ഇത് കണ്ണൂരിന്റെ സൗന്ദര്യം……കാഴ്‌ചക്കാർക്ക് പ്രകൃതിയുടെ വിസ്മയക്കാഴ്ച സമ്മാനിക്കുന്ന സുന്ദരി ! പാലക്കയം തട്ട്

കണ്ണൂരിന്റെ പ്രകൃതി ഭംഗി അതിന്റെ തനതു സൗകുമാര്യത്തോട് കൂടി ആസ്വദിക്കണോ, എങ്കിൽ പാലക്കയം തട്ടിലേക്ക് പോരൂ. പുലരി കിരണങ്ങളെ പുണരുന്ന കോടമഞ്ഞും നോക്കെത്താദൂരം പരന്ന പുൽമേടുകളെ തലോടുന്ന കുളിർകാറ്റും. കാഴ്‌ചക്കാർക്ക് പ്രകൃതിയുടെ വിസ്മയക്കാഴ്ച സമ്മാനിക്കുന്ന സുന്ദരിയാണ് പാലക്കയം തട്ട്.

പശ്ചിമഘട്ട മലനിരകൾ ഉൾപ്പെടുന്നതാണിവിടം. അപൂർവയിനം ഔഷധ സസ്യങ്ങളും പക്ഷികളും ജീവജാലങ്ങളും പാലക്കയത്ത് എത്തുന്ന അതിഥികളെ സ്വീകരിക്കാൻ കാത്ത് നിൽപുണ്ട്. സമുദ്ര നിരപ്പിൽ നിന്നു 3500 അടി ഉയരത്തിലാണ് പാലക്കയം തട്ട് സ്ഥിതി ചെയ്യുന്നത്. പാലക്കായ് മരം തട്ട് ആണ് പിന്നീട് പാലക്കയം തട്ട് എന്നായത്.

തളിപ്പറമ്പ് കുടിയാൻമല റൂട്ടിൽ നടുവിൽ പഞ്ചായത്തിലെ മണ്ടളത്തുനിന്ന് അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ പാലക്കയത്തെത്താം. തളിപ്പറമ്പ് വിട്ട് കുടിയാൻ മല റോഡിൽ പ്രവേശിക്കുന്നതോടെ കാനന വീഥികൾ സ്വാഗതമോതും. എങ്ങും കാടിന്റെ ശീൽക്കാരം, പുകപടലം പോലെ കാഴ്ചകൾ മറച്ച് കോടമഞ്ഞ് പറന്നിറങ്ങും. കണ്ണെത്താദൂരത്ത് പരന്നു കിടക്കുന്ന പച്ച വിരിച്ച മലനിരകളും.

അവസാന ഒന്നര കിലോമീറ്റർ മൺറോഡിലൂടെ കുത്തനെയുള്ള സാഹസിക യാത്രയാണ്. അവിടെയും മനം നിറയുന്ന കാഴ്ചകൾ. താഴേയ്ക്ക് നോക്കുമ്പോൾ ലോകം ഇങ്ങനെ പരന്നു കിടക്കുന്നു, കൊടുക് വനമേഖലയും പട്ടുനൂലു പോലെ വളപട്ടണം പുഴയുമൊക്കെ കാൽചുവട്ടിൽ നിൽക്കും പോലെ. അസ്തമയസൂര്യന്റെ ശോഭയാണ് ഇവിടത്തെ മറ്റൊരാകർഷണം. സൂര്യാസ്‌തമയം അതിന്റെ പരമോന്നതഭംഗിയിൽ പാലക്കയം തട്ടിൽ ആസ്വദിക്കാൻ കഴിയും.

സൂര്യൻ കൈക്കുമ്പിളിൽ വന്നസ്തമിക്കുന്ന പ്രതീതിയാണ് അത്. വൈകുന്നേരമാകുന്നതോടെ പ്രകൃതി അണിഞ്ഞൊരുങ്ങി സുന്ദരിയായി മാറും. വൈകുന്നേരങ്ങളിൽ മഞ്ഞിൽ കുളിച്ച് അസ്‌തമയ സൂര്യന്റെ സുവർണ ശോഭയിൽ മൊഞ്ചത്തിയാവും പാലക്കയം തട്ട്. അനന്തമായ പാലക്കയത്തിന്റെ സൗന്ദര്യം തന്റെ വെള്ള വളയങ്ങളാൽ മറച്ചു കൊണ്ട് കോടമഞ്ഞ് താഴ്‌വാരത്തിലൂടെ ഒഴുകുമ്പോൾ നമ്മൾ സ്വയം മറക്കും.

സഞ്ചാരികൾക്ക്‌ വിസ്മയം തീർക്കാൻ ഒരുങ്ങുകയാണ് ഇപ്പോള്‍ പാലക്കയംതട്ട്‌. പ്രകാശം ചൊരിയുന്ന മഴവിൽക്കാഴ്‌ചകൾക്കിടയിലൂടെ അറുപതിനായിരത്തോളം ‘മിന്നാമിനുങ്ങു’കൾ അനേകം വർണരാജികളിൽ ആകാശത്ത്‌ വെട്ടിത്തിളങ്ങിയാലോ. ചുരുങ്ങിയ കാലത്തിനുള്ളിൽ വ്യത്യസ്‌ത അനുഭൂതികൾ സമ്മാനിച്ച്‌ വിനോദ സഞ്ചാരികളുടെ മനം കവർന്ന മലബാറിലെ ഊട്ടിയെന്നറിയപ്പെടുന്ന പാലക്കയംതട്ടിൽ ഇപ്പോൾ ഫീൽഡ് ഓഫ് ലൈറ്റും . മലയാളികൾക്ക്‌ കേട്ടും കണ്ടും പരിചയമില്ലാത്ത ഈ ദൃശ്യമനോഹാരിത ഏഷ്യയിൽ ഇതാദ്യമായാണെന്ന്‌ സംഘാടകർ പറയുന്നു.

മലമടക്കുകളുടെ മനോഹാരിതയ്‌ക്ക്‌ അനുരൂപമായി പ്രകൃതിക്ക്‌ കോട്ടം തട്ടാതെ അമേരിക്കൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതി നിർമാണത്തിന്‌ ഒന്നരക്കോടി രൂപയാണ് ചെലവ്‌ കണക്കാക്കുന്നത്. പത്ത്‌ ഏക്കർ സ്ഥലത്ത്‌ 60000 ചെറു വിളക്കുകകളിലൂടെ മലമടക്കുകൾ വെളിച്ചത്തിന്റെ പറുദീസയാകും. ടൂറിസം വകുപ്പിനുകീഴിലുള്ള ഈ വിനോദ സഞ്ചാര കേന്ദ്രം പ്രവർത്തിപ്പിക്കുന്ന കെ എൻ നിസാർ നിർമാണ പ്രവർത്തനങ്ങൾക്ക്‌ നേരിട്ട്‌ മേൽനോട്ടം വഹിക്കുന്നു.

വിദേശരാഷ്‌ട്രങ്ങളിൽനിന്ന്‌ വിദഗ്‌ധരെ കൊണ്ടുവന്ന്‌ പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടും ഭാരിച്ച ചെലവും ഒഴിവാക്കാൻ ഇദ്ദേഹം ഇത്തരം രാഷ്‌ട്രങ്ങൾ സന്ദർശിച്ച്‌ പ്രവർത്തനങ്ങൾ പഠിച്ചു. ചെറുയൂണിറ്റുകൾ ഇവിടെത്തന്നെ സ്ഥാപിച്ച് ഉപകരണങ്ങൾ നിർമിച്ച്‌ ഭീമമായ നിർമാണ ചെലവും ഒഴിവാക്കി. സൗരോർജം ഉപയോഗിച്ച് ഒപ്റ്റിക്കൽ ഗ്ലാസ് ഫൈബർ വഴിപ്രകാശം വിസരണ ഭാഗത്ത് എത്തിക്കും. നിർമാണത്തിന്‌ സിമന്റ് ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഒരു തരിപോലും ഉപയോഗിച്ചില്ല എന്ന പ്രത്യേകതയുമുണ്ട്‌. അടുത്തമാസം ആദ്യവാരംമുതൽ പകൽ വെളിച്ചം മങ്ങുന്നതോടെ ഈ മലമടക്കുകൾ ദീപപ്രഭയിൽ സഞ്ചാരികളുടെ മനം കുളിർക്കും.

ജോൺ ബ്രിട്ടാസ് എംപിയുടെ ഇടപെടലിനെ തുടർന്നാണ് പൈതൽമല – പാലക്കയംതട്ട് – കാഞ്ഞിരക്കൊല്ലി ടൂറിസം സർക്യൂട്ട് വികസിപ്പിക്കാൻ തീരുമാനിച്ചത്. കണ്ണൂർ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് ജോൺ ബ്രിട്ടാസ് എം പിയും മന്ത്രി പി എ മുഹമ്മദ് റിയാസും ചർച്ച നടത്തിയിരുന്നു. ജോൺ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടത് പോലെ പൈതൽമലയുടെയും പാലക്കയംതട്ടിൻറെയും വിപുലീകരണം അടിയന്തിരപ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here