ജാതി സെന്‍സസിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പുമായി ബിജെപി; സര്‍വകക്ഷിയോഗം വിളിക്കുമെന്ന് നിതീഷ് കുമാര്‍

ജാതി സെന്‍സസിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പുമായി ബിജെപി. സഖ്യ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടും ജാതി തിരിച്ചുള്ള സെന്‍സസ് നടത്തേണ്ടതില്ല എന്ന നിലപാടില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍. ബിജെപിയുടെ ഈ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വരും ദിവസങ്ങളില്‍ സര്‍വ കക്ഷി യോഗം വിളിക്കും എന്നും അറിയിച്ചിട്ടുണ്ട്.

ജാതി തിരിച്ചുള്ള സെന്‍സസ് വിഷയത്തില്‍ വലിയ ഭിന്നതയാണ് കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയില്‍ ഉളളത്. ജാതി സെന്‍സസ് നടത്താന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സഖ്യ കക്ഷികളോട് പോലും ചോദിക്കാതെ ഉള്ള ഈ ബിജെപി നടപടിയില്‍ ജെഡിയു പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ബീഹാറിന്റെ വികസനത്തിന് ജനവിഭാഗങ്ങളുടെ ജാതി തിരിച്ചുള്ള സെന്‍സസ് അനിവാര്യമാണ് എന്നാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞത്.

ഇക്കാര്യത്തില്‍ സര്‍വ കക്ഷി സമ്മേളനം വിളിച്ച് ചേര്‍ക്കുമെന്ന് ഞായറാഴ്ച ആണ് നിതീഷ് കുമാര്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം പത്ത് കക്ഷി നേതാക്കള്‍ക്ക് ഒപ്പം ഇതേ ആവശ്യം ഉന്നയിച്ച് നിതീഷ് കുമാര്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും പതിനൊന്ന് പാര്‍ട്ടികളുടെ യോഗം വിളിച്ച് ചേര്‍ത്തതിന് ശേഷം അമിത് ഷായെയും കണ്ടിട്ടുണ്ട്. എന്നാല് ഈ ആവശ്യങ്ങള്‍ എല്ലാം തള്ളി കളയുകയാണ് മോദി സര്‍ക്കാര്‍. അതെ സമയം ജാതി തിരിച്ച് തന്നെയാണ് ബിജെപി ഉത്തര്‍ പ്രദേശിലെ മന്ത്രി സഭാ പുനഃസംഘടന പൂര്‍ത്തിയാക്കിയത്.

പിന്നോക്ക വിഭാഗങ്ങള്‍ക്ക് മന്ത്രി സഭയില്‍ പ്രാധിനിധ്യം നല്‍കിയത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ജാതി സെന്‍സസ് പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന് പറയുമ്പോഴും ജാതി തിരിച്ച് വോട്ട് ബാങ്കിന്റെ കണക്ക് കൃത്യമായി ബിജെപി സൂക്ഷിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News