സുധീരന്‍റെ രാജി: പാത്രം നിറഞ്ഞു കവിഞ്ഞിട്ടോ? അതോ പുകഞ്ഞ കൊള്ളി പുറത്തുപോയതോ? എ കെ ബാലന്‍

വി എം സുധീരന്റെ രാജിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വിമര്‍ശനവുമായി മുന്‍ മന്ത്രി എ കെ ബാലന്‍. വി. എം. സുധീരന്‍ കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ചത് പാത്രം നിറഞ്ഞു കവിഞ്ഞിട്ടോ അതോ പുകഞ്ഞ കൊള്ളി പുറത്തുപോയതോ? ഏതു ഗണത്തിലാണ് സുധീരന്‍ പെടുന്നതെന്ന് കെ പി സി സി നേതൃത്വം വ്യക്തമാക്കട്ടെയെന്ന് എ കെ ബാലന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സുധീരനെപ്പോലുള്ള ഒരു നേതാവിന്റെ രാജി കോണ്‍ഗ്രസ് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണെന്നും കോണ്‍ഗ്രസിനെ ഈ അവസ്ഥയിലാക്കിയ കാരണങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ഇനിയെങ്കിലും ശരിയായി വിലയിരുത്തണമെന്നും എ കെ ബാലന്‍ കുറിച്ചു.

സെമി കേഡര്‍ വാദം പറഞ്ഞു കൊണ്ട് കോണ്‍ഗ്രസ് അണികളെ അധികകാലം പറ്റിക്കാന്‍ കഴിയില്ല. സെമി കേഡര്‍ ആകുമ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ ഫുള്‍ കേഡര്‍ ആയാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ എന്താകുമെന്ന് സങ്കല്‍പ്പിച്ചു നോക്കാവുന്നതാണ്.

ജനകീയ സ്വഭാവം നഷ്ടപ്പെടുമ്പോഴാണ് കോണ്‍ഗ്രസ് ദുര്‍ബ്ബലമാകുന്നത്. ജനകീയ സ്വഭാവമുള്ള കോണ്‍ഗ്രസുകാരെല്ലാം അസംതൃപ്തരാണ്. അവരെയൊക്കെ പുകഞ്ഞ കൊള്ളിയെന്നും പാത്രം നിറഞ്ഞു കവിഞ്ഞ് പുറത്തു പോയവരെന്നും പരിഹസിച്ചാല്‍ എങ്ങനെയാണ് കോണ്‍ഗ്രസ് മുന്നോട്ടു പോവുക? കോണ്‍ഗ്രസില്‍ നിന്ന് സി പി ഐ എമ്മിലേക്ക് വരുന്നവരെ കുപ്പത്തൊട്ടിയില്‍ വീണവരെന്നൊക്കെ അപമാനിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തണം. എ കെ ബാലന്‍ വ്യക്തമാക്കി.

ചെന്നായയുടെ വായിലേക്ക് ഇരയെ എത്തിച്ചു കൊടുക്കുന്ന കൊള്ളരുതായ്മകള്‍ കാരണമാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തകര്‍ന്നത്. ഇത് തിരിച്ചറിഞ്ഞ് സ്വയം തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും എ കെ ബാലന്‍ കുറിച്ചു.

എ കെ ബാലന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കോണ്‍ഗ്രസിന്റെ തല മുതിര്‍ന്ന നേതാവ് ശ്രീ. വി. എം. സുധീരന്‍ കെ പി സി സി യുടെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ചത് പാത്രം നിറഞ്ഞു കവിഞ്ഞിട്ടോ അതോ പുകഞ്ഞ കൊള്ളി പുറത്തുപോയതോ? ഏതു ഗണത്തിലാണ് സുധീരന്‍ പെടുന്നതെന്ന് കെ പി സി സി നേതൃത്വം വ്യക്തമാക്കട്ടെ.

സുധീരനെപ്പോലുള്ള ഒരു നേതാവിന്റെ രാജി കോണ്‍ഗ്രസ് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കോണ്‍ഗ്രസിനെ ഈ അവസ്ഥയിലാക്കിയ കാരണങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ഇനിയെങ്കിലും ശരിയായി വിലയിരുത്തണം.

സെമി കേഡര്‍ വാദം പറഞ്ഞു കൊണ്ട് കോണ്‍ഗ്രസ് അണികളെ അധികകാലം പറ്റിക്കാന്‍ കഴിയില്ല. സെമി കേഡര്‍ ആകുമ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ ഫുള്‍ കേഡര്‍ ആയാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ എന്താകുമെന്ന് സങ്കല്‍പ്പിച്ചു നോക്കാവുന്നതാണ്. ഏതാനും ചില വ്യക്തികളുടെ പൂര്‍ണ നിയന്ത്രണത്തില്‍ കോണ്‍ഗ്രസിനെ എത്തിക്കാന്‍ ശ്രമിക്കുന്നതില്‍ നേതൃത്വത്തിലെ തന്നെ ഒരു വിഭാഗത്തിനും അണികള്‍ക്കും ശക്തമായ പ്രതിഷേധമുണ്ട്.

ജനകീയ സ്വഭാവം നഷ്ടപ്പെടുമ്പോഴാണ് കോണ്‍ഗ്രസ് ദുര്‍ബ്ബലമാകുന്നത്. ജനകീയ സ്വഭാവമുള്ള കോണ്‍ഗ്രസുകാരെല്ലാം അസംതൃപ്തരാണ്. അവരെയൊക്കെ പുകഞ്ഞ കൊള്ളിയെന്നും പാത്രം നിറഞ്ഞു കവിഞ്ഞ് പുറത്തു പോയവരെന്നും പരിഹസിച്ചാല്‍ എങ്ങനെയാണ് കോണ്‍ഗ്രസ് മുന്നോട്ടു പോവുക? കോണ്‍ഗ്രസില്‍ നിന്ന് സി പി ഐ എമ്മിലേക്ക് വരുന്നവരെ കുപ്പത്തൊട്ടിയില്‍ വീണവരെന്നൊക്കെ അപമാനിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തണം.

കോണ്‍ഗ്രസ് നശിച്ചു കാണണമെന്ന് ആഗ്രഹിക്കുന്നവരല്ല ഞങ്ങള്‍. കോണ്‍ഗ്രസ് മുക്തഭാരതം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സുകുമാര്‍ അഴീക്കോട് ഒരിക്കല്‍ പറഞ്ഞു, ‘ കോണ്‍ഗ്രസുകാരനായി മരിക്കണമെന്നാണ് ആഗ്രഹം. പക്ഷേ എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചാല്‍ ഞാനെന്തു ചെയ്യും’. ഇപ്പോള്‍ കോണ്‍ഗ്രസുകാരും ഇങ്ങനെയാണ് ചിന്തിക്കുന്നത്.

ചെന്നായയുടെ വായിലേക്ക് ഇരയെ എത്തിച്ചു കൊടുക്കുന്ന കൊള്ളരുതായ്മകള്‍ കാരണമാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തകര്‍ന്നത്. ഇത് തിരിച്ചറിഞ്ഞ് സ്വയം തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here