കൊവിഡ് കാലത്ത് തദ്ദേശ സ്ഥാപനങ്ങളുടെ സേവനം മഹനീയമായിരുന്നു: മന്ത്രി കെ രാജൻ

കൊവിഡ് കാലത്ത് ആരോഗ്യ വിഭാഗത്തോടൊപ്പം തന്നെ തദ്ദേശ സ്ഥാപനങ്ങളുടെ സേവനവും മഹനീയമായിരുന്നെന്ന് മന്ത്രി കെ രാജൻ. ആർദ്രകേരളം പുരസ്‌കാരങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ മെഡിക്കൽ ഓഫീസ് (ആരോഗ്യം) കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കോർപറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ചു.

കൊവിഡിനെതിരെ അതിജീവനം നമുക്ക് സാധ്യമായി. ഇന്ത്യയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട്‌ ചെയ്തത് തൃശൂരിൽ ആയിരുന്നു. അന്ന് മുതൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ ഇപ്പോഴും മുടക്കവുമില്ലാതെ തുടരുന്നു. തദ്ദേശ സ്ഥാപനങ്ങൾ ഇക്കാലയളവിൽ ചെയ്ത സേവനങ്ങൾ മഹനീയമാണ്. കോവിഡിന് മുൻപും കോവിഡിന് ശേഷവും എന്നിങ്ങനെയാവും കാലം ഇനി അടയാളപ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു.

ആർദ്രകേരളം പുരസ്ക്കാരം വിവിധ കാറ്റഗറിയിലായി 20 ലക്ഷം രൂപയുടെ സമ്മാനത്തുക ജില്ലയ്ക്ക് ലഭിച്ചിരുന്നു. ആരോഗ്യ മേഖലയിൽ നൽകിയ സമഗ്ര സംഭാവനകൾക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നതാണ് ആർദ്രകേരളം പുരസ്കാരങ്ങൾ.

2018-2019 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനതലത്തിൽ കോർപറേഷൻ തലത്തിൽ തൃശൂർ കോർപറേഷന് രണ്ടാം സ്ഥാനം ലഭിച്ചു (5 ലക്ഷം രൂപ). ബ്ലോക്ക്‌ പഞ്ചായത്ത്‌ തലത്തിൽ ചേർപ്പ് ബ്ലോക്കിനാണ് രണ്ടാം സ്ഥാനം (5 ലക്ഷം രൂപ). ജില്ലാതലത്തിൽ തളിക്കുളം, മേലൂർ, പുന്നയൂർക്കുളം എന്നീ ഗ്രാമ പഞ്ചായത്തുകൾ യഥാക്രമം ഒന്ന് മുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങൾ ലഭിച്ചു. ഇവയ്ക്ക് 5 ലക്ഷം, 3 ലക്ഷം, 2 ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക.

ഈ കാലയളവിൽ ആരോഗ്യ മേഖലയ്ക്ക് വകയിരുത്തിയ ഫണ്ട്, നടപ്പാക്കിയ പദ്ധതികൾ, നൂതന ആശയങ്ങൾ, വിവിധ ആരോഗ്യ പരിപാടികളിൽ കൈവരിച്ച നേട്ടങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് അവാർഡ് നിർണയം നടത്തിയത്. സംസ്ഥാന/ജില്ലാ ടീമുകൾ നേരിട്ട് സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തിയതിന് ശേഷമാണ് സമ്മാനാർഹരെ തീരുമാനിച്ചത്.

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ ജെ റീന, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ രാഹുൽ യു ആർ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഡെപ്യൂട്ടി ഡി എം ഓ മാർ, പ്രോഗ്രാം ഓഫീസർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News