സ്‌കൂളുകളിലെ സുരക്ഷയ്ക്ക് പ്രത്യേക പദ്ധതികള്‍

സ്‌കൂളുകളും കോളേജുകളും ഏതാനും ആഴ്ചകൾക്കുള്ളിൽ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും നിർദ്ദേശം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും തങ്ങളുടെ പ്രദേശത്തെ സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെയും സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ച് കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായും ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. കുട്ടികളെ കൊണ്ടുവരുന്ന സ്‌കൂൾ വാഹനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം പൊലീസിനായിരിക്കും.

ഇക്കാര്യത്തിൽ മോട്ടോർവാഹന വകുപ്പിന്റെ സഹായവും തേടാവുന്നതാണ്. സ്‌കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ ഒക്ടോബർ 20 ന് മുമ്പ് പൂർത്തിയാക്കണം. കുട്ടികളെ കൊണ്ടുവരുന്നത് സ്വകാര്യവാഹനങ്ങൾ ആയാലും സ്‌കൂൾ വാഹനങ്ങൾ ആയാലും അവ ഓടിക്കുന്നവർക്ക് പത്തുവർഷത്തെ പ്രവർത്തന പരിചയം ഉണ്ടാകണം. എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ സ്‌കൂൾ സേഫ്റ്റി ഓഫീസറായി നിയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നുണ്ടോയെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ സ്‌കൂളിലെത്തി പരിശോധിക്കണമെന്നും നിർദ്ദേശം നൽകി. അടച്ചിട്ട മുറികളിലും ഹാളുകളിലും ഉള്ള യോഗങ്ങൾ പലയിടത്തും നടക്കുകയാണ്. അത് ഒഴിവാക്കണം. അധ്യാപക രക്ഷാകർതൃ സമിതിയോടൊപ്പം തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസ വകുപ്പുകളുടെ കൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരെയും പങ്കെടുപ്പിച്ച് സൂക്ഷ്മതല ആസൂത്രണം സ്‌കൂൾ തുറക്കുന്നതിനു മുന്നേ നടത്തണം.

കുട്ടികളിൽ കൊവിഡ് വരാനുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നാലും കുറച്ച് കുട്ടികൾക്കെങ്കിലും കൊവിഡ് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തണം. അതുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട എല്ലാവരും വാക്‌സിനേഷൻ നടത്തണമെന്ന് പറയുന്നത്. അത് മാത്രമല്ല അവർ മറ്റ് കൂടുതൽ ആളുകളുമായി ബന്ധപ്പെടാതെ ഇരിക്കുകയും വേണം. സ്‌കൂൾ പിടിഎ കൾ അതിവേഗത്തിൽ പുന:സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News