ദേവരാഗങ്ങളുടെ രാജശില്‍പിയ്ക്ക് ഇന്ന് 97 വയസ്

ദേവരാഗങ്ങളുടെ രാജശില്‍പി ദേവരാജന്‍ മാസ്റ്റര്‍ക്ക് ഇന്ന് 97 വയസ്സ്. പ്രണയത്തിന്‍റെയും വിപ്ലവത്തിന്‍റെയും വിരഹത്തിന്‍റെയും സുന്ദര ഈണങ്ങള്‍ മലയാളിയെക്കൊണ്ട് പാടിച്ച ദേവരാജന്‍റെ ഓര്‍മ പോലും ഒരു മധുരഗാനമാണ്.

മലയാളത്തിന്റെ വലിയ കവികളുടെ കവിതകൾ ഈണം നൽകി ആലപിച്ച്‌ കൊണ്ടായിരുന്നു മലയാള ഭാവ ഗാന ശാഖിയിലേക്കുള്ള ദേവരാജന്റെ കടിഞ്ഞൂൽ നടത്തം. കുമാരനാശാന്റെയും ചങ്ങമ്പുഴയുടെയും, വൈലോപ്പിള്ളിയുടെയും ഉൾപ്പെടെ പ്രസിദ്ധ കവിതകൾ സംഗീതം നൽകി അവതരിപ്പിച്ചു.

അമ്പതുകളിലെ ഇളകി മറിയുന്ന സാമൂഹ്യ രാഷ്ട്രീയ രംഗം. അനവധിയായ ജീവിതങ്ങൾ തുടലൂരിയെറിഞ്ഞ് കൊണ്ട് കായംകുളത്ത് ജനകീയ നാടകവേദി കെട്ടിപ്പടുത്തു. കൊല്ലം പരവൂരുകാരനായ ദേവരാജന് അടങ്ങിയിരിക്കാനായില്ല.

വയലാറിന്‍റെ തീപ്പിടിപ്പിക്കുന്ന വരികൾക്ക് മുകളിലൂടെ ദേവരാജന്‍റെ ഹാർമോണിയം മുദ്രാവാക്യം വിളിച്ച് മുന്നേറി. വിപ്ലവത്തിന്റെ പൊന്നരിവാളിനെ ഉലയിലൂതിക്കാച്ചാൻ അവരൊത്തുകൂടി. പാടുന്ന കരളിലേക്കും പോരാടുന്ന കരങ്ങളിലേക്കും ഊർജം പകർന്നുകൊണ്ട് അവർ കൂടെപ്പാടി.

വരികളിലെ കരുത്ത് അടഞ്ഞ വാതിലുകളെ തള്ളിത്തുറക്കാനാഞ്ഞപ്പോൾ കൂടെ നിന്ന് ദേവരാജൻ മാസ്റ്റർ ശ്രുതി ചേർത്തു. ഒഎൻവി- ദേവരാജൻ കൂട്ടുകെട്ട് കവിതയെ സംഗീതമാക്കുന്ന രാസപ്രക്രിയയായി മാറി.

മനുഷ്യനും പ്രകൃതിയും  സമന്വയിപ്പിച്ചുകൊണ്ടുള്ള സംഗീത സപര്യയായിരുന്നു ദേവരാജൻ മാസ്റ്ററുടേത്.പെരിയാറെ.., ചക്കരപ്പന്തലില്‍ തേന്‍മ‍ഴ ചൊരിയും, കായാമ്പൂ കണ്ണില്‍ വിടരും തുടങ്ങി എത്ര കേട്ടാലും മതിവരാത്ത എത്രയോ ഗാനങ്ങൾ. അവയെല്ലാം മലയാളത്തിലെ നിത്യഹരിത ഗാനങ്ങളായി മാറി.

ഒരു ജനതയുടെ മനസിൽ ദേവരാജൻ മാസ്റ്റർ തീർത്ത സംഗീതത്തിന്റെ വിസ്മയ ലോകം ഇന്നും അങ്ങനെ തന്നെയുണ്ട്. കായാമ്പൂവായും ഇന്ദ്രവല്ലരിയായുമെല്ലാം ദേവരാജൻ മാസ്റ്റർ ആസ്വാദകരുടെ മനസ്സുകളിൽ ജീവിക്കുകയായിരുന്നു. നന്ദി മാസ്റ്റർ. പാട്ടുകളുടെ ഹർഷവർഷം കൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളെ കുളിരണിയിച്ചതിന്. മലയാളിയായി ജീവിച്ച് മരിക്കാൻ ഒരു ജന്മത്തിന് കൂടി കൊതിപ്പിച്ചതിന്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News