നമ്മുടെ യാത്രയ്ക്കും വേഗം കൂടട്ടെ: സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് തടയിടുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ എന്‍ എസ് മാധവന്‍

കേരളത്തിന്റെ വികസനത്തിന് പൊന്‍തൂവലായ സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് തടയിടുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. പ്രമുഖ പത്രത്തില്‍ ‘നമ്മുടെ യാത്രയ്ക്കും വേഗം കൂടട്ടെ’ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് മാധവന്റെ വിമര്‍ശനം.

21-ാം നൂറ്റാണ്ടില്‍ ശരാശരി 40 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഇഴഞ്ഞു നീങ്ങുന്ന ഒരു സംസ്ഥാനം പുരോഗമിച്ചെന്നു പറയാന്‍ പ്രയാസമാണ്. തിരുവനന്തപുരം- കാസര്‍കോട് യാത്രാസമയം നാലു മണിക്കൂറായി കുറയ്ക്കുന്നതാണു കേരളത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സില്‍വര്‍ ലൈന്‍ റെയില്‍പദ്ധതി. അതെക്കുറിച്ചു പറയുമ്പോള്‍ ആദ്യത്തെ എതിര്‍വാദം നിലവിലെ വ്യവസ്ഥ പരിഷ്‌കരിച്ചു കുറച്ചുകൂടി വേഗം കൂട്ടിക്കൂടേ എന്നതാണ്.

കേരള സര്‍ക്കാര്‍, നീതി ആയോഗ്, കേന്ദ്രസര്‍ക്കാര്‍, റെയില്‍വേ ബോര്‍ഡ്, വിദേശ സര്‍ക്കാരും അവിടത്തെ ധനകാര്യസ്ഥാപനങ്ങളും തുടങ്ങി പല കൈകളിലൂടെ കടന്നുപോയിട്ടാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുക.

നിലവിലെ സംവിധാനം മെച്ചപ്പെടുത്തി ചെലവു കുറയ്ക്കാനാകുമോ എന്നു തന്നെയായിരിക്കും അവര്‍ ആദ്യം പരിശോധിക്കുക. ഇതു സംബന്ധിച്ചു വിദഗ്ധര്‍ പറയുന്നത് വളഞ്ഞു പുളഞ്ഞു പോകുന്ന ഇപ്പോഴത്തെ അലൈന്‍മെന്റില്‍ വേഗം കൂട്ടുക ദുഷ്‌കരമാണെന്നാണ്. ഇതും പരിശോധനാവിഷയമാകും. എന്‍ എസ് മാധവന്‍ കുറിച്ചു.

പരിസ്ഥിതിപ്രശ്‌നങ്ങളാണു മറ്റു ചിലര്‍ ഉന്നയിക്കുന്നത്. പരിസ്ഥിതി ആഘാതത്തെക്കുറിച്ചു പഠിക്കാനും തീര്‍പ്പു കല്‍പിക്കാനും ഇന്ത്യയില്‍ നിയമം നിര്‍ദേശിച്ചിട്ടുള്ള ഒരു പ്രക്രിയയുണ്ട്. അതിലൂടെ ഈ പദ്ധതിയും കടന്നുപോകട്ടെ. അല്ലാതെ, സില്‍വര്‍ലൈന്‍ കേരളത്തെ രണ്ടായി പിളര്‍ത്തും എന്നു പറഞ്ഞിട്ടു കാര്യമില്ല. ആ കൃത്യം നിലവിലെ റെയില്‍പാതയും ദേശീയപാതകളും നിര്‍വഹിച്ചിട്ടു കാലം കുറച്ചായി.- എന്‍ എസ് മാധവന്‍ ലേഖനത്തില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel