ആറാട്ടുപുഴ പെരുംപള്ളി തീരത്ത് കൂറ്റൻ തിമിംഗലത്തിൻ്റെ അവശിഷ്ടങ്ങൾ അടിഞ്ഞു

ആറാട്ടുപുഴ പെരുംപള്ളി തീരത്ത് കൂറ്റൻ തിമിംഗലത്തിൻ്റെ അവശിഷ്ടങ്ങൾ അടിഞ്ഞു. ഇന്ന് രാവിലെ 10. 30 ഓടെ ശക്തമായ തിരമാലയെ തുടർന്ന് തിമിംഗലത്തിൻ്റെ ശരീരഭാഗം കരയ്ക്ക് അടിയുകയായിരുന്നു. ഒരാഴ്ചയോളം പഴക്കംചെന്ന തിമിംഗലത്തിൻ്റെ ഉടലും വാൽ ഭാഗവും വേർപെട്ട രീതിയിലാണ് തീരത്ത് അടിഞ്ഞത്. വന്യജീവി സംരക്ഷണത്തിൽ ഉൾപ്പെട്ട ഫൈൻ വെയിൽ എന്ന ഇനം തിമിംഗലം ആണ് ഇതെന്ന് തിമിംഗലത്തിൻ്റെ ശരീരഭാഗം പരിശോധിച്ചശേഷം റാന്നി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീഷ് പറഞ്ഞു.

പത്ത് മീറ്റർ നീളവും, അഞ്ചു മീറ്റർ വണ്ണവും തിമിംഗലത്തിന് ഉണ്ട്. ഇതിൻറെ വയർ ഭാഗങ്ങൾ ഇല്ലാതിരുന്നതിനാൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് വിധേയമാക്കുവാൻ കഴിയില്ല എന്ന് പരിശോധന നടത്തിയ ആറാട്ടുപുഴ മൃഗാശുപത്രിയിലെ ഡോക്ടർ ബിനിൽ പറഞ്ഞു.

തിമിംഗലത്തിന് ശരീരഭാഗം അഴുകിയതിനാൽ അസഹനീയമായ ദുർഗന്ധമാണ് തീരത്ത് ആകെ ഉണ്ടായത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനുമതിയെ തുടർന്ന് ആറാട്ടുപുഴ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് തീരത്ത് തന്നെ കുഴി എടുത്ത് തിമിംഗലത്തിൻ്റെ ശരീരഭാഗങ്ങൾ മറവുചെയ്തു.

തിമിംഗലത്തിൻ്റെ ശരീരാവശിഷ്ടങ്ങൾ തീരത്തടിഞ്ഞതിൽ അസ്വാഭാവികതയില്ലെന്നും ശരീരം വേർപെട്ട നിലയിൽ കാണപ്പെട്ടത് ശക്തമായ തിരമാലയിൽ ഇവ തീരത്തടിഞ്ഞപ്പോൾ വേർപെട്ടതാകാമെന്നും അധികൃതർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here