സാമ്പത്തിക തട്ടിപ്പ് കേസ്; മോൻസന്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുളള നീക്കവുമായി ക്രൈംബ്രാഞ്ച്

സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുളള നീക്കവുമായി ക്രൈംബ്രാഞ്ച്. അഞ്ച് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് എറണാകുളം എസിജെഎം കോടതിയിൽ അപേക്ഷ നൽകി. മോൻസൻറെ ജാമ്യാപേക്ഷയിലും അന്വേഷണ സംഘത്തിൻറെ കസ്റ്റഡി അപേക്ഷയിലും കോടതി നാളെ വിധി പറയും.

മോൻസന്‍ മാവുങ്കലിൻറെ സാമ്പത്തിക തട്ടിപ്പ് കേസിൽ വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പോലും തെറ്റായ വിവരങ്ങൾ വിശ്വസിപ്പിച്ചാണ് മോൻസന്‍ മാവുങ്കൽ തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയിൽ പറയുന്നു.

തട്ടിപ്പ് നടത്താനും ഇരകളെ തെറ്റിദ്ധരിപ്പിക്കാനും എച്ച് എസ് ബി സി ബാങ്കിൻറെ പേരിൽ വ്യാജ രേഖ ഉണ്ടാക്കിയെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. അതിനിടെ പരാതിക്കാർ പണം നൽകിയതിന് തെളിവില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മോൻസന്‍ ജാമ്യാപേക്ഷ നൽകി. മോൻസന്‍ നൽകിയ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് കോടതിയിൽ എതിർത്തു.

മോൻസൻറെ ജാമ്യാപേക്ഷയും അന്വേഷണസംഘത്തിന്റെ കസ്റ്റഡി അപേക്ഷയും എറണാകുളം സിജെഎം കോടതി ചൊവ്വാ‍ഴ്ച വീണ്ടും പരിഗണിക്കും. ഓൺലൈൻ വ‍ഴിയായിരിക്കും പ്രതിയെ കോടതിയിൽ ഹാജരാക്കുക. മോൻസൻറെ കസ്റ്റഡിക്കായി ക്രൈംബ്രാഞ്ച് കോടതിയിൽ പ്രൊഡക്ഷൻ വാറൻറ് സമർപ്പിച്ചിട്ടുണ്ട്.

ക‍ഴിഞ്ഞ ദിവസം മോൻസൻറെ കൊച്ചിയിലെ മ്യൂസിയത്തിലും ചേർത്തലയിലെ വീട്ടിലും ക്രൈംബ്രാഞ്ചും പൊലീസും സംയുക്തമായി പരിശോധന നടത്തിയിരുന്നു. മുപ്പതിലധികം ആഡംബര വാഹനങ്ങളാണ് കണ്ടെടുത്തത്. ചേർത്തലയിലെ പൊലീസ് സ്റ്റേഷനിൽ മോൻസനിൽ നിന്നും പിടിച്ചെടുത്ത ഒരു കാരവാൻ ഉൾപ്പെടെ 22ലധികം ആഡംബര വാഹനങ്ങളുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ശ്രീവത്സം ഗ്രൂപ്പ് ഉടമ രാജേന്ദ്രൻപിളളയിൽ നിന്നും 6.27 കോടി തട്ടിയ കേസിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. തിരികെ നൽകാനുളള പണത്തിന് പകരമായിരുന്നു ശ്രീവത്സം ഗ്രൂപ്പിന് ആഡംബര വാഹനങ്ങൾ നൽകിയത്. എന്നാലിവ വെളളപ്പൊക്കത്തിൽ കേടുപാട് സംഭവിച്ചവയായിരുന്നുവെന്ന് കണ്ടെത്തി. ഇതോടെ മോൻസനെതിരെ പരാതി നൽകുകയായിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ടും ക്രൈംബ്രാഞ്ച് ആലപ്പു‍ഴ ജില്ലാ എസ്പിക്ക് കൈമാറി. അതിനിടെ കൊച്ചിയിലെ വീടിന് പുറത്തായി സ്ഥാപിച്ച പൊലീസിൻറെ ബീറ്റ് ബോക്സ് എടുത്ത് മാറ്റി. ബീറ്റ് ബോക്സ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം പ്രഖ്യാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News