‘ഞാനൊരു പെണ്ണായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ സമ്മതമൊന്നും ചോദിക്കാതെ കയറി പ്രേമിക്കുമായിരുന്നു’ ; ടി.പത്മനാഭന്‍

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സൗന്ദര്യത്തെക്കുറിച്ച് അഭിപ്രായം പറയാത്ത മലയാളികളില്ല. ആ സൗന്ദര്യത്തെക്കുറിച്ച് എപ്പോ‍ഴും വലിയ രീതിയിലുള്ള ചർച്ചകളാണ് നവമാധ്യമങ്ങളിലടക്കം നടക്കുന്നത്. ഇപ്പോൾ കഥാകൃത്ത് ടി.പത്മനാഭൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ഒരു പെണ്ണായിരുന്നുവെങ്കിൽ മമ്മൂട്ടിയെ പ്രേമിക്കുമായിരുന്നുവെന്ന് കഥാകൃത്ത് ടി.പത്മനാഭൻ പറഞ്ഞു. മമ്മൂട്ടിയുടെ പുരുഷ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പറയുന്നതല്ല ഇതെന്നും, താൻ കണ്ടിട്ടുള്ളതിൽ വെച്ച് അതിമഹത്തായ സന്ദേശങ്ങൾ നൽകുന്ന സിനിമകൾ തന്നെയാണ് അതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു വാരികക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ടി.പത്മനാഭന്റെ പ്രതികരണം.സിനിമാ നടന്മാരിൽ നിന്നും, സിനിമ സംബന്ധിച്ച പ്രശസ്തരായ ആളുകളിൽ നിന്നും അകന്നു നിൽക്കുന്ന ആളാണ് താനെന്നും, എന്നിട്ടും നല്ല വ്യക്തിബന്ധമുള്ള കുറച്ച് സിനിമാക്കാരിൽ ഒരാളാണ് മമ്മൂട്ടിയെന്നും അഭിമുഖത്തിൽ ടി.പത്മനാഭൻ പറയുന്നുണ്ട്. സുരേഷ് ഗോപി, സത്യൻ അന്തിക്കാട്, ഇന്നസെന്റ്, ജയരാജ് തുടങ്ങിയ ആളുകളുമായും തനിക്ക് നല്ല വ്യക്തിബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ടി.പത്മനാഭന്റെ വാക്കുകൾ:

‘മമ്മൂട്ടിയെ കുറിച്ച് ഓർക്കുമ്പോഴെല്ലാം ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. ഞാനൊരു പെണ്ണായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ സമ്മതമൊന്നും ചോദിക്കാതെ ഞാൻ അദ്ദേഹത്തെ കയറിപ്രേമിക്കുമായിരുന്നു. അത് ആ പുരുഷ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പറയുന്നതല്ല. മറിച്ച്, ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് അതി മഹത്തായ സന്ദേശങ്ങൾ നൽകുന്ന സിനിമകൾ തന്നെയാണ് അതിന് കാരണം. അതൊക്കെ കണ്ടുകണ്ട് അങ്ങേയറ്റം സ്‌നേഹിച്ചിട്ടാണ്. എത്രയോ കൊല്ലമായി കാണാൻ തുടങ്ങിയിട്ട്.

മമ്മൂട്ടി ഉടനീളം അഭിനയിച്ച ആദ്യ സിനിമ മേളയാണെന്നാണ് എന്റെ അറിവ്. അന്നുമുതൽ തന്നെ എന്റെ ഇഷ്ട നടനാണ് അദ്ദേഹം. രാപ്പകൽ എന്ന സിനിമ എത്ര തവണ കണ്ടു എന്ന് ഓർക്കാൻ കഴിയുന്നില്ല. അത്രയേറെ തവണ കണ്ടിട്ടുണ്ട്. ഈ സിനിമയുടെ കഥയും സംവിധാനവുമെല്ലാം കമലാണെങ്കിലും കമൽ സങ്കൽപ്പിച്ചതിലും അപ്പുറത്ത് ഈ സിനിമ വളരാൻ കാരണം മമ്മൂട്ടിയാണ്.

പിന്നെ മറ്റൊന്ന് ഓർമ്മ വരുന്നത് ജയരാജിന്റെ ലൗഡ്‌സ്പീക്കറാണ്. മികച്ച സിനിമയാണത് ഈ രണ്ടു സിനിമകളും എല്ലാവരും അവശ്യം കണ്ടിരിക്കണം എന്നാണ് എന്റെ അഭിപ്രായം. കാരണം അതിമഹത്തായ സന്ദേശം മനുഷ്യന് നൽകുന്ന സിനിമകളാണ് ഇവ. അങ്ങനെ എത്രയെത്രയോ സിനിമകളുണ്ട്.രാക്കുയിലിൻ രാഗസദസിൽ ഏറെ പ്രശസ്തമായ ഒരു സിനിമയാണ്. പിന്നെ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ. മമ്മൂട്ടിയുടെ കാമുകിയായിട്ട് സുഹാസിനി അഭിനയിച്ച സിനിമ. അന്ന് സുഹാസിനി ഒരു ഫ്രോക്കിട്ടു നടന്ന പെൺകുട്ടിയായിരുന്നു. അതിലാണ് നെറ്റിയിൽ പൂവുള്ള സ്വർണച്ചിറകുള്ള പക്ഷീ… എന്നു തുടങ്ങുന്ന പ്രശസ്തമായ പാട്ട്. അങ്ങനെ എണ്ണിയാൽ തീരാത്തത്ര സിനിമകൾ. അതിൽ പലതും എനിക്ക് ഏറെ ഇഷ്ടമുള്ള സിനിമകൾ തന്നെയാണ്.

അന്ന് സപ്തതി ദിവസം മമ്മൂട്ടിയുമായി ദീർഘനേരം സംസാരിച്ചു. അദ്ദേഹത്തിന് വയസ് എഴുപത് ആയല്ലോ. ഇനിയും അദ്ദേഹം അഭിനയിക്കും. പ്രായത്തിനും ശരീരത്തിനും ഇണങ്ങുന്ന കഥാപാത്രങ്ങൾ അദ്ദേഹത്തിന് ലഭിക്കും. അത് അത്യന്തം ഭംഗിയായി അദ്ദേഹം അവതരിപ്പിക്കുകയും ചെയ്യും. അതിനുള്ള കഴിവൊന്നും അൽപ്പംപോലും ക്ഷയിച്ചിട്ടില്ല’, ടി.പത്മനാഭൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News