ഏഴ് പേര്‍ക്ക് പുതുജീവിതം നല്‍കി നേവിസ് യാത്രയായി

കോട്ടയം വടവത്തൂർ കളത്തിൽപടി ചിറത്തിലത്ത് ഏദൻസിലെ സാജൻ മാത്യുവിന്റെ മകൻ നേവിസ് (25) ഇനി ഏഴ് പേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ എട്ട് അവയവങ്ങൾ ബന്ധുക്കൾ ദാനം ചെയ്തു.

ഹൃദയം, കരൾ, കൈകൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്. കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എൻ.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ഏറെ വിഷമ ഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രകീർത്തിച്ചു. അച്ഛൻ സാജൻ മാത്യുവിനേയും അമ്മ ഷെറിനേയും സഹോദരൻ എൽവിസിനേയും സർക്കാരിന്റെ ആദരവ് അറിയിച്ചു.

ഫ്രാൻസിൽ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കൊവിഡ് കാരണം ഇപ്പോൾ ഓൺലൈനായാണ് ക്ലാസ്. കഴിഞ്ഞ 16നാണ് സംഭവമുണ്ടായത്. രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് ഉണരാൻ വൈകിയിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന സഹോദരി വിസ്മയ വിളിച്ചുണർത്താൻ ചെന്നപ്പോൾ അബോധാവസ്ഥയിൽ കിടന്നിരുന്നു. ഉടൻ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്‌നമായിരുന്നു.

ആരോഗ്യ നിലയിൽ വലിയ മാറ്റം വരാത്തതിനാൽ 20-ാം തീയതി എറണാകുളം രാജഗിരി ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു.

അവയവദാന പ്രക്രിയ സുഗമമാക്കുന്നതിന് മന്ത്രി വീണാ ജോർജ് നേതൃത്വം നൽകി. ഹൃദയം കോഴിക്കോട് മെട്രോ ഇന്റർനാഷണൽ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കാണ് നൽകുന്നത്. എറണാകുളത്ത് നിന്നും ഹൃദയവും വഹിച്ച് കൊണ്ടുള്ള വാഹനം കോഴിക്കോടേക്ക് പുറപ്പെട്ടു. എത്രയും വേഗം ഹൃദയം കോഴിക്കോട് എത്തിച്ച് ചികിത്സയിലുള്ള രോഗിയിൽ വച്ച് പിടിപ്പിക്കണം.

ഓരോ നിമിഷവും പ്രധാനമാണ്. അവയവദാന പ്രക്രിയയ്ക്കും സുഗമമായ യാത്രയ്ക്കും വേണ്ട ക്രമീകരണങ്ങളെല്ലാം സർക്കാർ ഒരുക്കിയിട്ടുണ്ട്. മന്ത്രി ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം പോലീസ് ഉദ്യോഗസ്ഥർ ഗതാഗത ക്രമീകരണമൊരുക്കിയിട്ടുണ്ട്. കെ.എൻ.ഒ.എസ്. നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂർത്തീകരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel