ നാലാമത്തെ ശ്രമമായിരുന്നു ഇത്. ഇത്രയും നല്ലൊരു റാങ്ക് കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ടെന്നും മീര മാധ്യമങ്ങളോട് പ്രതികരിച്ചു.

ബം​ഗളൂരുവിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് സിവിൽ സർവ്വീസ് പരീക്ഷ എഴുതണമെന്ന് ആ​ഗ്രഹം തോന്നിയത്. തിരുവനന്തപുരത്താണ് പരീക്ഷാ പരിശീലനം നടത്തിയത്. ”നമുക്ക് ചുറ്റും ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ട്. ഈ സമയത്ത് തന്നെ സർവ്വീസിൽ കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ട്. കാരണം, ഒരുപാട് ചെയ്യാൻ പറ്റും.”

മിന്നിത്തിളങ്ങി മിന്നു

സിവിൽ സർവീസ് ഫലം പുറത്തുവന്നപ്പോൾ മലയാളികൾക്ക് അഭിക്കാനിക്കാൻ ഏറെയുണ്ട്.ഇത്തവണ റാങ്ക് ലിസ്റ്റിൽ ധാരാളം മലയാളികളും ഇടം നേടി. പൊലീസ് ആസ്ഥാനത്ത് സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കണ്ടു ശീലിച്ച പി.എം.മിന്നുവിനും ഇത്തവണ സിവിൽ സർവീസിൽ മിന്നും വിജയം നേടാനായി. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മിന്നുവിനെ അഭിനന്ദിച്ചു.

പരീക്ഷയിൽ 150–ാം റാങ്കാണ് പൊലീസ് ആസ്ഥാനത്തെ ക്ലർക്കായ കാര്യവട്ടം തുണ്ടത്തിൽ ജെഡിഎസ് വില്ലയിൽ മിന്നുവിനു ലഭിച്ചത്. അച്ഛൻ പോൾ രാജ് പൊലീസിലായിരുന്നു. അച്ഛന്റെ മരണത്തെത്തുടർന്ന് 2013ലാണ് മിന്നു പൊലീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിക്കുന്നത്.

2015ൽ സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിനുള്ള ശ്രമം ആരംഭിച്ചു. 2017ൽ അഭിമുഖ പരീക്ഷയിൽ പങ്കെടുത്തെങ്കിലും 13 മാർക്കിനു പരാജയപ്പെട്ടു. തുടർന്ന് ഈ വർഷം നടത്തിയ പരിശ്രമത്തിലാണു മികച്ച വിജയം നേടിയത്. തലസ്ഥാനത്തെ സ്വകാര്യ ഐഎഎസ് കോച്ചിങ് സ്ഥാപനത്തിലായിരുന്നു പരിശീലനം.

കാര്യവട്ടം കോളജിൽനിന്ന് ബയോ കെമിസ്ട്രിയിൽ ബിരുദവും വുമൺസ് കോളജിനിന്ന് ബയോ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും നേടി. ഭർത്താവ് ഡി.ജെ.ജോഷി ഐഎസ്ആർഒയിൽ ഉദ്യോഗസ്ഥനാണ്. രണ്ടാം ക്ലാസ് വിദ്യാർഥി ജെർമിയാ ജോൺ കോശി മകനാണ്. അമ്മ: മിനി പ്രഭ.

അഭിമാന നേട്ടത്തോടെ സിവിൽ സർവീസിലേക്ക് പ്രവേശിക്കാനൊരുങ്ങി മാലിനി

സാഹിത്യകാരൻ എരുമേലി പരമേശ്വരൻ പിളളയുടെ ചെറുമകൾ മാലിനിക്ക്  സിവിൽ സർവീസ് പരീക്ഷയിൽ 135-ാം റാങ്ക്.  ചെറുമകൾ സിവിൽ സർവീസ് നേടുന്നത് സ്വപ്‌നം കണ്ട മുത്തച്ഛന് വിജയം സമർപ്പിക്കുന്നതായി മാലിനി കൈരളി ന്യൂസിനോട്  പറഞ്ഞു

സാഹിത്യകാരൻ എരുമേലി പരമേശ്വരൻ പിള്ളയുടെ മകൻ അഡ്വ. ക്യഷ്ണ കുമാറിൻ്റെ മകൾ മാലിനിയാണ് അഭിമാനനേട്ടത്തോടെ സിവിൽ സർവീസിലേക്ക് പ്രവേശിക്കുന്നത്.  ചെറുമകൾ സിവിൽ സർവീസ് നേടുന്നത് സ്വപ്‌നം കണ്ട മുത്തച്ഛന്റെ ഡയറിക്കുറിപ്പുകളിൽ പലയിടത്തും അതേക്കുറിച്ചുള്ള പരാമാർശങ്ങളുമുണ്ടെന്നും മാവേലിക്കര സ്വദേശിനിയായ മാലിനി ഓർക്കുന്നു , ഫോറിൻ സർവ്വീസ് ആണ് മാലിനിയുടെ സ്വപ്നം

2017 ൽ 25-ാം വയസിലാണ് സിവിൽ സർവീസ് നേടാൻ മാലിനി ശ്രമം ആരംഭിച്ചത്. ആദ്യ അവസരത്തിൽ ഇൻ്റർവ്യുവിൽ പരാജയപ്പെട്ടെങ്കിലും ഇത്തവണ തൻ്റെ ലക്ഷ്യം ഭേദിക്കാൻ മാലിനിക്ക് കഴിഞ്ഞു. എന്നാൽ ഇത്തവണയും ചിന്തിച്ച് മറുപടി പറയേണ്ടി വന്ന ചോദ്യങ്ങൾ ഉണ്ടായിരുന്നതായി മാലിനി പറയുന്നു

പ്ലസ്ടു പഠനത്തിന് ശേഷം ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാഗ്വേജസ് സർവകലാശാലയിൽ നിന്നും  ബിരുദാനന്തര ബിരുദം  നേടിയ മാലിനി നിലവിൽ ഹൈക്കോടതിയിൽ അസിസ്റ്റൻറ് ആയി ജോലി നോക്കുകയാണ്.

ചെട്ടികുളങ്ങര പ്രതിഭയിൽ അഡ്വ. പി കൃഷ്ണകുമാറിന്റെയും പടനിലം എച്ച്എസ്എസിലെ മുൻ അധ്യാപിക ശ്രീലതയുടെയും മകൾ ആണ്  എസ് മാലിനി. കവിയും ഭാഷാ ഗവേഷകനും അധ്യാപകനുമായ പുതുശ്ശേരി രാമചന്ദ്രന്റെ അടുത്ത ബന്ധുവാണ് മാലിനി ,പുതുച്ചേരി കേന്ദ്ര സർവകലാശാലയിൽ ചരിത്ര ഗവേഷക വിദ്യാർഥിനി നന്ദിനിയാണ്  സഹോദരി.

ഐഎഫ്എസ് ലഭിച്ചില്ലെകിൽ ഐആര്‍എസ് ആണ് മാലിനിയുടെ സ്വപ്നം . ചിട്ടയായ പഠനവും കഠിനമായ പരിശ്രമവുമാണ് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടാൻ ഈ 29 കാരിയെ സഹായിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News